യേശുദാസിന്‍റെ ജീന്‍സ് പരാമര്‍ശത്തെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങളും അടച്ചാക്ഷേപങ്ങളും ഫെയ്സ്ബുക്കില്‍ പെരുകുന്നു. അതിനെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെ കുറിച്ചുമാണ് ഈ ലേഖനം. യേശുദാസ് പറഞ്ഞത് ഇതാണ്: "സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവയ്ക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാത്തത് ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൌന്ദര്യം." അതിനെ ശക്തമായി പിന്തുണച്ച് യേശുദാസിന്‍റെ ആരാധകരും, ശക്തമായി വിമര്‍ശിച്ച് മറ്റൊരു വലിയ ജനക്കൂട്ടവും എത്തി. സ്വാഭാവികമായ ആക്ഷേപ-കലാസാമര്‍ത്ഥ്യം പലരും പ്രകടിപ്പിക്കുന്നതായി കണ്ടു. ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുന്നത് പോലെയുള്ള അത്തരം പ്രതികരണങ്ങളോട് യോജിപ്പില്ല. ഇതിനെക്കുറിച്ചുള്ള സൌഹൃദചര്‍ച്ചയ്ക്കിടയില്‍ യേശുദാസിന്‍റെ പരാമര്‍ശത്തെ 'സ്ലിപ് ഓഫ് ടംഗ്' എന്ന് എന്‍റെ സുഹൃത്ത് രാധിക കഴിഞ്ഞ ദിവസം വ്യാഖ്യാനിച്ചതിനോടാണ് എനിക്ക് ഏറ്റവും യോജിപ്പ്. 'ജീന്‍സ്' എന്നതിനേക്കാള്‍, "വസ്ത്രം, അതേതായാലും മാന്യമായ രീതിയില്‍ അതിനെ അവതരിപ്പിക്കുക, ധരിക്കുക" എന്നതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതാണോ അദ്ദേഹം പറയാന്‍ ശ്രമിച്ചത് എന്നും ഉറപ്പില്ല. കുറച്ചു നാള്‍ മുന്‍പ്, 'മദമിളകിയ പെണ്ണുങ്ങള്‍' എന്ന് ലെഗ്ഗിംസ് ധരിക്കുന്ന പെണ്‍കുട്ടികളെ അടച്ചു വിശേഷിപ്പിച്ച ഒരു തമ്പുരാട്ടിയെ ഓര്‍ത്തു. ഇവരുടെയൊക്കെ വീക്ഷണത്തിലെ കുലീനമായ, സൌമ്യമായ, പെണ്‍വേഷമായ സാരിയെ കുറിച്ച് സ്വന്തം അനുഭവങ്ങളില്‍ നിന്ന് എനിക്ക് കുറച്ച് പറയാനുണ്ട്. നാളുകള്‍ക്ക് മുന്‍പ്, എന്‍റെ എംഎ പരീക്ഷയ്ക്കും വൈവയ്ക്കും ഇടയില്‍ ഉള്ള ചെറിയ ഒരു വിടവില്‍, കുറച്ചു മാസങ്ങള്‍ ഞാന്‍ ഒരു പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു. ആദ്യമായി അധ്യാപിക എന്ന വിലാസം അണിയുന്ന സമയം. സാരിയാണ് വേഷം. അത്യാവശ്യം നന്നായും മാന്യമായും വേഗത്തിലും സാരി ഉടുക്കാന്‍ എനിക്കറിയാം എന്ന് മുന്‍കൂറായി പറയുന്നു. മറ്റേതു വസ്ത്രത്തെയും പോലെ സാരി ഉടുത്തു നന്നായി നടക്കാനും അറിയാം. പാരലല്‍ കോളേജില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ആണ് ഞാന്‍ ആദ്യം ചെന്നത്. ക്ലാസ് എടുത്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ക്ലാസിലെ പയ്യന്മാരുടെ നോട്ടം വളരെ മോശമായിരുന്നു. ക്ലാസ് എടുക്കുമ്പോള്‍ തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ എഴുതി തിരികെ വിദ്യാര്‍ത്ഥികളെ നോക്കുമ്പോള്‍ ചിലരുടെ കണ്ണുകളില്‍ നല്ല പിശകുള്ള നോട്ടങ്ങള്‍. പല ക്ലാസുകളും അങ്ങനെ തന്നെ ആയിരുന്നു. ഒടുവില്‍ മൂന്നു മാസം കൊണ്ട്, എന്‍റെ വൈവ ആയപ്പോള്‍ ആ കോളേജില്‍ നിന്ന് ഞാന്‍ റിസൈന്‍ ചെയ്തു, ഒരു വല്യ നെടുവീര്‍പ്പോടെ. പിന്നെ പഠിപ്പിച്ചത് വിമന്‍സ് കോളേജിലാണ്, സന്തോഷത്തോടെ, മനസ്സമാധാനത്തോടെ. എന്‍റെ അടുത്ത സുഹൃത്തും തിരുവല്ല മാര്‍ത്തോമ കോളേജിലെ ഇംഗ്ലീഷ് അസിസ്റ്റന്‍റ് പ്രൊഫസറും ആയ രാഹുല്‍ നാരായണന്‍ കഴിഞ്ഞ ദിവസം തന്‍റെ പ്രൊഫൈലില്‍ സാരിയുടെ ഗുണദോഷങ്ങളെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടത് ഇങ്ങനെയായിരുന്നു: "സാരി എന്ന വസ്ത്രം എന്തോ കുലീനവും സഭ്യവും ആയ സംഭവം ആണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. സ്കൂളിലോ കോളജിലോ യൂണിവേഴ്സിറ്റിയിലോ ആവട്ടെ, സാരി ധരിച്ചില്ലെങ്കില്‍ ബഹുമാനിക്കപ്പെടുന്ന അധ്യാപിക ആവില്ലെന്ന തോന്നല്‍ പരക്കെ ഉണ്ട്. ചുരിദാര്‍ ധരിക്കാം എന്ന ഓപ്ഷന്‍ ഉള്ളപ്പോഴും അത് സ്വീകരിക്കാന്‍ ഇവര്‍ക്ക് ഭയമോ ബുദ്ധിമുട്ടോ ആണ്. ചോദിച്ചാല്‍ ഇവര്‍ പറയുക ഇന്ന ആള്‍ (വായിക്കുക: 'സീനിയര്‍') ചുരിദാര്‍ ധരിച്ചു തുടങ്ങട്ടെ, ഞങ്ങളും ആവാം എന്നാണ്. വലിയ ഫെമിനിസവും ആക്ടിവിസവും ഒക്കെ പ്രചരിപ്പിക്കുന്നവര്‍ കൂടെയാണ് കേട്ടോ ഇവരൊക്കെ! ഇതിനൊക്കെ പുറമേ, സാരി ധരിച്ചു വരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ദിവസവും കൂലങ്കഷമായ ചര്‍ച്ചയ്ക്കു വിഷയമാക്കാനും ഇവര്‍ മറക്കാറില്ല. സല്‍വാര്‍ കമീസ് ധരിക്കാന്‍ ധൈര്യമില്ലാത്തവര്‍ ജീന്‍സ് എന്നും സ്കേട്ട് എന്നും പറയുന്നതില്‍ വൈരുദ്ധ്യം മാത്രമേ കാണാന്‍ സാധിക്കൂ. എന്നിട്ടൊരു കൊട്ടും: "നിങ്ങള്‍ക്കൊക്കെ എന്തെളുപ്പമാ. ഒരു ഷര്‍ട്ടും പാന്‍റ്സും വലിച്ചു കേറ്റി ഇങ്ങു പോന്നാ പോരേ..." കേട്ട് ബോറടിച്ചു. ആരു