Jyothy Sreedhar

ഭ്രാന്തന്‍

ഇന്ന് രാവിലെ, തലമുടിയെ താലോലിച്ച് എണ്ണതേച്ചു കൊണ്ട് നിന്നപ്പോള്‍ ഓര്‍ത്തത്‌ ചെന്നൈയില്‍ അങ്ങിങ്ങായി ജീവിച്ചിരിക്കുന്ന എന്റെ കൊഴിഞ്ഞ മുടികളെ കുറിച്ചാണ്. അതോടെ, ഇപ്പോള്‍ തലയിലുള്ള മുടിയോടുള്ള സ്നേഹം അങ്ങ് കൂടി. നല്ല വൃത്തിയായി വീണ്ടും തേച്ചു മിനുക്കി തുടങ്ങി. അപ്പോഴാണ്‌ ഒരു പരിചിതമായ ശബ്ദം ദൂരെ നിന്ന് കേട്ടത്. ഒന്നും ആലോചിക്കേണ്ടി വന്നില്ല, ഉടനെ പറഞ്ഞു പോയി... "ഹായ്‌.. അമ്മേ, ദേ ആ ഭ്രാന്തന്‍...". (കിറുകൃത്യമായി അതായിരുന്നു ഞാന്‍ പറഞ്ഞത്.) എന്റെ ആ വാക്കില്‍ അത്ര സന്തോഷം ഉണ്ടായിരുന്നു. ഒരിക്കല്‍, എന്റെ സ്വന്തം ഭ്രാന്തന്‍ എന്ന് പറഞ്ഞു ഞാന്‍ അയാളെ വാക്കുകൊണ്ടെങ്കിലും സ്വന്തമാക്കിയിരുന്നു... സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു ദിവസം അയാളെ ആദ്യമായി കണ്ടത് എന്നാണെന്റെ ഓര്മ. ആദ്യം ഭയമായിരുന്നു. വീടിനു മുന്നിലൂടെ നീണ്ടുപോകുന്ന റെയില്‍പാളമാണ് അയാളുടെ പ്രിയപ്പെട്ട വഴി. ഞാന്‍ വളരുന്നതിന്റെ കൂടെ അയാളെ കുറിച്ചുള്ള എന്റെ അറിവ് വര്‍ധിച്ചു. ഇംഗ്ലീഷില്‍ ഒരു വാക്ക് പോലും പറയുന്നവരെ ആരാധിച്ചിരുന്ന എന്റെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ അയാളോട് എനിക്ക് തോന്നിയ ആദരവാണ് പിന്നീടുള്ള എന്റെ ഓര്മ. അയാള്‍ 'എന്തോ ഭാഷ' പറയുന്നു എന്നേ എനിക്ക് മനസ്സിലായിരുന്നുള്ളൂ. പിന്നീടാണ് അത് ഇംഗ്ലീഷ് ആണെന്നും, അത് നല്ല മുന്തിയ ഇനം ഇംഗ്ലീഷ് ആണെന്നും ഒക്കെ മനസ്സിലാവുന്നത്. പിന്നീട് ആദരവ് കലര്‍ന്ന ഒരു കൌതുകം അയാളെ കുറിച്ചുണ്ടായി എന്റെ കോളേജ് കാലഘട്ടത്തില്‍.. അയാളെ കുറച്ച് ദിവസം കണ്ടില്ലെങ്കില്‍ റെയിലില്‍ അങ്ങോളം ഇങ്ങോളം ഞാന്‍ നീട്ടിനോക്കുമായിരുന്നു. കുറെ നാള്‍ കണ്ടില്ല. ഒരു ദിവസം റെയില്‍ കടന്നു വരുമ്പോള്‍ അയാള്‍ വരുന്നു. ഇത്ര അടുത്ത് പേടിയില്ലാതെ ഞാന്‍ ആരാധിക്കുന്ന ആ രൂപത്തെ ആദ്യമായി കാണുന്നത് അന്നാണ്. വലതു കയ്യുയര്‍ത്തി, നല്ല ശക്തമായ ശബ്ദത്തില്‍ മലയാളം ലവലേശം കലരാത്ത ഉച്ചാരണ ശുദ്ധിയുള്ള ഇംഗ്ലീഷ്. എന്റെ കോളേജിലെ എന്റെ ഇംഗ്ലീഷ് അധ്യാപകര്‍ എത്രയോ ചെറുതെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്‌. കുറച്ച് നേരം പതിയെ നടന്ന്, അയാളെ ശ്രദ്ധിച്ചു, അയാള്‍ പറയുന്നതും. വര്‍ഷങ്ങളെ കുറിച്ചൊക്കെ പ്രത്യേകം അയാള്‍ പലതും പറഞ്ഞു കൊണ്ടിരുന്നു. ഇന്ത്യ എന്ന വാക്ക് അയാള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പറഞ്ഞ ഏതോ വര്‍ഷങ്ങളെ കുറിച്ച് ഞാന്‍ വീട്ടില്‍ വന്നു നോക്കിയതും അതൊക്കെ ഇന്ത്യ ചരിത്രത്തിലെ പ്രധാന വര്‍ഷങ്ങള്‍ ആണെന്ന് മനസ്സിലാക്കുകയും ഞാന്‍ ചെയ്തിരുന്നു. അയാളുടെ ധൈര്യപൂര്‍വ്വമായ ശബ്ദം എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. ചങ്കൂറ്റമുള്ള ഭാഷ. പല കുറി എന്റെ ഡയറി താളുകളില്‍ അയാള്‍ നിറഞ്ഞിട്ടുണ്ട്. വാക്കുകളിലെ ശക്തിയും, ഇംഗ്ലീഷ് ഉച്ചാരണവും- അതെല്ലാം എനിക്കെന്നെങ്കിലും കിട്ടിയെങ്കില്‍, എന്ന് ഞാന്‍ വല്ലാതെ ആശിച്ചു പോയിട്ടുണ്ട്. അയാള്‍ നടക്കുമ്പോള്‍ പിടിച്ചു നിര്‍ത്തി, നിങ്ങളാരാണ്, ആരായാലും നിങ്ങളെ ഞാന്‍ ആരാധിക്കുന്നു എന്ന് പറയാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ഇന്ന് പലപ്പോഴും ഇന്‍റര്‍നെറ്റില്‍ അങ്ങിങ്ങായി സമൂഹത്തോടുള്ള, രാജ്യത്തോടുള്ള പ്രതിഷേധമൊക്കെ ഞാന്‍ കുറിക്കുമ്പോള്‍, വെറുതെ അയാളെ ഓര്‍ക്കാറുണ്ട്. അയാളുടെ വാക്കുകളുടെ ശക്തി ആണ് അപ്പോഴൊക്കെ എന്റെ ലക്‌ഷ്യം. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എന്റെ ഉള്ളില്‍ അയാള്‍ ചെലുത്തിയ സ്വാധീനം ഇന്നോളം വളര്‍ന്നിട്ടേ ഉള്ളൂ. ആരാധന തന്നെയാണ് ഇന്നുമെനിക്ക്. ഇന്ന് വീട്ടില്‍ നിന്ന് മാറി ചെന്നൈയില്‍ താമസിക്കുമ്പോഴും അയാളെ ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. തെല്ലും ചീകിവയ്ക്കാത്ത ചെമ്പിച്ച മുടിയും വലിയ താടിയും അതിനിടയില്‍ കാണുന്ന ചുളിഞ്ഞ മുഖത്തെ ശക്തമായ പൌരഷവും പരിഹാസവും, ഒറ്റ നോട്ടത്തില്‍ ആരെയും ദഹിപ്പിക്കുന്ന തീക്ഷ്ണത, ഇളംകാപ്പി നിറത്തിലുള്ള കീറിപ്പറിഞ്ഞ ഇന്നത്തെ രീതിയിലുള്ള വേഷം...അതിനോട് കിടപിടിക്കുന്ന ശബ്ദം, സംസാരം. ഒട്ടേറെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അയാളുടെ ആ ശബ്ദം ഇന്ന് ദൂരെ നിന്ന് കേട്ടത്. ഒറ്റ കേള്‍വിയില്‍ ഞാന്‍ അയാളെ തിരിച്ചറിയുകയും ചെയ്തു. കാണാന്‍ കഴിയും മുന്‍പ് അയാള്‍ ഒരു പൊട്ടു പോലെ മാഞ്ഞു. എന്നോളം പഴക്കമുള്ള എന്റെ ഭ്രാന്തില്‍ അയാളോളം പഴക്കമുള്ള അയാളുടെ തിരിച്ചറിവുകള്‍ കുത്തിവയ്ക്കാന്‍ ഞാന്‍ കൊതിക്കുന്നു. സമൂഹം പണ്ടേ പുറം തള്ളിയ ഒരാളാണ് അയാള്‍. ഭാഗ്യവാന്‍! ഞാന്‍ സമൂഹം എന്നതില്‍ വിശ്വസിക്കാത്ത ഒരാള്‍. അയാളെ പോലെ ഭാഗ്യം ഉണ്ടാകുവാന്‍ ശ്രമിക്കുന്ന ആള്‍. തത്വങ്ങള്‍ ആയാലും, ഇംഗ്ലീഷ് ആയാലും അത് പറയുമ്പോള്‍ ഇടയ്ക്കെങ്കിലും അയാള്‍ മനസ്സില്‍ നിറയാറുണ്ടെനിക്ക്. സന്തോഷം, അയാള്‍ മരിച്ചിട്ടില്ല എന്ന് അറിഞ്ഞതില്‍... ഈ ഭൂമിയില്‍ അയാള്‍ വേണം...സമൂഹത്തിന്‍റെ അഹന്തയ്ക്കുള്ളില്‍ അതിന്റെ വിഡ്ഢിത്തമുള്ള നിയമങ്ങളെ പുച്ചിക്കുന്ന അയാള്‍. ഒരു റെയില്‍പാതയുടെ അനന്തതയിലൂടെ സാങ്കല്പികമായെങ്കിലും അയാള്‍ നടക്കുമ്പോള്‍, ഒരു റെയിലരികിന്റെ പരിമിതിയില്‍ നിന്ന് അയാളെ ഞാന്‍ ആരാധിക്കും... അയാള്‍ മരിച്ചാലും, ഞാന്‍ മരിക്കുവോളം... എത്ര എണ്ണതേച്ചു മിനുക്കിയാലും അയാളുടെ തലമുടിയുടെ പൌരുഷം എനിക്കന്യമാണ്. എന്‍റെ ഇന്നത്തെ തിരിച്ചറിവ് അതാണ്‌. :