Jyothy Sreedhar

പ്രണയലേഖനങ്ങള്‍

എവിടെയാകും എനിക്കായെഴുതിയ പ്രണയലേഖനങ്ങള്‍ നീയൊളിപ്പിച്ചത്?

നീ പോകും വഴിയെല്ലാം, ചിതറിക്കിടക്കുന്നു കടലാസുതുണ്ടുകള്‍.

നിന്‍റെ ഗതിയ്ക്കു മുന്നിലായ് എന്നെ തിരക്കി പായുന്നു നിന്‍റെ കണ്ണുകള്‍.

ഞാനിവിടെയുണ്ട്, നിന്നെ പൊതിയുന്ന ശൂന്യതയില്‍, നിന്‍റെ പാതി ചുരുട്ടിയ മുഷ്ടിയില്‍, നിന്‍റെ ഉടലാകെയുള്ള രോമഹര്‍ഷത്തില്‍, നിന്‍റെ ചിന്തയുടെ പുതുനാമ്പുകളില്‍, നിന്‍റെ എഴുതാത്ത കവിതകളില്‍, നിന്നെ പൊതിയുന്ന സുഗന്ധത്തില്‍.

ഞാനിവിടെയുണ്ട്, നീ നോക്കിയ മേഘപര്‍വ്വങ്ങളില്‍ നിനക്കായ് മാറുന്ന രൂപങ്ങളില്‍; ചുടുവെയിനിടയിലെ തണലായ്‌ മാറുന്ന, കാറ്റായ് ചലിക്കുന്ന, ആല്‍വൃക്ഷത്തിന്നിലകളില്‍; പ്രണയം കോറിവരച്ചിട്ടും വിടര്‍ന്നു ചിരിക്കുന്ന പനിനീര്‍പ്പൂവിന്‍റെ ഹൃദയദളങ്ങളില്‍.

എവിടെയാകും എനിക്കായെഴുതിയ പ്രണയലേഖനങ്ങള്‍ നീയൊളിപ്പിച്ചത്?

ഇനിയും ഞാന്‍ കാക്കുന്ന ഋതുക്കളില്‍, ഇനിയുമുരുകാത്ത മഞ്ഞുകണങ്ങളില്‍, ഇനിയും മുളയ്ക്കാത്തയിലനാമ്പുകളില്‍, ഇനിയും വിടരാത്ത ഒരു കുഞ്ഞുപൂവില്‍ നിന്‍റെ പ്രണയലേഖനങ്ങളുണ്ടാകുമെന്ന് സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിരുന്നു.

അവിടെയാകുമോ നിന്‍റെ പ്രണയലേഖനങ്ങള്‍ നീയൊളിപ്പിച്ചത്?

നീ പോകും വഴിയെല്ലാം, ചിതറിക്കിടക്കുന്നു കടലാസുതുണ്ടുകള്‍.

അതില്‍, തെല്ലും ഖണ്ഡിക്കപ്പെടാതെ എന്‍റെ നാമം മാത്രം വ്യക്തമാകുന്നു.