നാം യാത്ര ചൊല്ലുന്ന-
യോരോ ഹസ്തദാനത്തിലും
നമുക്കിടയിലെ ദൂരത്തിൽ
ഒരു വേദന തിങ്ങാറുണ്ട്.
പരസ്പരമുള്ള നമ്മുടെ
നോക്കുകൾക്കിടയിൽ
നമ്മുടെ മനസ്സുകൾ
ഇറങ്ങിനടക്കുമ്പോൾ,
ആ വേദന വളർന്ന്,
നമ്മുടെ നെഞ്ചുകളെ
ശക്തമായി മുട്ടിയിടിക്കാറുണ്ട്.
യാത്രാമൊഴി ചൊല്ലുന്ന
നമ്മുടെ കൈകൾക്കുള്ളിൽ
ഞെരമ്പിലൂടെ പാഞ്ഞുപോകാറുണ്ട്
ചില മിന്നൽ വിരഹബോധങ്ങൾ,
അതിന്റെ താപം.
അവയിലൂടെ,
നമ്മൾ പിന്നീട് വായിക്കുവാൻ
സന്ദേശങ്ങൾ പായാറുണ്ട്.
നാഡിയുടെ ചിലയറ്റങ്ങളിൽ
അവയങ്ങനെ കെട്ടിക്കിടക്കും.
ചുവടുകൾ വച്ച്
അകന്നു തുടങ്ങുമ്പോൾ
പ്രാണനെ പിളർത്തും പോലെ
ആ വേദനയുടെ
കൊട്ടിക്കലാശമുണ്ട്.
നമ്മുടെ,
ഒന്നായ വേദന പോലും
അന്നേരം പിളരും.
ഒരു പാതി നിനക്ക്,
മറുപാതി എനിയ്ക്ക്.
കണ്ണെത്തും വരെ
തിരിഞ്ഞുനോക്കി
പാതികളായ നമ്മൾ
പാതികൾ കൊണ്ട്
രണ്ട് വഴിയ്ക്ക്.
അപ്പോൾ, ദൂരെ നിന്ന്
കള്ളത്തരം തുളുമ്പി നിൽക്കുന്ന
നിന്റെ ഒന്നാന്തരം നുണയുണ്ട്-
തിരികെ വരും വരെ
നമ്മുടെ ദിനങ്ങൾ
കൺചിമ്മും പോലെ പായുമെന്ന്.
ഒരു സെക്കൻഡിന്റെ ഭാഗങ്ങൾ
പെറുക്കിക്കൂട്ടി പിന്നെയിരിക്കും,
നീ അവിടെയും, ഞാനിവിടെയും.
മഠയാ!
നമ്മുടെ,
ഒന്നായ വേദന പോലും
പിളരുമെടോ.
ആ വേദനയ്ക്ക് പോലും
വേദനിക്കുമെടോ.
പിന്നെയാണോ,
നമുക്ക്…!
നുണകൾ പറയാതെടോ!
നിറഞ്ഞ്, പാതിയടഞ്ഞ
നിന്റെ കണ്ണുകൾ പോലും
ഒറ്റുകാരാണ്!