Jyothy Sreedhar

ഭക്ഷണം- ഒരു ചെറുലേഖനം.

ഓര്‍മ വച്ച കാലം മുതല്‍, എന്റെ സ്കൂള്‍കാലഘട്ടം കഴിയും വരെയെങ്കിലും ഞാന്‍ ഒരു വലിയ പിടിവാശിക്കാരിയായിരുന്നു. പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളില്‍. എനിക്ക് എന്റേതായ ഒരുപാട് നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. കഴിക്കുന്നതില്‍ കൂടുതല്‍ കഴിക്കാത്തവ. പച്ചചീര കഴിക്കില്ല, ചുവന്ന ചീരയാണെങ്കില്‍ തൈരിന്റെ കൂടെ കഴിക്കും. ഇഡ്ഡലിമാവുള്ള ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഇഡ്ഡലി ഉണ്ടാക്കിയാലും ദോശയേ ഞാന്‍ കഴിക്കുമായിരുന്നുള്ളൂ. അതും ചമ്മന്തിയുടെ കൂടെ മാത്രം അതിന് അനുവാദം. ഏതോ ദിവസം 'കറന്‍റ് ഇല്ല, സാമ്പാറിന്റെ കൂടെ ദോശ കഴിച്ചു കൂടെ'  എന്ന് അമ്മ എത്ര അപേക്ഷിച്ചിട്ടും കേള്‍ക്കാതെ, അമ്മയെ കൊണ്ട് ഞാന്‍ അമ്മിക്കല്ലില്‍ ചമ്മന്തി അരപ്പിച്ചിട്ടുണ്ട്. അന്ന് അമ്മ ഗവണ്മെന്റ് ഉദ്യോഗസ്ഥ ആയിരുന്നു- ഫാര്‍മസിസ്റ്റ്‌. എന്‍റെ ഉച്ചഭക്ഷണം കൃത്യമായി വച്ച്, എന്‍റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എനിക്കിഷ്ടമുള്ള പ്രാതല്‍ തന്ന്‍ എന്നെ ഒരു കണക്കിന് പറഞ്ഞു വിട്ട്, വീട്ടിലെ മറ്റംഗങ്ങളുടെ കാര്യങ്ങളും നോക്കി അമ്മ ജോലിയ്ക്ക് പോകുമായിരുന്നു. തിരിച്ചു വന്നാല്‍ ഉച്ച ഭക്ഷണത്തെ ചൊല്ലി ചില ദിവസങ്ങളില്‍ ഞാന്‍ പരാതി പറയും. അമ്മ കോഴിക്കോട്‌ ജോലി ചെയ്തിരുന്ന സമയത്ത് പറ്റും പോലെ ഇടവിട്ടുള്ള ദിവസങ്ങളില്‍ അമ്മ എത്തുമായിരുന്നു. അത് ഏറെയും എന്‍റെ പഠിത്തം ബാധിക്കപ്പെടാതെ എനിക്ക് എല്ലാ സൌകര്യവും ചെയ്യാനായിരുന്നു. അന്നും എനിക്ക് പരാതികളും കുറ്റങ്ങളും മാത്രമായിരുന്നു. എനിക്ക് വേണ്ടി ഓടി എത്തുന്ന അമ്മയുടെ ക്ഷീണിതമായ രൂപം എന്‍റെ ഉള്ളില്‍ ഒരു വിഷമമോ കുറ്റബോധമോ ഒക്കെയായി ഇന്ന് നിലകൊള്ളുന്നു.

