നീയില്ലാത്ത ശൂന്യതയിലേയ്ക്കിറങ്ങി എന്‍റെ ചിന്തകള്‍ സ്വയം വരളുന്നു. നനവില്‍ പുതഞ്ഞു തളിര്‍ക്കുവാന്‍ എന്‍റെ കണ്ണീരിനെ കാക്കുന്നു. കരയുവാന്‍ തുടങ്ങുമ്പോള്‍, പിന്നില്‍ നിന്നു മൃദുലമായി പുണര്‍ന്ന് നിന്‍റെ ഓര്‍മ്മകളെന്നെ പ്രണയിക്കുന്നു. ചിന്തകളും ഓര്‍മ്മകളും തമ്മില്‍ നിരന്തര യുദ്ധങ്ങള്‍ ഉണ്ടാകുന്നു. നിന്‍റെ വളരുന്ന അസാന്നിധ്യം എന്നെ, എന്‍റെ വര്‍ത്തമാനകാലത്തെ, എന്നും ജയിക്കുന്നു. നിശബ്ദമായി ഞാന്‍ തോല്‍വികളെ, ഞാനറിയുന്ന വീര്‍പ്പുമുട്ടലിനെ, ഉള്ളിലെ അന്ധകാരത്തെ, വേദനയ്ക്കപ്പുറമുള്ള ഒന്നിനെ, എന്‍റെ വ്യഭിചാരീഭാവങ്ങളെ, പുഞ്ചിരിയാല്‍ പുതയ്ക്കുന്നു. ലോകം പുതപ്പിനെ കണ്ട്, അതിന്‍റെ ഭംഗിയെ വര്‍ണ്ണിക്കുന്നു. ഒരു കണ്ണീര്‍ത്തുള്ളി മാത്രം ഒറ്റുകാരനാകുന്നു.