ഭൂമിയുടെ അളവുകൾ
നിനക്ക് തെറ്റുന്നുവല്ലോ,
പിന്നെയും.
എന്നിൽ നിന്നകന്നതായ് പ്രഖ്യാപിച്ച്,
എന്നോട് പുറംതിരിഞ്ഞു നിൽക്കുമ്പോൾ,
നിന്നിൽ നിന്ന് എന്നിലേയ്ക്ക്
ഭൂമിയുടെ ചുറ്റളവാണ് ദൂരമെന്ന്
നീ തെറ്റിദ്ധരിക്കുന്നു.
തിരിഞ്ഞു നോക്കിയാൽ, പക്ഷെ,
ഒരു കാലടിയുടെ വ്യത്യാസത്തിൽ,
നിനക്ക് തൊട്ടു പിന്നിൽ,
നിന്നെ നോക്കിയുള്ള
എന്റെ പുഞ്ചിരി കാണാം.
നീ കണ്ടില്ലെന്ന് കരുതി
എന്റെ അടുപ്പം
ഉണ്ടാവാതിരിക്കുന്നില്ല.
നിനക്ക് കണക്കുകൾ തെറ്റിയെന്നു കരുതി
കണക്കുകൾക്ക് സ്വയം തെറ്റുന്നുമില്ല.