മാറാപ്പും തോളിൽ ചുമന്നു നടക്കുന്നവനാണ് മനുഷ്യൻ, ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ജനിക്കുന്നത് ഒരിടത്ത്, വളരുന്നത് മറ്റൊരിടത്ത്, പഠിക്കുന്നതും ജോലി ചെയ്യുന്നതും പിന്നെ വിവാഹശേഷം താമസിക്കുന്നതും ഒക്കെ ഓരോ സ്ഥലത്ത്. ഇതിനിടയിൽ, "താങ്കൾ എവിടെ നിന്നാണ്?" എന്നൊരു ചോദ്യം കേട്ടാൽ മനസ്സിൽ ഒരു നൂറു ചിത്രങ്ങൾ തെളിയും. അതിൽ നിന്ന് ഒന്നെടുത്തു തല്കാലം തലയൂരുകയെ നിവൃത്തിയുള്ളൂ. പെരുവഴിയംബലങ്ങൾ പോലെ ഓരോ ഇടത്തെയും ചൂണ്ടിക്കാട്ടാം! ഒരു സ്ത്രീ ആണെങ്കിൽ പറയുകയേ വേണ്ട. വിവാഹിതയായ ഒരു സ്ത്രീ നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ പ്രയാസകരമായ ഒരു കാര്യമാണ്. സാഹിത്യത്തിൽ മീന അലക്സാണ്ടർ എന്ന ഇന്ത്യൻ എഴുത്തുകാരിയും ഒട്ടേറെ കനേഡിയൻ കവയിത്രികളും എഴുതി ആഘോഷിച്ചിട്ടുള്ളതാണ് ഈ പറിച്ചുനടലിനെ കുറിച്ച്. അവരുടെ പല സ്ത്രീ കഥാപാത്രങ്ങളും കണ്ണാടിയിൽ നോക്കി "ഞാൻ എവിടുത്തുകാരിയാണ്" എന്ന് കരഞ്ഞു ചോദിക്കുന്നത് വായിക്കുമ്പോൾ ഞാനും ഓർക്കാറുണ്ട് അതിന്റെ മൂര്ധന്യാവസ്ധയെ കുറിച്ച്. ഒരു പ്രവാസി ഏറ്റവും കൂടുതൽ നേരിടുന്ന അവസ്ഥ ഇത് തന്നെയാണ്, തന്നെ മുഴുവനായി സ്വന്തമാക്കുന്ന ഒരു സ്ഥലം ഇല്ലാതിരിക്കുന്നത്. നാട്ടിലുള്ളപ്പോൾ ദുബൈക്കാരനും, ദുബായിൽ ആയിരിക്കുമ്പോൾ കൊച്ചിക്കാരനും എന്ന അവസ്ഥ പരിതാപകരമാണ്. മലപ്പുറത്ത് ജനിച്ച് , ഡൽഹിയിൽ വളർന്ന് , ചെന്നൈയിൽ പല ഇടത്തായി ജോലി ചെയ്തു ഇപ്പോൾ കോഴിക്കോട്ടേക്ക് മാറിയ എന്റെ ഒരു സുഹൃത്തിന് ഇന്ത്യയിലെ ഒരു വൊട്ടെർസ് ഐഡന്റിറ്റി കാർഡ് ഇല്ല. അതെടുക്കാൻ ചെന്നയിടത്തൊക്കെ അവിടുത്തുകാരനല്ല എന്ന മറുപടിയാണ് കേട്ടതത്രേ. പാസ്പോർട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ "ഈ വിലാസം എടുക്കാൻ സാധിക്കില്ല" എന്ന മറുപടി കേട്ട് ആ ഉദ്യമം തല്കാലം നിർത്തിവയ്ക്കേണ്ടി വന്ന ആളാണ് ഞാൻ. ഈ നടപടികളുടെ പേരിൽ സര്ക്കാരിനോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു അന്ന്. എന്നെ ഉൾക്കൊള്ളാത്ത ഇന്ത്യ എന്റെ രാജ്യമല്ല എന്നും ചിന്തിച്ചു കൂട്ടിയിരുന്നു. ഭാഗ്യത്തിന് ഒരു ആധാർ കാർഡിലൂടെ ഞാൻ ഇന്ത്യക്കാരിയായി. പക്ഷെ ഇന്ത്യയിൽ എവിടെയാണ് എന്ന് ചോദിച്ചാൽ ആലുവ , പെരുമ്പാവൂർ, അങ്കമാലി, ചെന്നൈ, ഇപ്പോൾ കോഴിക്കോട് എന്ന റൂട്ട് ആണ് ഞാൻ പറയുക, ഒരു നിശ്ചിതമായ സ്ഥലത്തിനു പകരം. ഇന്നത്തെ മനുഷ്യാവസ്ഥയെ കുറിച്ച് ഒരു ചിത്രം വരയ്ക്കാൻ പറഞ്ഞാൽ ഒട്ടും തന്നെ ആലോചിക്കാതെ എനിക്ക് വരയ്ക്കാൻ കഴിയും. കാലത്തിന്റെ, കടലിന്റെ കുത്തൊഴുക്കിൽ പെട്ട് ആടിയാടി, ഓരോ തീരം ഒന്ന് തൊട്ടു പിൻവാങ്ങി മറ്റൊരു ദിശയിലേക്കു പോകുന്ന ഒരു വഞ്ചി. കടലിന്റെതല്ലാത്ത... തീരങ്ങളുടെതല്ലാത്ത... ആകാശത്തിന്റെതല്ലാത്ത... ഭൂമിയെ തൊടാത്ത... മണ്ണിന്റെ നിറമുള്ള ഒരു ചെറുവഞ്ചി. http://www.tharamginionline.com/articles/viewarticle/260.html