Jyothy Sreedhar

മുല്ലപ്പെരിയാര്‍

'മുല്ലപ്പെരിയാര്‍' എന്ന് കേട്ട് തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയെങ്കിലും, ഇപ്പോള്‍ നിലവിളിയ്ക്ക് ശക്തി കൂടിയിരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തെക്ക് മാറി കടലിലുണ്ടായ ഭൂകംബത്തോടെ ജനങ്ങള്‍ക്ക്‌ ഭയം വര്‍ദ്ധിച്ചിരിക്കുന്നു. വാര്‍ത്തകള്‍ വച്ചാല്‍ വെള്ളയുടുപ്പിട്ടവരും പിന്നെ കോട്ടും സൂട്ടും ഇട്ടവരും മാറി മാറി ആ പ്രകൃതി കണ്ടാസ്വദിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി കാണുന്നു. എന്നിട്ട് മൈക്കില്‍ ശബ്ദം വീണാല്‍ മുതല്‍ കുറെ കണക്കുകള്‍ പറഞ്ഞു ജനങ്ങളെ കുഴപ്പിക്കുന്നു. എല്ലാം ശരിയാവുമെന്നാണോ അവര്‍ പറഞ്ഞത് എന്ന് പോലും അറിയാന്‍ കഴിയാതെ എന്നെ പോലുള്ളവര്‍ നിര്‍വികാരജീവികളായി എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ആകെ മനസ്സിലാവുന്നത് ഒന്ന് മാത്രമാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഒരു ഭൂമികുലുക്കത്തെ ചെറുക്കാനുള്ള ശക്തിയില്ല. അത് തകര്‍ന്നാല്‍ കൊച്ചി അടക്കമുള്ള 3 ജില്ലകള്‍ ഒരു ഓര്മ മാത്രമായ് തീരും. അത്രെയേ അറിയേണ്ടതുള്ളൂ, നമുക്കും, എല്ലാവര്ക്കും...ആ വിദഗ്ധര്‍ക്ക് പോലും... ഒരു വിഷയത്തെ കുറിച്ച് കൂടുതലായുള്ള അറിവ് ഒരു ശാപമെന്ന് തോന്നുന്നു ഇക്കാര്യത്തില്‍. അതുകൊണ്ടാണ് ചര്‍ച്ച ചെയ്തിട്ടും ചെയ്തിട്ടും വെള്ള ഖദര്‍ ഇട്ടവര്‍ക്ക് തൃപ്തി വരാത്തതും, അവര്‍ കണ്ടു മടുത്ത ഇടുക്കി മാപ് വീണ്ടും വീണ്ടും നോക്കി, കൈ കൊണ്ട് മുകളിലൂടെ വരയ്ക്കുന്നതും. ഇതൊക്കെ കാണുമ്പോള്‍ ഒരു സിനിമ രംഗം മനസ്സിലേക്ക് വരുന്നു. പുഴയുടെ നടുവില്‍ ഒരു വഞ്ചിയില്‍ യാത്രക്കാര്‍ പോകുമ്പോള്‍ ഒരു യാത്രക്കാരന്‍ വാ തോരാതെ ദാര്‍ശനിക സിദ്ധാന്തങ്ങള്‍ വിളമ്പുന്നതും, സഹിക്കാന്‍ കഴിയാതെ ഒടുക്കം വഞ്ചിക്കാരന്‍ "തനിക്ക് നീന്തല്‍ അറിയാമോ" എന്ന് ചോദിക്കുന്നതും, "ഇല്ല" എന്നുത്തരം വരുമ്പോള്‍ "എന്നാ മിണ്ടാതിരി" എന്ന് പറയുന്നതും. ഏതാണ്ട് ആ ഗണത്തില്‍ പെടുത്തേണ്ടവര്‍ ആണ്, കുറെ കണക്കുകള്‍ പറഞ്ഞു കുറെ പേപ്പറുകള്‍ കാണിച്ചു വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന ഇപ്പറഞ്ഞ "വിദഗ്ധര്‍". ഡാം പൊട്ടിയാല്‍ "മാപും എടുത്ത്‌ ഇന്ന കാരണത്താല്‍, ഇന്ന സ്ഥലത്ത് നിന്ന് ഉത്ഭവിച്ച്, ഞങ്ങള്‍ വരച്ച ഈ വരയിലൂടെ വെള്ളം ഒഴുകി ഇതൊക്കെ സംഭവിച്ചു" എന്ന് പറയുന്നതിന് പകരം, "എന്റമ്മച്ചീ....