Jyothy Sreedhar

ഭിത്തി

നിനക്കായി ഞാന്‍ തുറന്ന വാതില്‍ മുന്‍പുണ്ടായിരുന്നില്ല.

അന്നോളമത്, ഒരു കൂറ്റന്‍ ഭിത്തിയായിരുന്നു, വാതിലുകള്‍ ദൃശ്യമാക്കാത്തയൊന്ന്.

ലോകവും ഞാനും തമ്മിലുള്ള ദൂരത്തെ ഉയരെ, നീളെ, പ്രകടമാക്കുന്ന അടച്ചുറപ്പുള്ള ഭിത്തി.

അതെന്‍റെ പ്രഖ്യാപനമായിരുന്നു- ആരും വരേണ്ടതില്ലെന്ന, ഉറച്ച ഒരു വാക്ക്.

അവിടെ ഒരു വാതില്‍ ഉണ്ടെന്നു കണ്ടത് നീ മാത്രമായിരിക്കും, ഇന്ന് വരെ. എങ്ങനെയെന്നറിയില്ല.

നിന്‍റെ കണ്ണില്‍ പതിഞ്ഞ്, ഞാന്‍ കണ്ട വാതിലിന്‍റെ പ്രതിബിംബം നോക്കി ഞാന്‍ അത്ഭുതപ്പെട്ടു, അന്ന്.

നീ അതില്‍ തൊടുന്നതിനു മുന്‍പ് പൂട്ടുകള്‍ നിനക്കായി തുറക്കുന്നതും, നിന്‍റെ വഴി ഇതെന്ന്‍ അറിയും പോലെ, കൈപ്പാട് പതിച്ച് നീ ഉറപ്പോടെ കയറുന്നതും കണ്ട് ഞാന്‍ അമ്പരന്നു.

അത്ര നാള്‍, ചുറ്റും ഭിത്തിയില്‍ ഞാന്‍ കുറിച്ചിരുന്ന എന്‍റെ സന്ദേശങ്ങളത്രയും നിനക്ക് ചുറ്റും, നീ കാണെ, വായുവില്‍ ഒഴുകിനിന്നത് ഞാനോര്‍ക്കുന്നു.

ഞങ്ങള്‍ നിനക്കുള്ളതാണെന്നു പറഞ്ഞു അവ നിനക്ക് മുന്നില്‍, സ്വയം കീഴടങ്ങിയതായി അന്നെനിക്ക് തോന്നി. നിന്നെ പ്രണയിച്ചുതുടങ്ങിയത് അന്നാണ്.

ഓരോ വാക്കിനെയും, അക്ഷരത്തെയും, അപ്പൂപ്പന്‍താടികളെ പോലെ മൃദുവായി നീ കയ്യിലെടുത്ത്, ഉമ്മ വച്ച്, ആ കാറ്റില്‍ പറത്തുന്നത് എനിക്ക് കൌതുകമായിരുന്നു.

അവ അകലാതെ, നിനക്ക് ചുറ്റും, എനിക്ക് ചുറ്റും, നമുക്ക് ചുറ്റും പറക്കുന്നതിനെ, നീയവയെ താലോലിക്കുന്നതിനെ, ഞാന്‍ ഇഷ്ടപ്പെട്ടു.

എന്‍റെ ജീവന്‍ തുടിക്കുന്ന എന്‍റെ കൈപ്പട പോലും നിന്‍റെ സ്പര്‍ശത്തില്‍ നാണം കുണുങ്ങിയിരുന്നു.

കൊത്തിവച്ച വാക്കുകള്‍ അടര്‍ന്നപ്പോള്‍ ഇടിഞ്ഞു വീണ ഭിത്തിയെ നോക്കി ഒരു മായക്കണ്ണനെ പോലെ നീ ചിരിച്ചതോര്‍ക്കുന്നു.

ഭിത്തികള്‍ ഇല്ലാതെ, മറകള്‍ ഇല്ലാതെ, നഗ്നമായ ആത്മാവുമായി നിന്‍റെ പ്രണയിനിയായി ഞാന്‍ പരിണമിക്കുമ്പോള്‍ ലജ്ജ തോന്നിയില്ല.

ജന്മങ്ങള്‍ക്കിടയിലെ പരിചിതമായ കാലത്തില്‍ നിന്നെന്ന പോലെ ഒരോര്‍മ്മ- അന്ന് ഞാനും നീയും, ദേഹങ്ങള്‍ ഏറ്റുവാങ്ങാത്ത ആത്മാക്കളായി ജീവിച്ച പോലെ, ഒരു മിന്നല്‍ ദൃശ്യം.

പിന്നെ, നിശബ്ദമായി, ഭിത്തികള്‍ വീണ്ടും ഉയരുന്നു.

നമ്മെ കാണാനാകാത്ത, സ്പര്‍ശിക്കാനാകാത്ത, സ്വന്തമാക്കാനാകാത്ത, ഒരു ദൂരം. നീളെ, ഉയരെ.

അപ്പുറത്ത്, നമ്മിലെത്താനാകാതെ കിതയ്ക്കുന്ന ഒരു ലോകം.