Jyothy Sreedhar

പകലിനെ കാക്കാതെ...

സന്ധ്യയടങ്ങിയ നേരത്ത്, വരാന്തയില്‍ നിന്നീ നിശയിലെ ചെറുവെട്ടങ്ങളെ നോക്കുമ്പോള്‍, പിറകില്‍ നിന്നു മെല്ലെ, രാത്രിയുടെ തണുപ്പിഴഞ്ഞെന്നെ നീയായി പുതയ്ക്കുന്നു. നിന്‍റെ കരങ്ങള്‍ക്കുള്ളില്‍ നിന്നുകൊ- ണ്ടീദിനത്തെ ഞാന്‍ മറക്കുന്നു. പിന്നെയുള്ളയോരോ ശ്വാസവു- മെന്‍റെ മനസ്സിനെ ലോലമാക്കുന്നു. ഒരു ശ്വാസത്തിന്‍റെയത്ര നേര്‍ത്ത് ഞാന്‍ നിന്നിലുള്‍ക്കൊണ്ടലിയുമ്പോള്‍, ഇതാണെന്‍റെ പ്രണയമെന്നു ചൂണ്ടി- യാരോടോ പറയുവാന്‍ കൊതിച്ച് പിറകിലെ നിന്‍റെ മാറില്‍ ചാ- ഞ്ഞീ ജന്മഭാഗ്യം പേറി ഞാന്‍ നില്‍ക്കും. നിന്‍റെ പ്രണയിനിയാകുന്നതില്‍ മാത്രമായ്‌ എന്‍റെ ഗര്‍വ്വുകളപ്പോളൊതുങ്ങുന്നു. നിന്‍റെ ചെറുതാലോലത്തില്‍ കണ്ണടഞ്ഞ്, സ്വപ്നങ്ങളാല്‍ നിന്നിലലിയുമ്പോള്‍, ഞാനൊടുവിലണയുന്ന ഗൃഹം, എന്‍റെ രാത്രികള്‍, എന്‍റെ ശാന്തത, നീയെന്ന എന്‍റെ പ്രണയമാകുന്നു. എന്‍റെ ലോകം ഒന്നായ്‌ ചുരുങ്ങി എന്‍റെ മുടിയില്‍ തലോടുന്ന നിന്‍റെ കൈവിരലുകളുടെ താരാട്ടില്‍ പ്രണയാതുരമായുറങ്ങുന്നു. ഒരു പകലിനെ കാക്കാതെ, രാത്രി ശാന്തമായൊഴുകുന്നു.