ദേഹിയുടെ ദേഹപ്രവേശങ്ങള്‍ പോലെ നീളുന്നു എന്റെ നിയതമായ പട്ടണപ്രവേശങ്ങള്‍... പരദേശിയെന്നു വിളിക്കുന്നു, പിറന്ന നാടും ഞാന്‍ കഴിഞ്ഞു പിറന്ന നാട്ടുകാരും. വിഭജനങ്ങള്‍ ആണ് ഞാന്‍ കാണുന്ന ലോകം, ഞാന്‍ അറിയുന്നുവെന്നഹങ്കരിക്കുന്ന ജീവിതം, പിന്നെ സത്യമോ എന്നറിയാത്ത ജന്മങ്ങള്‍ എന്ന വിശ്വാസം. എവിടെയാണ് സ്വദേശം എന്ന ചോദ്യത്തില്‍ ഞാന്‍ ഉഴലുന്നു, ശബ്ദമില്ലാതെ നിലവിളിക്കുന്നു. സ്വന്തമെന്നോര്‍ത്തു തലചായ്ക്കാന്‍ ഉണ്ടോ ഈ ഭൂലോകത്തില്‍ എനിക്കൊരിടം? സ്വന്തമെന്നോര്‍ത്തു വസിക്കുവാന്‍ ഉണ്ടോ ഒരു കണികയെങ്കിലും ഈ പ്രപഞ്ചത്തില്‍? മനുഷ്യന്‍ എന്നെ പോലെ പ്രവാസി... പിന്നെ നാടോടി... ഉത്സവങ്ങളില്‍ ബന്ധിതമായ ദേശാടനജീവികള്‍. എന്നിട്ടും, സ്വം തേടിയലയുന്നത്രേ അറിവ് കൂടുംതോറും മനുഷ്യന്‍! സ്വഗൃഹം തേടിയലയുന്നോരോ ഗ്രന്ഥവും! സ്വന്തം ആത്മാവിനെ പ്രാപിക്കുവാന്‍ സന്യാസം! കൂപമണ്ടൂകങ്ങള്‍ എത്രയോ ഭേദം!