ഭാരമെല്ലാമൊഴിഞ്ഞ്
പഞ്ഞിയുടെ ഒരു നാമ്പ് മാത്രമായി
ഇവിടെ ഞാൻ പറക്കുന്നു.
സ്വയം കുടഞ്ഞെറിയുന്നു.
ഹൃദയമിടിപ്പിന്റെ ഭാരം,
നാഡിത്തുമ്പിലെ തരിപ്പ്,
കാഴ്ചയുടെ കനം,
കേൾവിയുടെ മുഴക്കം.
എല്ലാം കുടഞ്ഞെറിയുന്നു.
എന്റെ അരുവികൾ ഇടം തേടുമ്പോൾ
നീ തീർത്ത, സൂര്യതാപമുള്ള,
കരുത്തുള്ള കരവലയത്തിലെ
അസ്വസ്ഥമായ സമുദ്രത്തിന് ദാഹിച്ച്
അവയെ വിഴുങ്ങുന്നത്
ഞാനറിയുന്നു.
ശേഷം,
ഞാൻ എന്നെ കണ്ടെത്തുന്നു.
ഒരുവനിലേയ്ക്ക് ചാഞ്ഞ,
അവനിലേയ്ക്ക് എല്ലാം കൊടുത്തൊഴിച്ച
ഭാരങ്ങളില്ലാത്ത, ഒരു പെണ്ണ്-
നിന്റെ മാത്രമെന്ന് കേട്ടാൽ
നാണം തൂകി, ചുവന്നു തുടുക്കുന്ന,
നിന്നോടണയുന്ന ഒരു നറുപെണ്ണ്.
എങ്കിലും, പിന്നെയും ജ്വലിച്ചു കൊണ്ട്
നിന്റെ പ്രണയാഗ്നിയോട്
മത്സരിച്ച് കിടപിടിക്കാൻ
ഉണരുന്ന ഒരുവൾ.
നിന്റെ.
നിന്റെ.
നിന്റെ.