നിന്റെ പാതിയടഞ്ഞ മിഴിയിലാണ് എന്റെ കണ്ണീര്‍തുള്ളി കൊണ്ട് ഒരു പ്രണയം രചിച്ചത്... അന്നത്തെ പൊട്ടിയ കണ്ണാടിയിലാണ് ഞാന്‍ അത് കണ്ടത്... അറിഞ്ഞുകൊണ്ടല്ല. ഭാരം കൂടിയെന്നു നീയറിയുമ്പോഴേക്ക് ആ തുള്ളി താഴേക്കൂര്‍ന്നിരുന്നു, തന്‍റെ ഭാരം ഭൂമിയില്‍ അര്‍പ്പിച്ച്... മറ്റു വേരുകളില്‍ നിന്നും മാറി താഴേക്കു താഴേക്കു പതിച്ചു അടിത്തട്ടിലെ അണുവായി ഉള്‍വലിഞ്ഞു. നിറമില്ലാത്ത അന്ധകാരത്തില്‍ കാണപ്പെടാത്ത ഒരു മണ്‍തരിയില്‍ അതൊരു ഭൂഗോളമായ് മാറി. തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന ഒരു കടലിന്‍റെ ഉത്ഭവം ആ തുള്ളിയിലാണ്, അത് ചെറുതായിരുന്നില്ല.. അതവിടെയുണ്ടെന്ന അറിവോടെ ഞാന്‍ എന്റെ ഭൂമിയില്‍ അലഞ്ഞു... നീ എന്റെ ആകാശത്തും. എത്ര തന്നെ ഭൂമിയുരുണ്ടാലും എത്രയാകാശം ഇടിഞ്ഞു വീണാലും എന്റെ മടക്കം അതിലേക്കു തന്നെ. മണ്ണോടുമണ്ണായ് ഞാന്‍ അലിയുമ്പോള്‍ എന്റെ വരണ്ട കണ്ണുകള്‍ വേര്‍പെട്ട തുള്ളിയെ എടുത്തണിയും. അതിന്റെ തിളക്കമായ് മാറും എവിടെയെന്ന് കണ്ടെത്താനാകാതിരുന്ന എന്റെ മനസ്സ്. ഞാന്‍ അറിയുന്നു... എന്റെ അവസാന മയക്കം നിനക്കായ് ഇറ്റുവീണ കണ്ണീര്‍തുള്ളിയിലെന്ന്... നിന്റെ അവസാനം എന്റെ മാറിലെ നിന്റെ ദഹനത്തില്‍ നിന്ന് ആകാശത്തേക്കുയര്‍ന്ന പുകച്ചുരുളിലും... വേര്‍പാട് എനിക്കാദ്യമല്ല... അന്ത്യവും... എന്റെ ജന്മം സാക്ഷി. മരണം... ശേഷം, പ്രണയം, കൂടെ ഞാന്‍...