ഓടിക്കോ..." എന്ന് പറയാന്‍ പോലും ആ ചേട്ടന്മാര്‍ ആ ഏരിയയില്‍ ഉണ്ടാവില്ല. ഒരുപാട് പഠിച്ചവരല്ലേ ഈ വിദഗ്ധര്‍? ഇതിനുള്ള ഒരു പരിഹാരത്തിന്റെ എങ്കിലും 'രൂപരേഖ' (അവരുടെ ഭാഷയില്‍) ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടോ അവര്‍! കൊച്ചിയുടെ ഹൃദയത്തില്‍ ലുലു ഉടനെ വരുന്നു എന്ന് കേള്‍ക്കുന്നു. ആര്‍ക്കാണ് ഉറപ്പ്! മലയാള സിനിമകളെ സ്തംഭിപ്പിച്ച സമരത്തിനു ശേഷം കുറെ ചിത്രങ്ങള്‍ ക്രിസ്മസ് റിലീസിന് എത്തുമെന്ന് കേള്‍ക്കുന്നു... ഉറപ്പുണ്ടോ ആര്‍ക്കെങ്കിലും! അത് പോയിട്ട് ആ ക്രിസ്മസോ 2012 എന്ന വര്‍ഷമോ കാണാന്‍ ഭാഗ്യമുണ്ടാവുമോ നമുക്ക്! കാത്തു കാത്തിരുന്ന ഒരു മെട്രോ റെയില്‍ ഉണ്ട് കൊച്ചിയുടെ സ്വപ്നങ്ങളില്‍... അത് ജലത്തിന്റെ അടിത്തട്ടില്‍ ശവമായി കിടക്കുന്നവരുടെ സ്വപ്നങ്ങളായി നശിക്കാതിരിക്കട്ടെ! നമ്മുടെ സ്വന്തമായ ആളുകളും, ബന്ധുത്വവും, നമ്മുടെ എത്രയോ അഭിമാനസ്തംഭങ്ങളും കാലങ്ങളുടെ, കോടികളുടെ വിയര്‍പ്പ് കൊണ്ട് കെട്ടിപ്പടുത്ത എത്രയോ രൂപങ്ങളും... മൂന്നു ജില്ലകളിലായി നഷ്ടം കണക്കുകളില്‍ ആവില്ല, ചരിത്രത്തില്‍ ആണ് അതിന്‍റെ സ്ഥാനം. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ കൊന്നു കളഞ്ഞതിലും എത്രയോ നീചമായാണ് നമ്മളുടെ ആളുകള്‍ നമ്മളെ കൊല്ലുവാന്‍ കാത്തു നില്‍ക്കുന്നത്. 20 ലക്ഷം ആളുകള്‍ മരിക്കും എന്നത് വെറും കണക്കാണ്. ഒരുപാട് ആലോചിച്ച് ലോജിക്കിന്റെ കാന്‍സര്‍ ബാധിച്ച ബുദ്ധിയുടെ കണക്ക്. മനസ്സുകൊണ്ട് ചിന്തിച്ചാല്‍ അതിന്‍റെ എത്രയോ ഗുണന സംഖ്യകള്‍ കൂട്ടിചേര്‍ക്കേണ്ടി വരും... ഈ വിദഗ്ധരോടും 'സന്ദര്‍ശന'മന്ത്രിമാരോടും എനിക്ക് പറയാനുള്ളത് ഇതാണ്... നിങ്ങളെ പോലെ അറിവോ പഠിപ്പോ ആസ്തിയോ ഒന്നും ഞങ്ങള്‍ക്കുണ്ടാവില്ല. മുങ്ങാന്‍ പോകുന്ന ആ നാടുകളില്‍ ഒരു വലിയ വിഭാഗം ആളുകള്‍ സ്വയം പണയം വച്ചാണ് അവരുടെതായ എന്തെങ്കിലും ഒന്ന് കെട്ടിപ്പടുക്കുന്നത്, അവരുടെ ആര്‍ക്കൊക്കെയോ വേണ്ടി ഓരോ നിമിഷത്തിലും വിയര്‍പ്പുതുള്ളികള്‍ തെറിപ്പിക്കുന്നത്. നാളെയ്ക്കുള്ള ഒരു വരിയെങ്കിലും അവരുടെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് അവരില്‍ ഓരോരുത്തരും ഉറങ്ങാന്‍ പോകുന്നത്. അതുകൊണ്ട് നിങ്ങളുടെ കണക്കുകളോ വരകളോ അല്ല ഞങ്ങള്‍ക്ക് വേണ്ടത്... ഒരു കൃത്യമായ പരിഹാരം... അതും എത്രയും പെട്ടെന്ന്. സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല. നിങ്ങള്‍ ഓരോ സന്ദര്‍ശനത്തിലും ഞങ്ങളെ നിഷ്കരുണം പുച്ചിക്കുന്നു എന്നത് നിങ്ങള്‍ അറിയുക. ദയവായ്‌ ഞങ്ങളെ രക്ഷിക്കുക... നാളെ ചൂണ്ടിക്കാട്ടാനെങ്കിലും സ്വന്തംനാട് വേണം ഞങ്ങള്‍ക്ക്...