Jyothy Sreedhar

പ്രണയമെന്നു വിളിപ്പേരുള്ളയാള്‍

അത് രണ്ടുനിമിയുടെ രാത്രിസ്വപ്നമായിരുന്നില്ല. പകല്‍ പോലെ നീണ്ട ദിവാസ്വപ്നം... അല്ലെങ്കില്‍, സ്വപ്നത്തെക്കാള്‍ സുന്ദരമായ മറ്റെന്തോ... അടുക്കുന്ന കപ്പലുകള്‍ അകലുന്ന കടലിനെ അരുവിയുടെ ദൂരത്തു നിന്ന് നോക്കുമ്പോള്‍, പ്രണയമെന്നു വിളിപ്പേരുള്ളയാള്‍ എന്റെ കൈവിരലുകളെ താലോലിച്ച് ബീതോവന്റെ സംഗീതം വായിക്കുകയുണ്ടായി. പിന്നെ, വയലിന്‍കമ്പികള്‍ മീട്ടും പോലെ തന്റെ വിരലവന്‍ എന്റെ വിരലുകളിലോടിച്ചു... കപ്പലിന്റെ വിടവാങ്ങല്‍ സന്ധ്യയില്‍ മുഴങ്ങുമ്പോള്‍ ഇവിടെ വിരലുകള്‍ ഒന്നുചേര്‍ന്ന് എന്റെ കയ്യെനിക്കന്യമാക്കി. മറുകൈ അപ്പോഴും എന്റെ തലമുടിയുടെ നീളമത്രയും നടന്നണച്ചു സ്നേഹിച്ചളന്നു കൊണ്ടിരുന്നു... മാറോട് മുറുകെ ചേര്‍ത്തണച്ച് എന്റെ ചെവിയിലേക്കവന്‍ ഒരു ശ്വാസത്തിന്റെ സ്വകാര്യംപോലെ "നീയെന്റെത്" എന്ന് പറയുമ്പോള്‍ വാക്കുകള്‍ ഉരുണ്ട് വീണൊടുവില്‍ "ഞാന്‍ നിന്റേത്" എന്ന് ചേര്‍ത്ത് വായിക്കപ്പെട്ടു. അതില്‍ നിസ്വാര്‍ഥമായ പ്രണയത്തിന്റെ ഹൃദയം ഒരു മിടിപ്പിനെ മറന്നു. അതബദ്ധമല്ലെന്ന് കരഞ്ഞുപറഞ്ഞ് എന്റെ കയ്യിനടിയില്‍ അവന്റെ ഹൃദയം പിന്നെയും മിടിച്ചു. അതില്‍, പുറത്തേക്കു തള്ളാന്‍ വെമ്പുന്ന അനുഭൂതിയുടെ ശക്തിയും പറയാന്‍ കൊതിക്കുന്ന വാക്കുകളുടെ വേഗവും ഉണ്ടായിരുന്നു. എന്റെ ഉള്ളംകയ്യില്‍ അതെല്ലാം സ്തെതോസ്കോപില്‍ എന്നപോല്‍ പതിഞ്ഞു. അല്പം പകച്ചു ഞാന്‍ നോക്കുമ്പോള്‍ ആ ഹൃദയം എന്നോട് ചോദിച്ചു, ഇനി എത്ര നാള്‍ ഉണ്ടെന്ന്... ഒരുയര്‍ന്ന മിടിപ്പെഴുതുന്നതുകണ്ടു- മരണം എന്ന മൂന്നക്ഷരം... ജീവിതത്തിന്‍റെ മരണം. പ്രണയത്തിന്റെ ജീവിതം.