പഴകിമുഷിഞ്ഞ തറവാട്ടു വീട്ടില് ഓടു മേഞ്ഞ മേല്ക്കൂരയ്ക്കടിയില് പാതി ചാരിയ തടിവാതിലിന് പിന്നില് എത്തി നോക്കുന്ന പാവാടക്കാരി. ആരും കാണാത്ത മൂലയില് ഒളിച്ചു, ആരും ശ്രധിക്കാത്തൊരു ജന്മമായി, എന്തിനു വേണ്ടിയെന്നറിയാതെ ശക്തിയാല് ആഞ്ഞാഞ്ഞു ശ്വസിച്ചൊരു ജീവിതവും... ഗ്രാമത്തിന് മാറില് അള്ളിപ്പിടിച്ചു നഗ്ന പാദങ്ങളില് ചെളി പുരണ്ടു അലക്ഷ്യമായി ആകാശത്തേക്ക് നോക്കി നടന്നു തീര്ത്ത നാട്ടു വഴികള്... അറിയാത്ത വൃക്ഷങ്ങള് അറിയാതെ വളര്ന്നു പച്ചയായി തിങ്ങിയ റബ്ബര് തിട്ടകളില് ഉത്സാഹമില്ലാത്ത നോട്ടങ്ങള് എയ്തു അറിയാതെ പോയൊരു ബാല്യവും മഴയത്ത് തുള്ളിചാടിയ പൈക്കള്ക്കിടയില് മേഘങ്ങള് അവള്ക്കു കാര്മെഘങ്ങലായ് മുറ്റത്തേക്ക് നീണ്ടൊരു ഖോരമാം മിന്നലില് ഭയക്കാതെ പോയൊരാ മനസ്സല്ലാ മനസ്സും... അവള്ക്കായി ചാഞ്ഞൊരു വൃക്ഷചില്ലയില് ഭാരമായി തൂങ്ങിയോരായിരം പഴങ്ങളും ആരോ ചിട്ടപ്പെടുത്തിയൊരു വൃത്തത്തില് അവള്ക്കായി ദാഹിച്ച വെള്ളവും... അവള് നോക്കാതെ ഇരുന്നിട്ടും അവള്ക്കായി പൂത്തുലഞ്ഞ സൌരഭ്യവും സാന്ത്വനം ഇല്ലാതെ നീണ്ട വര്ഷങ്ങളില് അവള്ക്കായേറെ സഹതപിച്ചിരുന്നു... അവള് നടന്ന വഴികളില് ഇന്ന് ഞാന് അടികള് വയ്ക്കുമ്പോള് കാണാതെ പോയ ദൃശ്യങ്ങള് ഈ ഗ്രാമം പോല് സൌന്ദര്യമായ്... ചരിത്രം ഉറങ്ങുന്ന ചിത്രങ്ങളില് ആ പാവാടക്കാരിയെ ഞാന് കണ്ടു. അമ്മയ്ക്ക് പിന്നില് അമ്മ കാണാതൊളിച്ചു അദൃശ്യയായ് അതില് ഞാനും ഉണ്ടായി. വര്ഷങ്ങള് തേച്ചു മായ്ക്കാന് ശ്രമിച്ചിട്ടും ചിത്രത്തിന് കോണുകള് അടര്ന്നിട്ടും മുഖത്തെ ഭാവങ്ങള് പാഴാകാതെ ഓര്മ്മകള് ഒപ്പിട്ട ചിത്രം... ഈ ചിത്രത്തിലുറങ്ങുന്ന ഏടുകള് അമ്മയുടെ പുഞ്ചിരി പോല് അദൃശ്യം എങ്കിലും മോഹങ്ങളെ ഉറക്കിയ താരാട്ടായി ഒരീണം അതില് പതിഞ്ഞിരുന്നു... നാളുകള് തിരശ്ശീല വീഴ്ത്തിയാലും ഓര്മ തന് അഗ്നി കേട്ടടങ്ങിയാലും അന്നും ഉണ്ടാവും ഈ പഴകി ദ്രവിച്ച ചിത്രവും അതില് ജീവിതം പോല് മറന്ന പുഞ്ചിരിയും...!
