നമുക്കിടയിലുള്ള ദൂരങ്ങളെ കണ്ട് നിനക്കു ഭയന്നോടാമായിരുന്നു. നിന്‍റെ പ്രണയത്തിന് ഞാന്‍ യോഗ്യയല്ലെന്നു നിനക്ക് വിധിയെഴുതാമായിരുന്നു. ഒരു വാക്ക് കൊണ്ടെന്നെ നിഷേധിച്ച് നിനക്ക് പിരിയാമായിരുന്നു.
പക്ഷെ, ഒരു ഞൊടിയില്‍, നീ എന്‍റെ കൈപിടിച്ചപ്പോള്‍, ദൂരങ്ങള്‍ക്കു മീതെ, ത്യജിക്കാനാവാത്ത അടുപ്പമാണ് ഉത്തരമായി നീ തന്നത്. ആകാശത്തോളം ഉയര്‍ന്ന ഭിത്തികള്‍ നമുക്കിടയില്‍ പണിയപ്പെടുമ്പോഴും നിന്‍റെ പ്രണയജ്വാലയുടെ മൂര്‍ച്ച കൂടുന്നതെയുള്ളൂ എന്നു ഞാന്‍ കണ്ടു.
എനിക്കു ഭയമാണ്.
നിന്‍റെ പുണരുന്ന കരങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണതയെത്തുന്ന, ദുര്‍ബലമായ എന്‍റെ സ്ത്രീത്വത്തെ, അതിനുള്ളില്‍ തോന്നുന്ന ധൈര്യത്തെ;
നിന്‍റെ ശബ്ദത്തിന്‍റെ ഒരു കണികയാല്‍ എല്ലാം മറന്നു നിന്നില്‍ ലയിക്കുന്ന അബോധമായ എന്‍റെ മനസ്സിനെ, തടയാന്‍ ശ്രമിക്കുന്ന എന്‍റെ ബോധത്തെ;
നിന്‍റെ മുഖവുമായ് മാത്രം വിടരുന്ന എന്‍റെ സ്വപ്നങ്ങളെ, ദിനങ്ങളെ, എന്‍റെ നിദ്രകളെ, നിന്നോടൊപ്പമുള്ളപ്പോള്‍ എന്‍റെ ഓര്‍മ്മകളെ, എന്‍റെ മറവികളെ;
നിനക്കപ്പുറം പ്രപഞ്ചമില്ലെന്നും നീയില്ലാതെ ഋതുക്കളില്ലെന്നും നിനക്കായല്ലാതെ നിമിഷങ്ങളില്ലെന്നുമുള്ള തിരിച്ചറിവുകളെ.
എനിക്കു ഭയമാണ്. നീയല്ലാത്തതിനോടെല്ലാം,.
മനസ്സില്‍, കാലങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട നന്ദിതയുടെ വരികള്‍ എഴുതപ്പെടുന്നു:
"നിന്‍റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍ എന്‍റെ നിദ്ര നരയ്ക്കുന്നതും നിന്‍റെ പുഞ്ചിരിയില്‍ എന്‍റെ കണ്ണീരുറയുന്നതും നിന്‍റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും എന്‍റെ അറിവോടു കൂടിത്തന്നെയായിരുന്നു. എനിക്കു രക്ഷപ്പെടണമെന്നുണ്ടായിരുന്നു; പക്ഷെ... ഞാന്‍ തടവുകാരിയായിരുന്നു, എന്‍റെ ചിന്തകളുടെ."