Jyothy Sreedhar

പഴംപാട്ട്

ഒരു കുഞ്ഞു വിടവിലൂടൂര്‍ന്നിറങ്ങി- യൊരു ചെറുകാറ്റെനിക്കായ്‌ വീശിയിന്ന്‍... അന്നതിനായ്‌ നാമിട്ടയിടത്താളങ്ങള്‍ വെറും പഴംപാട്ടായതു മറന്ന പോലെ... അന്നത്തെ കാറ്റെന്നോ മരിച്ചിരുന്നു... നാം കോര്‍ത്ത ശ്വാസങ്ങള്‍ നൊന്തിരുന്നു... ഓരോ ഇഴയായ്‌ ലാളിച്ചു നീയെന്‍ പ്രണയത്തെയുണര്‍ത്തിയ വിരല്‍ത്താളം. അതെന്നില്‍ പതിച്ചെന്‍ പ്രിയരാഗമൊന്നിച്ചു ഗാനമായുതിര്‍ന്നു നിന്നധരങ്ങളിലൂടെ... ഉയര്‍ന്നതൊക്കെയുമാര്‍ദ്രമാം മിടിപ്പുകള്‍ അറിയാതെ വിട്ടു നാം രണ്ടു മിടിപ്പുകള്‍... എന്നിട്ടു നീ നിന്‍ ശ്വാസത്തില്‍ പൊതി- ഞ്ഞൊരു കാണാചുംബനമെന്നില്‍ പതിച്ചതും, പിരിയുമ്പോള്‍ കണ്ടൊരസ്തമസൂര്യനെ മറച്ചു നീയെന്നെ നിഴലായ്‌ പുണര്‍ന്നതും ചെറുകാറ്റു സാക്ഷിയായ്‌ എന്നെ പ്രണയിച്ചു പകരമായെന്‍ പ്രണയം ചോദിക്കാതിരുന്നതും... അന്നു നീ പറഞ്ഞതിനിടയിലെവിടെയായ്‌ പറയാത്തതും ഞാന്‍ കേട്ടിരുന്നു... അവിടെ നീ കാത്തൊരു സ്വപ്നങ്ങളില്‍ നിന്ന് ഇന്നലെകള്‍ ഞാന്‍ അടര്‍ത്തിയിരുന്നു... ഇന്നു നീ പറയാതെ വിട്ടൊരാ വരികളില്‍ നീ പറഞ്ഞതു ഞാന്‍ കേട്ടിരിക്കുന്നു... നിശബ്ദത... നീ പറഞ്ഞയാ നിശബ്ദത. പിന്നെയൊന്നും പറയാത്ത- യാ നിശബ്ദത! ഞാന്‍ കേട്ടിരിക്കുന്നു! പതിച്ചിരിക്കുന്നു. ഇനിയൊന്നും പറയുവാനില്ലാതെ... ഇന്നും ഞാന്‍ കാണുന്നൊരസ്തമസൂര്യനില്‍ തീഗോളമെന്ന പോല്‍ ചുട്ടെരിയുമ്പോള്‍ ഞാന്‍ മരിക്കുന്നാ പഴംപാട്ടു പോലെ... എനിക്കായ് നീണ്ടൊരു ദഹനകിടക്കയായ്‌ ചന്ദനമുട്ടിപോല്‍ സുഗന്ധമാം ഓര്‍മ്മകള്‍... ഗന്ധമാര്‍ന്നു മരിക്കാം... ചെറുകാറ്റില്‍... പഴംപാട്ടില്‍...