പ്രണയം ശോകമെന്നു കരുതി കവിതകള്‍ കുറിച്ചിരുന്നു, നാളുകള്‍ക്കു മുന്‍പ്- കണ്ണീരിന്‍റെത്. കിട്ടാത്ത പ്രണയങ്ങളെ, അരികിലിരുന്ന് പ്രണയിതാവ് മറ്റൊരാളെ പ്രണയിക്കുന്നതിനെ, പ്രണയത്തില്‍ കുമിയുന്ന തിരസ്കാരങ്ങളെ, വിരഹത്തെ, ഞാന്‍ എഴുതിയിരുന്നു. കൂടെ കരഞ്ഞിരുന്നു. നീയെനിയ്ക്കു തന്ന പ്രണയം ഹൃദയത്തില്‍ നിന്നുണര്‍ന്ന് നാഡികളിലൂടെ എന്നെ പുനര്‍ജ്ജീവിപ്പിച്ചു. പ്രണയം ശോകത്തിന്‍റെതല്ലെന്ന് നിന്നോളം ശക്തമായി നീ പറഞ്ഞു. ഇന്ന്, എന്റെയുള്ളില്‍ നീ പണിതുയര്‍ത്തുന്ന എന്‍റെ പുതിയ വ്യക്തിത്വത്തിലൂടെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എന്നെ നോക്കി, നീ വരച്ചുകാട്ടുന്ന- യെന്റെ ചിത്രത്തില്‍ എന്നിലുള്ള സങ്കല്‍പ്പത്തെക്കാള്‍ ഞാന്‍ മനോഹരിയെന്ന് നീ ചൂണ്ടിക്കാട്ടി. എന്നിലെ അന്ധകാരത്തില്‍ മയങ്ങിയിരുന്ന എന്റെ ശബ്ദങ്ങളെ ശ്രുതി ചേര്‍ത്തു നീ മീട്ടിയപ്പോള്‍, ഞാന്‍ അമ്പരപ്പോടെ പാടി. എന്‍റെ പുതിയ ഗാനങ്ങളിലൂടെ നിന്നെ ഞാന്‍ പ്രണയിച്ചു. നിന്നോടുള്ള പ്രണയത്തില്‍, നിന്റെ കരങ്ങളാല്‍ ഞാന്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. പുഞ്ചിരിച്ചുകൊണ്ട്, ഞാന്‍ പ്രണയകവിതകള്‍ കുറിയ്ക്കുന്നു- കണ്ണീരിന്‍റെതാകാത്തത്.