Jyothy Sreedhar

പുരുഷന്‍

പിച്ചിച്ചീന്തുക നിനക്കു ലോകമിട്ട നാമത്തെ. അതോളം, നിന്നെ വ്യര്‍ത്ഥമാക്കുന്ന മറ്റൊന്നില്ല. പിന്നെ, ഭൂമിയെ സ്വന്തമാക്കുക. അതിന്‍റെ ഓരോ അണുവിനെയും സ്പര്‍ശിച്ചുണര്‍ത്തുന്ന ഋതുക്കളെ പോലെ. നാടിനെ, സമൂഹത്തെ, പിന്നെ സ്വഗൃഹത്തെ ബന്ധനത്തില്‍ നിന്നു തള്ളിമാറ്റുക. നീ സ്വതന്ത്രമാകുക. പരിധികളെ ഒഴിവാക്കുക. നിനക്കതു വേണ്ട. നിന്നില്‍ സമൂഹം കുത്തിവച്ച അച്ചടക്കബോധത്തെ വിസര്‍ജ്ജ്യമായി കരുതുക. അതു മറ്റൊന്നാകുന്നില്ല. കുടഞ്ഞെറിയുക നീയെന്നു നിന്നെ തെറ്റിധരിപ്പിക്കുന്നതെല്ലാം. ശേഷം, യാത്ര തുടങ്ങുക. എന്തിനു വേണ്ടി വന്നുവോ, അവിടെയ്ക്ക്... എന്നിലേയ്ക്ക്. ചിന്തകളെ സഹയാത്രികരാക്കുക; അവയ്ക്കു ചിറകുകള്‍ നല്‍കുക. സ്വപ്‌നങ്ങള്‍ കാണുവാന്‍ ഉറങ്ങുക; അവയെ സ്വതന്ത്രമാക്കുക. വികാരങ്ങളെ ഞെരിക്കാതിരിക്കുക; അവ കാവ്യങ്ങളെഴുതുന്നതു കാണുക. ദൂരങ്ങള്‍ നമുക്കൊന്നിച്ചു സഞ്ചരിക്കുവാനല്ലാതെ, നമുക്കിടയില്‍ അകലം കൂട്ടുവാനാവരുത്. ആ അകലത്തെ നീ ഭേദിക്കുക. എന്നിലേയ്ക്കു നടക്കുംതോറും വ്യര്‍ത്ഥതകളെ ഒന്നൊന്നായി വഴിയില്‍ ഉപേക്ഷിച്ചുകൊണ്ടു നടക്കുക. ഒടുവില്‍ എന്നിലെത്തുമ്പോള്‍, നീ മനുഷ്യനാകുക. എനിക്കായി നിന്‍റെ ആത്മാവ് ചുമന്ന് പിറവിയും താണ്ടിയ മനുഷ്യശരീരമാകുക. ശേഷം, എന്‍റെ പുരുഷനും.