Jyothy Sreedhar

പ്രണയം...

"പ്രണയം... അതെന്താണെന്ന് എനിക്കറിയില്ല... ഒരു പക്ഷെ നാളെയോ, അല്ലെങ്കില്‍ പിന്നത്തെ നാളെയോ ഞാന്‍ അത് അറിഞ്ഞെക്കാം... അതുവരെ അജ്ഞതയുടെ താഴ്വരകളില്‍ നിന്നുകൊണ്ട് നിന്നെ ആരാധിക്കുവാന്‍ ആണെനിക്കിഷ്ടം" എന്റെ സുഹൃത്തും ബന്ധുവും ആയ രശ്മിയുടെ ഇന്നലത്തെ ഡയറി താളില്‍ നിന്ന് ഒരു വരിയാണിത്. ഏറെ വൈകിയിട്ടും അവള്‍ അതെനിക്ക് മൊബൈല്‍ സന്ദേശമായി അയച്ചു തരുമ്പോള്‍, ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. ഭര്‍ത്താവിന്‍റെ കൂടെ ഞങ്ങളുടെ കൊച്ചു നാനോ കാറില്‍ ഏറെക്കുറെ വിജനമായ റോഡിലൂടെ ഒരു രാത്രിയാത്ര. അതില്‍ പ്രണയം കുത്തി നിറച്ചത് അവളാണ്... ചിന്തകളുടെ തുടക്കം കുഞ്ഞോളങ്ങളുടെ സൌമ്യഭാവത്തില്‍ ആയിരുന്നെങ്കിലും അതിന് തിരമാലകളുടെ രൌദ്രത കൈവരുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഇടതു വശത്തെ ചില്ലിലൂടെ പിറകിലെക്കൊടിമായുന്ന ചെന്നൈ നഗരത്തെക്കാളധികം ഞാന്‍ കണ്ടത് അതെ വേഗതയില്‍ മുന്നിലെക്കാഞ്ഞു വന്ന എന്റെ ചിന്തകളാണ്. അവളുടെ വാക്കുകള്‍ ആയ താഴ്വരകളും പ്രണയവും എന്നെ എവിടേക്കോ എത്തിച്ച പോലെ... കാറില്‍ പാടിക്കൊണ്ടിരുന്ന, പ്രണയാതുരമെന്ന് പറയപ്പെട്ട ഇളയരാജാഗാനങ്ങളെക്കാള്‍ പ്രണയമാര്‍ന്ന് എന്റെ ചിന്തകള്‍ എന്നില്‍ പാടുവാന്‍ തുടങ്ങി... കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രണയത്തിന് എത്ര വ്യത്യാസം ആണ് വന്നിട്ടുള്ളത്! "ഞാന്‍ നിന്നെ പ്രണയിക്കുന്നു" എന്ന് പറയുവാന്‍ ധൈര്യമില്ലാതിരുന്ന പഴയ ഒരു കാലഘട്ടം... പിന്നെ, പ്രണയിച്ചു വഞ്ചിക്കുവാനും വഞ്ചിക്കപ്പെടുവാനും വിധിക്കപ്പെട്ട ഒരു കാലഘട്ടം... ഇപ്പോള്‍, ശരീരം പ്രണയത്തിനായി ഹോമിക്കപ്പെടുന്ന കാലം. എത്ര മാറിയിരിക്കുന്നു പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍... എന്നിട്ടും എത്ര സുന്ദരമായി പ്രണയം എന്ന സങ്കല്പം നിലനില്‍ക്കുന്നു... ജീവിതത്തില്‍ ഒരിക്കല്‍ എന്ന് പറയപ്പെടുന്ന പ്രണയത്തെ കണ്ടെത്തുവാന്‍ തുനിഞ്ഞിറങ്ങിയാലോ എന്ന് ഇടയ്ക്ക് എനിക്ക് തോന്നാറുണ്ടായിരുന്നു. പക്ഷെ അത് ശുദ്ധ അബദ്ധം ആണ്. പ്രണയം നമ്മളിലേക്ക് സ്വയം വരുന്ന ഒരു അനുഭൂതിയാണ്. ഇത് ഞാന്‍ പറയുമ്പോള്‍ ഒരു വിവാഹിത ആണ് ഞാന്‍, എന്ന് ചട്ടക്കൂട് നിര്‍മിച്ചു ശീലമുള്ള സമൂഹം എന്നെ നോക്കി ഓര്‍മിപ്പിക്കും. അതുകൊണ്ടെന്ത്‌! നിര്‍ബന്ധിതമായ ബന്ധത്തില്‍ പ്രണയം ഇല്ല. ഒരുമിച്ചുള്ള ജീവിതം മരണത്തിലേക്കുള്ള ഒരു കൂട്ടെന്ന പോലെ ആണ്. ഇന്ന ആള്‍ ഇതൊക്കെ ചെയ്യണമെന്നും, മറ്റേ ആള്‍ അതൊക്കെയെന്നും, ഒരുമിച്ചു ജീവിക്കുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്നും, പലതും ത്യജിക്കണമെന്നും മറ്റേ ആളിന്റെ സൌകര്യത്തിനുവേണ്ടി ചിലത് സഹിക്കണമെന്നും ഒക്കെയാണ് വിവാഹസമയത്ത് നമ്മള്‍ കേള്‍ക്കുന്നത്. ഇതില്‍ പ്രണയം എവിടെ...? പ്രണയം ഭംഗിയാര്‍ന്ന ഒരു ചിത്രം പോലെയാണ് എനിക്ക്... ഏകയായി ഞാന്‍. മുന്നില്‍ മഞ്ഞിന്‍റെ മൂടല്‍... അതിലൂടെ ഒന്നെത്തി നോക്കുമ്പോള്‍ മഞ്ഞിന്‍റെ അവ്യക്തതയും ചിന്തയുടെ വ്യക്തതയും ഉള്ള ഒരു നേര്‍ത്ത കാഴ്ച എനിക്ക് കാണാം... യഥാര്‍ത്ഥമോ അല്ലയോ എന്ന് വേര്‍തിരിക്കാന്‍ ആവാതെ, വെള്ളയായ വസ്ത്രത്തിന്റെ തുമ്പുകള്‍ ചെറുകാറ്റിലാടി, കയ്യില്‍ നിറമുള്ള പൂക്കളുമായി, മൃദുലമായ ചുവടുകളുമായി നടക്കുന്ന ഒരു രൂപം... മങ്ങിയ വെള്ളതൂവലുകളും ലോലമായ കുമിളകളും ആ കാഴ്ചയിലേക്ക് പറത്തിവിട്ട് ഞാന്‍ അതിനെ ഏറ്റവും നൈര്‍മല്യമുള്ളതും സൗന്ദര്യമുള്ളതുമാക്കും. എന്റേത് മാത്രമായ ഒരു ലോകം... അതില്‍ ആ രൂപവും... അതിനെ കാണുവാനെന്ന പോലെ മഞ്ഞുവീണ ജനല്പ്പാളിയില്‍ ഞാന്‍ ഇടയ്ക്ക് തുടച്ചു നോക്കാറുണ്ട്... ആത്മാവിനെ പ്പോലെ ഒരു ദുരൂഹതയായി, ഒരു ചോദ്യമായി, കഥയായി, കഥാപാത്രമായി വ്യക്തമല്ലെങ്കിലും ആ കാഴ്ച കണ്മുന്നില്‍ ചലിക്കാറുണ്ട്... ആ കാഴ്ചയാണ് എന്റെ ഉള്ളിലെ പ്രണയം എന്ന സങ്കല്‍പം... ഒരു വശ്യമായ സൌന്ദര്യം ഉണ്ടതിന്. എപ്പോഴും ഒന്ന് കാണുവാനും കണ്ടുനില്‍ക്കുവാനും തോന്നുന്ന മാന്ത്രികമായ ഒരു കാഴ്ച. അവളുടെ പ്രണയം താഴ്വരകളിലെ കാഴ്ചയാണെങ്കില്‍ എനിക്ക് അതിനു മഞ്ഞുകാലത്തിന്റെ, ഒരുപാട് നിറങ്ങള്‍ ഇല്ലാത്ത ഒരു ഭംഗിയുണ്ട്... അതില്‍ ചാറ്റല്‍മഴകളും ചെറുകാറ്റുകളും വന്നുപോകും... നമ്മളെല്ലാം നമ്മുടെ ഉദാത്തമായ പ്രണയകഥയിലെ ഗന്ധര്‍വന്മാരും മാലാഖമാരുമാണ്. ഭാവനകളില്‍ അങ്ങനെയോക്കെയാണെങ്കിലും ഒരു വശത്തേക്ക് മാത്രമുള്ള തീവ്രമായ ആകര്‍ഷണത്തിന് അധികം ആയുസ്സില്ല എന്നത് യാഥാര്‍ത്ഥ്യം. ഒന്നുകില്‍ വളര്‍ന്നു വരുന്ന നിരാശയില്‍ അത് പൂര്‍ണ്ണമായും നശിക്കപ്പെടും. അല്ലെങ്കില്‍ അതിന് മറുവശത്ത് നിന്ന് അതേ ശക്തിയുള്ള ഒരു കൂട്ട് വരും. ഉള്ളിലെ പ്രണയം ഓര്‍ത്തുകൊണ്ട് എഴുന്നേല്‍ക്കുകയും അതോര്‍ത്തുകൊണ്ട് ഉറങ്ങുകയും അതിനെ സ്വപ്നം കാണുകയും അതില്‍ ജീവിക്കുകയും ചെയ്യുമ്പോള്‍ ജീവിതം തന്നെ ആ സുന്ദരമായ പ്രണയത്തിലൊതുങ്ങും. സന്തോഷിക്കുക എന്നതിനേക്കാള്‍, ജീവിക്കുക എന്നത് ഒരു അനുഭൂതിയായി മാറുന്നത് അങ്ങനെയാണ്... മഴയിലൂടെ, മഞ്ഞിലൂടെ, വേനലിലൂടെ, വസന്തത്തിലൂടെ ഋതുവറിഞ്ഞു പരിണാമം സംഭവിക്കുന്ന പ്രണയം... അങ്ങനെ ഒന്നാണ് എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ നട്ടുനനയ്ക്കുന്നത്. ഇടതു വശത്തെ ചില്ലിലൂടെ ഞാന്‍ കണ്ട കാഴ്ചകളില്‍ ഇതെല്ലാം ഉണ്ടായിരുന്നു. വലതു വശത്തിരിക്കുന്ന എന്റെ ഭര്‍ത്താവ് അപ്പോഴും ഇളയരാജയെ കേട്ടുകൊണ്ടിരുന്നു... പെട്ടെന്ന്, ചില്ലില്‍ മുകളിലായി പതിച്ച മഴത്തുള്ളികളെ ഉള്ളില്‍ നിന്ന് തുടച്ചു നീക്കാന്‍ ശ്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു... "മഴ പെയ്യുന്നു..." വിട്ടുപിരിയാത്ത കാഴ്ചയിലൂടെ തന്നെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, ചാറ്റല്‍മഴ... എന്റെ ഭാവനയില്‍ നിന്ന് തന്നെ ജീവന്‍ വച്ചതു പോലെ... ഋതുവറിയുന്നു... പ്രണയപരിണാമം...