Jyothy Sreedhar

പെരുങ്കള്ളിയാണു ഞാന്‍

പെരുങ്കള്ളിയാണു ഞാന്‍.

പ്രണയം തുറന്നു പറയാതെ, മടിക്കുത്തിലെ ഇത്തിരിധനമായ് കാത്തു സൂക്ഷിക്കുന്നവള്‍.

ഉള്ളിലെന്നെ രണ്ടായി പിളര്‍ത്തി പ്രണയം തിളയ്ക്കുമ്പോഴും ഒരു കുസൃതിച്ചിരിയില്‍ എല്ലാമൊതുക്കി കളികാര്യങ്ങള്‍ പറയുന്നവള്‍. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നവള്‍. നിന്നെ കളിയാക്കി വധിക്കുന്നവള്‍. പിണങ്ങി, ഇണങ്ങി നിന്നോടൊപ്പമാകുന്നവള്‍. പക്ഷെ, പ്രണയം പറയാതിരിക്കുന്നവള്‍.

ഉള്ളിലെ നോവിനെയടക്കി തന്ത്രത്തിലതിനെ മറയ്ക്കുമ്പോള്‍ ചിതറിത്തെറിച്ച ചില തുള്ളികള്‍ കവിതയുടെ നിഗൂഡതയില്‍ ഒളിക്കും. നിന്‍റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിന്ന്, ഹൃദയം തുറന്ന്, പറയാന്‍ കൊതിക്കാറുണ്ട്, നിന്നെ പ്രണയിക്കുന്നുവെന്ന്. ഇത്രയേറെ പ്രണയവും സാദ്ധ്യമോയെന്നു സ്വയം അമ്പരക്കാറുണ്ട്.

വാക്കുകള്‍ക്കിടയിലെ വിടവുകളില്‍ പ്രണയം ഒളിച്ചുവയ്ക്കാറുണ്ട്, നിശബ്ദമായ നോക്കില്‍ സന്ദേശങ്ങള്‍ എഴുതി അയയ്ക്കാറുണ്ട്, ഒരടിയകന്നാല്‍, അസാന്നിധ്യത്തില്‍ നീറിപ്പുകയാറുണ്ട്, മനസ്സില്‍ നൊമ്പരപ്പെടാറുണ്ട്, ചര്‍മ്മം സൂചിയാല്‍ കോര്‍ത്ത പോലെ, അകലുമ്പോള്‍ ചീന്തുന്ന വേദനയുണ്ട്, കാഴ്ചയ്ക്കപ്പുറവും നിന്‍റെ മുഖം വാടിയാല്‍ എന്‍റെ കണ്ണുകള്‍ കലങ്ങാറുണ്ട്. ആര്‍ത്തലയ്ക്കുന്നുണ്ടു നീ ഉള്ളില്‍, സമുദ്രം കടലിനോടെന്ന പോലെ.

പകയ്ക്കാതെ, മറയ്ക്കാതെ, പറയാന്‍ കൊതിക്കാറുണ്ട്, നിന്നെ പ്രണയിക്കുന്നുവെന്ന്. അഗ്നിയെ വിഴുങ്ങിയ കണ്ണുകളാല്‍ തീവ്രമായ് മിടിക്കുന്ന ഹൃദയത്തെ പുറത്തെടുത്ത് കാണിക്കണമെന്നുണ്ട്.

പക്ഷെ, പെരുങ്കള്ളിയാണു ഞാന്‍. എന്നോട് ക്ഷമിക്കുക!