പറഞ്ഞു അഞ്ചര മീറ്ററില്‍ കിടന്നു കുരുങ്ങാന്‍? വസ്ത്രഗന്ധര്‍വന്മാരെ ഉയര്‍ത്തുന്നതില്‍ നിങ്ങള്‍ക്കുള്ള പങ്ക് ഞാന്‍ വിസ്മരിക്കില്ല." മറ്റൊരു സുഹൃത്തായ ജിക്കു വര്‍ഗീസ് ജേക്കബ് ഇതിനെക്കുറിച്ച് ഇങ്ങനെ എഴുതി: "സാരി മാന്യമായ വസ്ത്രമാകുന്നതിലെ കോമഡി പറഞ്ഞ് ചിരിക്കാന്‍ ഇവിടാരുമില്ലേ?! ശരീരത്തിന്റെ പകുതിയും വെളിയില്‍ കിടക്കുന്ന സാരിയുടുത്തിട്ട് മറ്റുള്ളവരുടെ ടീഷര്‍ട്ടിന്റെ ഇറക്കം കുറഞ്ഞു പോയെന്ന് പരാതിപ്പെടുന്നവരായിരിക്കും 'കോണകം ഉടുത്ത് നടന്ന' കാലത്തിന്റെ സദാചാര സമ്പൂര്‍ണ്ണമായ സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത്! സാരി എന്തുകൊണ്ട് മലയാളിക്ക് ഒരു സദാചാര പ്രശ്നമാകുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു!" മുകളില്‍ പറഞ്ഞ എന്‍റെ അനുഭവങ്ങള്‍ കൂടി ചേര്‍ത്ത് ഞാന്‍ ഈ രണ്ട് അഭിപ്രായങ്ങളോടും പൂര്‍ണ്ണമായും ശക്തമായും യോജിക്കുന്നു. ബസുകളില്‍ കയറുമ്പോള്‍ കാണാം മുപ്പതുകള്‍ മുതല്‍ മുകളിലേക്ക് വയസ്സുള്ള സ്ത്രീകള്‍ സൊ കോള്‍ഡ് "കുലീനവസ്ത്ര"മായ സാരി ഉടുത്ത് ബസിന്‍റെ മുകളിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്ന സീന്‍. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ആ സ്ത്രീകളുടെ ശരീര വടിവിലേക്കും കാണാന്‍ കഴിയുന്ന ശരീരഭാഗങ്ങളിലേക്കും ഉള്ള പുരുഷന്മാരുടെ നോട്ടങ്ങള്‍. "Saree is the sexiest dress for a female" എന്ന അഭിപ്രായത്തോട് വിയോജിപ്പുകള്‍ വളരെ കുറവായിരിക്കും. അങ്ങനെ ആകുമ്പോള്‍, "സ്ത്രീകള്‍ സാരി ഉടുത്ത് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. സാരി ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും." എന്ന് പറയുന്നതല്ലേ, ജീന്‍സിനേക്കാള്‍ ആ വാക്യത്തില്‍ ചേരുന്നത് എന്ന് യേശുദാസ് ഒന്ന് ചിന്തിച്ചാല്‍ നന്നായിരിക്കും. അഞ്ചു മീറ്റര്‍ തുണി വച്ച് പോലും ശരീരം മറയ്ക്കാന്‍ അറിയില്ലേ എന്ന ലോജിക് ഇല്ലാത്ത ക്ലീഷേ ചോദ്യം ദയവായി ചോദിക്കരുത്! എണ്ണിയാല്‍ തീരാത്ത ഉദാഹരണ സഹിതം മറുപടി മറ്റൊരു ലേഖനം ആയി എഴുതേണ്ടി വരും. എല്ലാ വസ്ത്രങ്ങളും നന്നായും മോശമായും ധരിക്കാന്‍ കഴിയും. ജീന്‍സ്- കുര്‍ത്ത, സ്കേര്‍ട്ട്-ടോപ്പ്, സാരി, ചുരിദാര്‍, കുര്‍ത്ത-ലെഗ്ഗിംഗ്സ്... അങ്ങനെ എല്ലാം. ഒന്നൊഴിയാതെ എല്ലാ വേഷങ്ങളും അത് അവര്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതില്‍ ആണ്, മാന്യമാകുന്നതും, അല്ലാതാകുന്നതും എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഡാന്‍സ് ഷോകളില്‍ ഈയിടെ ഞാന്‍ ശ്രദ്ധിക്കാറുള്ള ബോഡി സ്കിന്‍ ടൈറ്റ്സ് എന്നൊരു സാധനമുണ്ട്. പണ്ട് മഹാഭാരതം, രാമായണം എന്നീ പുരാണ സിനിമ/ സീരിയലുകളില്‍ നടികള്‍ അത് ഉപയോഗിക്കുമായിരുന്നു. ഏതാണ്ട് ശരീരത്തിന്‍റെ നിറമുള്ള, റൈറ്റ് ആയ ആ വസ്ത്രം ഇടും. കഴുത്തു മുതല്‍ കാല്‍ വരെ, മുഴുവന്‍ കയ്യും ചേര്‍ത്ത് അത് ഇറുകി കിടക്കും. അതിനു മുകളില്‍ ചെറിയ ബ്ലൗസ് ഇട്ടാലും കുഴപ്പം തോന്നില്ലായിരുന്നു. കാരണം, അത് ശരിയ്ക്കും ഒരു വസ്ത്രം പോലെ തന്നെയാണ് തോന്നിയിരുന്നത്. പിന്നീട് തമിഴ്നാട്ടിലെ ഡാന്‍സെഴ്സ് അത് ഉപയോഗിച്ചത്, ആദ്യം അതിട്ട് വീട്ടില്‍ നിന്ന് വന്നാല്‍, എവിടെ നിന്നും ഭയമില്ലാതെ പെട്ടെന്ന് പെട്ടെന്ന് ഡ്രെസ് മാറി പരിപാടികളില്‍ നൃത്തം ചെയ്യാന്‍ വേണ്ടിയാണ്. ഇന്ന് അതിന്‍റെ കട്ടി കുറയുകയും, ശരീരത്തിന്‍റെ നിറം തന്നെ ആകുകയും ചെയ്തു. അതിനു മുകളില്‍ ചെറിയ ബ്ലൌസും, പാവാടയും ഇട്ട് ഡപ്പാംകുത്ത് നൃത്തങ്ങളും അതില്‍ വശീകരിക്കുന്ന തരത്തില്‍ ഉള്ള ചുവടുകളും ചേഷ്ടകളും നോട്ടവും അഴിഞ്ഞാടുന്ന തരത്തില്‍ ഉള്ള സെക്സി നൃത്തങ്ങളും ഒക്കെ ആവുമ്പോള്‍, സത്യത്തില്‍ ആ സ്കിന്‍ ബോഡി ടൈറ്റ് എന്നത് സ്കിന്‍ മാത്രമായെ തോന്നുകയുള്ളൂ എന്നത് നഗ്നസത്യമാണ്. വ്യാപകമായി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ അത് ഉപയോഗിക്കപ്പെടുമ്പോള്‍ അതിനെക്കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. ഇനി, ഈ യേശുദാസ് പ്രശ്നത്തിനിടയില്‍ പര്‍ദ്ദയെ കുറിച്ച് വാനോളം പുകഴ്ത്തിയവരുണ്ട്, ഔദ്യോഗികമായും അനൗദ്യോഗികമായും. നേരില്‍ കണ്ട കാഴ്ചകളില്‍ നിന്ന് ഒന്ന് പറയട്ടെ, ഈ ഇടെ പലരും പര്‍ദ്ദ ധരിക്കുന്നത് രസാവഹമാണ്. എന്‍റെ വീക്ഷണത്തില്‍ പര്‍ദ്ദ എന്നുള്ളത്, ശരീരത്തെയും അതിന്‍റെ വടിവുകളെയും അളവുകളെയും ഒരുപോലെ മറയ്ക്കുന്നതാണ് എന്നതാണ്. അത് യഥാര്‍ത്ഥത്തില്‍ ശരീരത്തോട് ഒട്ടാതെ ലൂസ് ആയി