പക്ഷെ പതിയെ, രുചി എന്ന ഘടകത്തില്‍ നിന്ന് ആരോഗ്യം എന്ന ഘടകത്തിലേക്ക് അമ്മ എന്നെ കൈ പിടിച്ചുയര്‍ത്തി. എന്‍റെ തിരിച്ചറിവുകള്‍ അതിലൂടെ തുടങ്ങി. നിര്‍ബന്ധങ്ങള്‍ ഇല്ലാത്ത ഭക്ഷണശൈലിയിലേക്ക് ഞാന്‍ പതിയെ പൂര്‍ണ്ണമായി പറിച്ചുനടപ്പെട്ടു. ആരോഗ്യം കണക്കാക്കി ചിലത് കഴിക്കുകയും, ചിലത് കഴിക്കാതിരിക്കുകയും, കഴിക്കുന്നത്‌ അതിന്റെതായ സമയത്ത്, വേണ്ട അളവില്‍ എന്നും ഒക്കെ പതിവായി എന്റേത്. ഇന്നും ഒരു കുടുംബസ്ഥയായിരിക്കുമ്പോള്‍, അത് തുടരുന്നു. ഓരോ വറ്റ് ചോറിനും അതിന്റെതായ പ്രാധാന്യം ഞാന്‍ കാണുന്നു. ഒന്നും കളയാന്‍ മനസ്സ് വരാറുമില്ല.

ഈ ഇടെയാണ് രാവിലെ ഇഡ്ഡലി പാകം ചെയ്യുന്നതിനിടയില്‍ ഇഡ്ഡലി തട്ടില്‍ പിടിച്ച ഇഡ്ഡലിയുടെ അംശങ്ങള്‍ ഞാന്‍ കാണുന്നത്. സാധാരണ തെല്ലും കുറ്റബോധമില്ലാതെ അത് കളയുക ആയിരുന്നു പതിവ്. അടുക്കളയില്‍ നിന്ന് നോക്കിയപ്പോള്‍ കുറച്ച് അപ്പുറത്ത് ഒരു കാക്ക വെള്ളം കുടിച്ചിട്ട് കരയുന്നുണ്ടായിരുന്നു. ഞാന്‍ ആ അംശങ്ങള്‍ അതിന് ഇട്ടു കൊടുത്തു. സുഭിക്ഷമായി അതിന്റെ പ്രാതല്‍ എന്ന വണ്ണം അത് കഴിച്ച്, എന്നെ നോക്കിയിട്ടാണ് പോയത്. അന്ന് മനസ്സ് നിറഞ്ഞിരുന്നു. പിന്നീട് അത് പതിവാക്കി. കുറെ കാക്കകള്‍ എന്നെ എന്നും ഗുണപാഠകഥകള്‍ പഠിപ്പിച്ചു കൊണ്ടിരുന്നു. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍ ആണെന്നും, ആ ഭാഗ്യം വച്ച് നമ്മള്‍ എത്ര വലിയ അപരാധമാണ് ചെയ്യുന്നതെന്നുമാണ് അവര്‍ ഏറ്റവുമധികം എനിക്ക് പറഞ്ഞു തന്നത്. രാവിലെ അവര്‍ക്കും പൂച്ചയ്ക്കും ഒക്കെ ഭക്ഷണം കൊടുക്കുന്നതിനെ പറ്റി വാ തോരാതെ ഞാന്‍ പറയാറുണ്ട്‌. എന്നും രാവിലെ അവര്‍ തരുന്ന ആ നോട്ടത്തില്‍ നിന്നാണ് എന്‍റെ ദിവസങ്ങള്‍ തുടങ്ങുക. അവരാണ് എന്റെ ഗുരുക്കന്മാര്‍. എന്നെ അഹങ്കാരത്തിന്‍റെ നരകത്തില്‍ നിന്ന് പിടിച്ചു കയറ്റുന്നവര്‍. രാവിലെ സൂര്യന് ശേഷം എനിക്ക് വെളിച്ചം തരുന്നവര്‍.

