Jyothy Sreedhar

പ്രണയലേഖനം

നിനക്കായെറ്റവുമാര്‍ദ്രമാ- യൊരു പ്രണയലേഖനം കുറിക്കണം. അതില്‍ എന്‍റെ പ്രണയത്തിന്‍റെ സര്‍വ്വവും കാല ദേശ ജന്മങ്ങള്‍ താണ്ടി ഉള്‍ക്കൊണ്ടിരിക്കണം. ഓരോ വാക്കിലും തീവ്രഭാവങ്ങള്‍ പ്രകടമാകണം. നിനക്കായെഴുതാന്‍ തുടങ്ങുമ്പോള്‍, എന്‍റെ തൂലികയെ കത്തിയെരിയിച്ച്, മരവിപ്പിച്ച് എന്‍റെ പ്രണയാഗ്നി ഭാവതാണ്ഡവമാടണം. നിന്നോടുള്ള പ്രണയത്തിന്‍റെ താപം ഭ്രാന്തമായ്‌ വ്യതിചലിക്കണം. അതില്‍, നീയെനിക്കു തരുന്നത്ര പ്രണയമുണ്ടാകണം. എന്‍റെ വിരഹത്തില്‍ സദാ നിറയുന്ന 'നീ'യെന്ന എന്‍റെ ജീവമന്ത്രമുണ്ടാകണം. കോടിവര്‍ഷങ്ങള്‍ തേടി ഒടുക്കം നിന്നിലെത്തിയ പോ- ലെന്‍റെ ആശ്വാസം, പ്രണയതീവ്രത, ശ്വാസതീക്ഷ്ണത, അതിലുണ്ടാകണം. നിന്നെ കാണുമ്പോഴൊക്കെ പുനര്‍ജ്ജനിക്കുന്നതാ- ണെന്‍റെ ജീവസ്സെന്നു നീയറിയണം. എന്‍റെ പ്രണയലേഖനം നിന്നെയതറിയിക്കണം. ഞാനെന്നു ലോകം കരുതുന്ന- യെന്‍റെ ദേഹം പിളര്‍ത്തി, അതിനുള്ളിലെ ആത്മാവ്, നിനക്കു സമര്‍പ്പിക്കണമെ- ന്നെനിയ്ക്ക് തോന്നാറുള്ളത്‌ അതില്‍ ഉള്‍ക്കൊള്ളണം. ദൂരം ബാഹ്യസങ്കല്പമെന്നും നിന്നെക്കുറിച്ചുള്ള ഒരു ചിന്തയാല്‍ അത് മായ്ക്കപ്പെടുന്നുവെന്നും, ഋതുക്കള്‍ നിന്‍റെ സാന്നിദ്ധ്യത്തിലെന്നതും വഴി തെറ്റിയെത്തുന്ന മഴ നിന്‍റെ വരവെന്നും എനിക്കനുഭവപ്പെടുന്നതായ്‌ അതില്‍ കുറിക്കണം. വാക്കുകള്‍ മതിയാകില്ല; ഭാഷയും. എനിക്ക് അസഹിഷ്ണുതയേറുന്നു. കടലാസുതാളുകളിലെഴുതി എന്‍റെ പ്രണയത്തിന്‍റെ അതിര് നിര്‍വചിക്കാനാവുന്നില്ലെനിയ്ക്ക്. എന്‍റെ വികാരഭാരങ്ങള്‍ താങ്ങുവാന്‍ അവയ്ക്കു കെല്പില്ലെന്നൊരു തോന്നല്‍. പ്രകടിപ്പിക്കുവാന്‍ കഴിയാ- ത്തൊരതിതീക്ഷ്ണപ്രണയം എനിക്കുണ്ടായതു ദുഃഖമാകുന്നു. ഒടുവില്‍, എന്‍റെ പ്രണയകാഠിന്യം നിന്നെ അറിയിക്കുവാനാകാതെ അതിന്‍ നിരാശ നിന്നോടേറ്റുപറയുമ്പോള്‍, നിന്‍റെ കൈകള്‍ക്കുള്ളില്‍ എന്‍റെ മുഖമൊതുക്കി നീ പറഞ്ഞു, "പ്രണയം നിറയുന്ന നിന്‍റെ കണ്ണുകളുടെ വെറും ഒരു നോക്ക് നിന്‍റെയാ പ്രണയലേഖനമായ്‌ എനിക്കു തരിക."