മറന്നിട്ടില്ല. നിന്റെ കയ്യിലൂടെന്റെ മിഴിയിലേ- ക്കിറ്റുവീണ ജലരേഖകള്‍... അതിലെന്റെ ഹൃദയം ചോര്‍ത്തിയ ചോരച്ചാലിലേയ്ക്ക് ഊര്‍ന്നിറങ്ങുമോര്‍മ്മ. നീ മരിച്ചു. നാലുവര്‍ഷങ്ങള്‍ മുന്‍പിതേ ദിനത്തില്‍ എന്റെ ഉള്ളംകയ്യില്‍ പതിഞ്ഞ നിന്റെ ജാതകച്ചൂട്... പിരിയേണ്ടി വരുമെന്ന് നീ പറഞ്ഞിട്ടും പിരിയില്ലെന്നു ഞാന്‍ പറഞ്ഞത്... വിട്ടുകൊടുക്കില്ലെന്നു ഞാന്‍ പറഞ്ഞ് കൈ മുറുക്കി സ്വന്തമാക്കാന്‍ ശ്രമിച്ചത്... ഞാന്‍ വിഡ്ഢി. ഒന്നും കാര്യമാക്കാതെ, നീ മരിച്ചു. ഓര്‍മകള്‍ക്ക് നിന്റെ മുഖം കൊടുക്കുവാന്‍ മാത്രം. നിന്റെ പുഞ്ചിരിക്കു മുത്തുകോര്‍ത്ത സൌഹൃദമെന്ന മൂന്നക്ഷരങ്ങളുടെ പരസ്പരമുരസുന്ന ചെറുമണികള്‍ ഇന്നുമെന്റെ സ്വപ്നങ്ങളില്‍ കിലുങ്ങുന്നു. മധുരത്തേക്കാള്‍ മാധുര്യമാര്‍ന്ന മനസ്സിന്റെ ബന്ധം... നിന്റെ സ്നേഹം. നീ പകര്‍ന്നതതാണ്... ഒരു ജന്മത്തിന്റെ പാട്ടം. അതില്‍ വിളയെടുത്തത് പേമാരിയില്‍ നശിക്കാത്ത നഷ്ടബോധം. പിന്നെ എന്റെ ഓര്‍മ്മ, ഒരുവട്ടം പിറന്നാളില്‍ നീ കുറിച്ച നിന്റെ വാക്ക്- "അടുത്ത പിറന്നാളില്‍ ഞാനില്ല" യെന്ന്. അതില്‍ ഞൂണ്ടുപാര്‍ത്ത ഗുളികന്‍. വാക്ക് തെറ്റിക്കാതെ നീ പിരിഞ്ഞപ്പോള്‍ ഒറ്റയായത് എന്റെ ഉള്ളംകയ്യാണ്. അതിനു നിന്റെ കയ്യിലെ നേര്‍ത്ത വിയര്‍പ്പുതുള്ളികള്‍ പരിചിതം. അത് മാത്രം പരിചിതം. അതില്‍ ചെറുചൂടും കൂടിയ മരവിപ്പുമാണ്. അവിടെ നിന്നോട് ഞാന്‍ കൈ കോര്ത്തിരിക്കുന്നു. ഓര്‍ക്കുംതോറും കൈ മുറുക്കുവാന്‍ തോന്നുന്നു, ഓര്‍മകളെയെങ്കിലും വിട്ടുകൊടുക്കാതിരിക്കാന്‍. പക്ഷെ, എന്തിനാണ് നീ മരിച്ചത്? എന്നെക്കാള്‍ വലുതായി നിനക്കാരുണ്ടവിടെ! ഈ കവിത നീയാണ്, കവിതയ്ക്ക് മരണമില്ലാത്തതിനാല്‍ ഞാന്‍ കുറിച്ചത്. ഉള്ളംകയ്യില്‍ ചേര്‍ത്ത് പിടിച്ച ഈ പേനയില്‍ ഒന്നമര്‍ത്തി ഞാന്‍ ചുംബിച്ചാല്‍ അത് നിന്റെ നെറുകില്‍ പതിക്കുമെന്ന അറിവോടെ...