Jyothy Sreedhar

പ്രണയജ്വാല

എന്‍റെ അച്ചടക്കമില്ലാത്ത കവിതകളില്‍ 'നീ' ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിനെ ആവാഹിക്കുന്ന, നിന്‍റെ മഞ്ഞുമൂടിയ കണ്ണുകളില്‍ പ്രണയം തീക്ഷ്ണമായ്‌ തിളയ്ക്കുമെന്നും 'നീ'യും 'ഞാനും' നിന്‍റെ കൃഷ്ണമണിയിലെ ഭൂമിയാകുമെനും ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്.

വികാരപരവേശങ്ങള്‍ കുറിച്ച്, ഓരോ കവിതയും ഉടലെടുക്കുമ്പോള്‍, അതിന്‍റെ ഭൂതകാലം നിന്‍റെ ദിഗന്തങ്ങള്‍ മുഴങ്ങുന്ന ശബ്ദവും, വാക്കുകള്‍ ഗര്‍ജ്ജിക്കുന്ന എന്‍റെ നിശബ്ദതയുമാണ്. നാമൊരുമിച്ചുള്ള നിമികളിലെ പറയാത്ത പ്രണയവചനങ്ങളാണ് എന്‍റെ കവിതകളെ സൃഷ്ടിക്കുന്നത്.

നിനക്കായാളുന്ന പ്രണയാഗ്നിയും നിന്നോടുള്ള വിരഹദിനങ്ങളുടെ മഞ്ഞുകാലവുമാണ് എന്‍റെ കവിതകള്‍. ആത്മാവിനെ ആര്‍ത്തിയോടെ വിഴുങ്ങുന്ന കേവല മനുഷ്യദേഹം പോലെയാണ് നീയവയെ സ്വന്തമാക്കുകയെന്ന് അവയുടെ തീവ്രത എന്നോട് പറയുന്നു. മഞ്ഞുകട്ടിയില്‍ സ്പര്‍ശിക്കും പോലെ മരവിച്ചു പൊള്ളുന്നതാവും അവ നിനക്ക്. അത്രയേറെ തീക്ഷ്ണമായ്‌, തീവ്രമായ്‌, എന്‍റെ പിറവിയെക്കാള്‍ അഗാധമായി, നിന്നെ ഞാന്‍ പ്രണയിക്കുന്നു.

കാലങ്ങള്‍ കഴിയുമ്പോള്‍, ഒരു നേര്‍ത്ത മാറാലവിരിയ്ക്ക് പിന്നിലെ എന്‍റെ ഹൃദയ പുസ്തകത്തില്‍, താളുകള്‍ പഴകിദ്രവിച്ചിട്ടും തേഞ്ഞുപോകാതെ, കാലത്തെ ജയിച്ച്, ഈ പ്രണയമുണ്ടാകുമെന്നു തീര്‍ച്ച. അത് നിനക്ക് വായിച്ചെടുക്കാനാകാതെ അഴുകിനശിക്കില്ലയെന്നും പുഴുക്കള്‍ എന്‍റെ വാക്കുകളെ കാര്‍ന്നുതിന്നില്ലെന്നും എന്‍റെ വാക്കാണ്‌. അതിനായാണ് എന്‍റെ ചിന്തകളില്‍ നിന്ന് ഒരു ചെറുതിരിനാളം കൊളുത്തി എന്‍റെ പ്രണയതീവ്രത സംരക്ഷിക്കപ്പെടുന്നത്.

മരണത്തിന്‍റെ വക്കിലെത്തുമ്പോള്‍, ചിന്തകള്‍ കൊണ്ടെങ്കിലും, ഈ കാലത്തിന്‍റെ യൌവനത്തിലേയ്ക്ക് നീ വരണം. അവസാനകാഴ്ചയായ്‌ നീയുള്‍ക്കൊള്ളേണ്ടത് നമ്മുടെ പ്രണയ ജ്വാലയാണ്. എന്‍റെ കവിതാക്ഷരങ്ങളെ ആവാഹിച്ച പോലെ നീയാ ജ്വാലയെ വിഴുങ്ങണം; നിനക്കു പൊള്ളില്ല. അത്, ഞാന്‍ പിറവിയെടുക്കുന്ന അടുത്ത ജന്മത്തിലേയ്ക്ക് നിന്നെയെത്തിക്കാന്‍ കെല്‍പ്പുള്ളതാകും.

ചിതലുകളെ തുടച്ച് എന്‍റെ ഹൃദയപുസ്തകം തുറക്കുമ്പോള്‍ ആദ്യതാളില്‍ നീ ചുംബിക്കണം. എന്‍റെ അവസാനശ്വാസം അവിടെ തങ്ങിയിരിക്കും. കാരണം, അവിടെയാണ് നിന്‍റെ മറുകാവ്യം ഏറ്റവും നല്ല കയ്യക്ഷരവടിവോടെ ഞാന്‍ പകര്‍ത്തിവച്ചത്:

"നീ സംസാരിച്ചു തുടങ്ങുമ്പോള്‍ എന്‍റെ സൂര്യന്‍ നിശ്ചലമാകുന്നു; നിന്‍റെ വാക്കുകളില്‍ എന്‍റെ ചാന്ദ്രയാമങ്ങള്‍ക്ക് മാത്രകള്‍ തെറ്റുന്നു. ഇനി നിന്‍റെ നിശ്വാസങ്ങളില്‍, ഹൃദയത്തുടിപ്പുകളില്‍, നിന്‍റെ ഇമച്ചിമ്മലുകളില്‍ ഞാനുണ്ട്..."