Jyothy Sreedhar

പാതിനിദ്ര

എന്‍റെയുള്ളിലെ നീയെന്ന ലോകത്ത് എന്നെ മറന്നു ഞാന്‍ നൃത്തം ചെയ്യാറുണ്ട്. എന്‍റെ ചുവടുകള്‍ക്കൊപ്പം മനസ്സു പാടാറുണ്ട്... എന്‍റെ തലമുടിയത്രയും കാറ്റിനെയറിഞ്ഞ്, ഗതിനിയന്ത്രണമില്ലാതെ, എന്‍റെ പുഞ്ചിരിയ്ക്കൊപ്പം ചലിക്കാറുണ്ട്. എന്‍റെ കയ്യുകള്‍ തമ്മിലുരസുമ്പോള്‍ ഇടാത്ത കുപ്പിവളകള്‍ കിലുങ്ങാറുണ്ട്. അതില്‍ നിന്നൊരു പെണ്‍കൊഞ്ചല്‍നാദം ഉയരാറുണ്ട്. അരികില്‍ ചുറ്റുന്ന ചെറുകാറ്റില്‍ പാദംതൊടുന്ന വസ്ത്രം ചിണുങ്ങാറുണ്ട്. കയ്യില്‍ ഇല്ലാത്ത പൂക്കള്‍ വിടരാറുണ്ട്. എന്‍റെ കണ്ണുകള്‍ വരയ്ക്കുന്ന ഗതിയില്‍ നിലാവൊഴുകാറുണ്ട്. താരങ്ങളുണ്ടാവാറുണ്ട്. കുസൃതിത്തോഴികളായവ കണ്ണുചിമ്മാറുണ്ട്. ഞാനാശിയ്ക്കുംപോലെ നിറങ്ങള്‍ മാറി ചുറ്റും ചിത്രങ്ങളുണ്ടാവാറുണ്ട്. എന്‍റെ വിരല്‍ത്തുമ്പില്‍ ചിത്രശലഭങ്ങള്‍ ചിറകടിക്കാറുണ്ട്. പിന്നെ... സ്വപ്നമെന്ന് തോന്നുംമാത്രയില്‍ ഉണരരുതെന്നാശിയ്ക്കാറുണ്ട്; ദിവാസ്വപ്നമെന്നു തോന്നുമ്പോള്‍ സ്വയം നുള്ളാതിരിയ്ക്കാറുണ്ട്. മായയെന്നോര്‍ക്കുമ്പോള്‍ സ്പര്‍ശിയ്ക്കാതിരിയ്ക്കാറുണ്ട്. നിദ്രയോളം, പാതിനിദ്രയോളം, നിശയോളം, പകലോളം, ഉണര്‍വ്വോളം, നിന്നെ പ്രണയിക്കുക മാത്രം ചെയ്യാറുണ്ട്.