പുറത്ത് നിന്ന് ഇത്തിരി ഭക്ഷണത്തിനായി കടിപിടി കൂടുന്ന നായ്ക്കള്‍, അസ്ഥികൂടം പോലെയായി തെരുവിലെ നടപ്പാതയില്‍ കിടന്നുറങ്ങുന്ന മനുഷ്യര്‍, പിസയും ബര്‍ഗറും പോയിട്ട്, വിശപ്പടക്കാന്‍ ഒരു മിഠായി എങ്കിലും യാചിക്കുന്ന കുട്ടികള്‍, റോഡരികില്‍ കുമിഞ്ഞുകൂടിയ ഒഴിഞ്ഞതും പാതി ഒഴിഞ്ഞതുമായ ഭക്ഷണ പൊതികള്‍, സ്റ്റാറ്റസ് നോക്കി ഹോട്ടലില്‍ പ്ലേറ്റില്‍ ബാക്കി വയ്ക്കുന്ന ഭക്ഷണം, പോത്തുകളും കോഴികളും തിങ്ങി നിറഞ്ഞ് അറവുശാലകളിലേക്ക് പോകുന്ന വാനുകള്‍... എല്ലാം എത്ര വൈരുധ്യമുള്ളതാണ് എന്നോര്‍ത്താല്‍ മതി നമ്മളോട് തന്നെ, നമ്മുടെ അഹങ്കാരത്തിനോട് തന്നെ പുച്ഛം തോന്നാന്‍. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുരുള ചോറിന് ഭിക്ഷ യാചിക്കേണ്ടി വരുന്നവനും മനുഷ്യന്‍, അതിനു നടുക്ക് ഒരു മാളികയില്‍ ഉപ്പ് അല്പം കൂടിയ ഭക്ഷണത്തെ നിഷിച്ച് അത് കളയാന്‍ പറയുന്നവനും മനുഷ്യന്‍!

കിട്ടുന്ന ഓരോ വറ്റ് ചോറിലും ദൈവാനുഗ്രഹത്തെ കണ്ട്, നന്ദി പറയാന്‍ കഴിയുന്നവന്‍ ഭാഗ്യവാനാണ്. അതിനു കഴിയാത്തവന്‍ തിരിച്ചറിവില്ലാത്ത ബാല്യത്തിലെ എന്നെ പോലെ, ചാപല്യം പേറുന്നവനും. അത്തരം ആളുകളെ കാണുമ്പോള്‍ അവര്‍ വളരാത്ത മനസ്സുമായി ജീവിക്കുന്നതില്‍ സഹതാപം തോന്നും. പുച്ഛവും. അതില്‍ നിന്നുയരുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ശപിക്കപ്പെട്ട ജന്മം അനുഭവിക്കുക എന്നെ പറയാനുള്ളൂ. വിഷകരമായാലും രുചിയുള്ള ഭക്ഷണം അവന് ജീവിതലക്ഷ്യം ആകുന്നു. അതിനപ്പുറം അവനു കാഴ്ചകള്‍ ഇല്ല, ജീവിതവും.

കഴിഞ്ഞ ദിവസം ഇട്ട ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസോടെ ഈ ലളിതമായ ചെറുലേഖനം നിര്ത്തുന്നു:

ഒരു ഫെയ്സ്ബുക്‌ ഹോം പേജ്‌ കാഴ്ച:

 

മുകളിൽ, ലുലുവിന്റെ ഫൂഡ്‌ കോർട്ടിൽ കുമിഞ്ഞു കൂടിയ, വിലകൂടിയ പരുവത്തിലുള്ള ശവം ആക്രാന്തം മൂത്ത്‌ തിന്നുന്ന മനുഷ്യൻ.- ഗ്രില്‍ഡ് ചിക്കെന്‍ .

 

താഴെ, തെരുവിൽ ശവം കണക്കെ അസ്ഥികൂടരൂപത്തിൽ, ഉറങ്ങുന്ന വില കുറഞ്ഞ മനുഷ്യൻ. കൂടെ, കണ്ണാടിബിംബം പൊലെ ഒരു നായ.- അണ്‍ഗ്രില്‍ഡ്.

 

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും!