നിന്നോളം പക്വതയാര്‍ന്ന്‍ നിന്നെ പ്രണയിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ കവിതകളില്‍ ഏച്ചുകെട്ടലുകളില്ലാതെ നീയെനിക്കായി തന്ന പ്രണയത്തെ, നിമിഷങ്ങളെ, ചിന്തകളെ, ഞാന്‍ സത്യത്തോടെ എഴുതാറുണ്ട്. ഇന്നലെ നിന്നെ പ്രണയിച്ചതിനേക്കാള്‍ ഇന്നു നിന്നെ പ്രണയിക്കുമ്പോഴും, എന്‍റെ ആര്‍ദ്രമായ മൌനത്തില്‍ അതൊതുക്കാറുണ്ട് ഞാന്‍. അതില്‍ വാക്കുകള്‍ വാരിവിതറി, വികാരനിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച്, പ്രണയതീവ്രതയെ ഞാന്‍ കെടുത്താറില്ല. പറയാത്ത, എന്നാല്‍ നാമറിയുന്ന നമുക്കിടയിലെ പ്രണയമാണ് അതിന്‍റെ സൌന്ദര്യം സാദ്ധ്യമാക്കുന്നത്. കത്തി നില്‍ക്കുന്ന ജ്വാലയെക്കാള്‍, ഒരു ചിരാതിലെ കുഞ്ഞുദീപത്തെ നമ്മുടെ പ്രണയമായി ചൂണ്ടിക്കാട്ടുവാനാണെനിക്കിഷ്ടം. അതേ അളവില്‍, പ്രണയം തുളുമ്പിയ നിശബ്ദതയില്‍, എന്‍റെ കവിതകള്‍ വായിച്ച്, എന്‍റെ ഗാനങ്ങള്‍ കേട്ട്, എന്‍റെ കൊച്ചുവര്‍ത്തമാനങ്ങളെ കളിയായ് പരിഹസിച്ച്, എന്‍റെ സന്ദേശങ്ങളിലിറങ്ങി, നീ മറുപടി കുറിക്കാറുണ്ട്- ഒരു കള്ളച്ചിരിയില്‍, ഒരു നോട്ടത്തില്‍. നീയെന്നിലേയ്ക്കെത്താന്‍ വൈകിയെന്നു തോന്നുമ്പോഴൊക്കെ, ഇത്ര നാള്‍ ആര്‍ക്കെന്നറിയാതെ ഞാന്‍ കൂട്ടി വച്ച എന്‍റെ പ്രണയത്തിന്‍റെ ആഴമാര്‍ന്ന നിശബ്ദതീവ്രത അര്‍ത്ഥഗര്‍ഭമായി മന്ദഹസിക്കാറുണ്ട്. അതില്‍ നീയില്ലാത്ത കഴിഞ്ഞ വര്‍ഷങ്ങള്‍ തോല്‍ക്കുകയും, നിന്നോടൊപ്പം തുടങ്ങിയ ഋതു ഒരു ജന്മമായി മാറാറുമുണ്ട്. ഇന്നലെ നിന്നെ പ്രണയിച്ചതുപോലെയല്ല ഇന്ന് നിന്നെ ഞാന്‍ പ്രണയിക്കുന്നതെന്ന് നീയും അറിയുന്നതായി തോന്നാറുണ്ട്. അതറിയുന്നതിലാണ്, നാമൊരുമിച്ചുള്ള ദിനങ്ങള്‍ അര്‍ദ്ധരാത്രിയും കടന്ന് സൂര്യന്‍റെ ആദ്യരശ്മിയിലെത്തി, നമ്മുടെ നിദ്രകളെ കീഴ്പ്പെടുത്താറ്. നിന്നോടോപ്പമുള്ള അടുത്ത ദിനം പ്രപഞ്ചം തുടങ്ങി വയ്ക്കുന്നിടത്താണ്, അതിന്‍റെ ഒരു കോണില്‍, തലയിണയുടെ പഞ്ഞിക്കെട്ടുകളെക്കാള്‍ മൃദുലമായ നിന്‍റെ പ്രണയത്തെ പുണര്‍ന്ന്, ഈ ഡിസംബറിന്‍റെ നേരിയ മഞ്ഞില്‍, എന്‍റെ നിദ്ര ആരംഭിക്കുന്നത്- എന്നത്തെയും പോലെ.