കിടക്കുമായിരുന്നു. എന്നാല്‍, പര്‍ദ്ദയ്ക്കും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്‍ഡുകള്‍ ഉണ്ട്. ശരീരത്തില്‍ വച്ചു തയ്പ്പിച്ചത് പോലെയുള്ള പര്‍ദ്ദകള്‍ ധരിച്ച പെണ്‍കുട്ടികള്‍ നടക്കുന്നത് കാണുമ്പോള്‍, അവരുടെ ബോഡി ഷേപ്പ്, ശരീരവടിവുകള്‍ എന്നിവയാണ് ആദ്യം ശ്രദ്ധിക്കുക. ഞാന്‍ ഇടുന്ന ജീന്‍സും കുര്‍ത്തയും ഒക്കെ അതിനേക്കാള്‍ എത്രയോ മാന്യമെന്നു ഞാന്‍ അപ്പോള്‍ വിചാരിക്കാറുണ്ട്. എങ്കില്‍ പിന്നെ പര്‍ദ്ദയുടെ ആവശ്യം എന്തിന് എന്നത് ഒരു ചോദ്യമാണ്! അതാണ് ഞാന്‍ സൂചിപ്പിച്ചത്, ഏതു വസ്ത്രമായാലും, അത് അവതരിപ്പിക്കുന്നത് എങ്ങനെ എന്നുള്ളതനുസരിച്ചിരിക്കും അതിന്‍റെ മാന്യത എന്ന്. പര്‍ദ്ദയും അതില്‍ നിന്ന് വിഭിന്നമല്ല. ഞാന്‍ തന്നെ, കുറച്ചു വണ്ണം കൂടുന്നതായി തോന്നിയാല്‍ അത് കുറയുന്നത് വരെ ഉപയോഗിക്കാതെ മാറ്റി വയ്ക്കുന്ന അത്ര നാള്‍ സ്ഥിരമായിരുന്ന ചില ഡ്രസുകള്‍ ഉണ്ട്. ഒരാളുടെ ശരീരത്തിന്‍റെ അളവുകളെ കുറിച്ച് അവനവന് കൃത്യമായി ബോധ്യമുണ്ടായി അതിനനുസരിച്ചു വസ്ത്രം ധരിച്ചാല്‍ ഒരു പ്രശ്നവും ഇല്ല. പ്രായമല്ല, മറിച്ച്, ശരീര പ്രകൃതിയാണ് വസ്ത്രത്തിന്‍റെ മാനദണ്ഡത്തിനു ഉപയോഗിക്കേണ്ടത്. എന്തായാലും, ഇതിന്‍റെ പേരില്‍ സ്വതവേയുള്ള പുച്ഛം മുഴുവനും വാരിത്തേച്ച് കമന്‍റുകള്‍ അഥവാ ആക്ഷേപങ്ങള്‍ എഴുതിയവരുണ്ട്. ഈ ആക്ഷേപങ്ങള്‍ യേശുദാസ് കേള്‍ക്കേണ്ടതായിരുന്നില്ല. അദ്ദേഹത്തിന് അത്തരം ഒരു പരാമര്‍ശം നടത്തേണ്ട ആവശ്യം എന്തായിരുന്നു എന്നതിന് ഉത്തരമില്ല. സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോള്‍ ഒരു ഗായകന്‍ ജീന്‍സ് എന്ന വിഷയത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. പോരാഞ്ഞ്, ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സ്വന്തം വീട്ടിലേക്ക് നാട്ടുകാര്‍ ക്യാമറ തിരിച്ച്, മരുമകള്‍ ഷോര്‍ട്ട് ടോപും ടൈറ്റ് ജീന്‍സും ധരിച്ച എണ്ണമറ്റ ഫോട്ടോകള്‍ ഇടുന്നത് വരെ എത്തിച്ച അനാവശ്യമായ ആ ഒരു വാക്യം, അദ്ദേഹത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. അനുഗ്രഹീതകലാകാരന്‍റെ അനാവശ്യപരാമര്‍ശത്തെക്കുറിച്ച് ഒരു സാധാരണസ്ത്രീയുടെ പ്രതികരണമടങ്ങിയ ഒരു തുറന്നെഴുത്തായി ഈ ലേഖനം ഞാന്‍ സമര്‍പ്പിക്കുന്നു.