ദൂരെ ഒരിടത്ത്, എന്റെ ചിന്തകള്‍ മാത്ര- മെത്തുന്ന ഒരകലത്ത് നീയുണ്ടെന്നോര്‍ക്കുമ്പോള്‍, കവിത്വത്തിന്‍റെ മായാസഞ്ചാരത്തില്‍ നിന്‍റെയരികിലെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതിനായാണ് എന്നും നിന്നെക്കുറിച്ച് ഞാന്‍ കവിതകള്‍ കുറിക്കാറ്. കണ്ണടച്ചാല്‍, കാതടച്ചാല്‍, എന്‍റെ ശ്വാസത്തിന്‍ ദൂരത്ത് നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന് എന്‍റെ കവിതകളിലൂടെ ഞാന്‍ സങ്കല്പ്പിക്കാറുണ്ട്. എന്‍റെ മായാവലയത്തെ ഭേദിച്ച്, ഒരാള്‍ക്കൂട്ടത്തിനു നടുവില്‍ നീ നില്‍ക്കുന്നെന്ന് കേള്‍ക്കുമ്പോള്‍, യാഥാര്‍ത്ഥ്യം എനിക്ക് കാവ്യമില്ലാത്ത കയ്പാകുന്നു. അവിടെയുള്ളവരോട് എനിക്കില്ലാത്ത എന്തോ സൌഭാഗ്യത്തെ പിടിച്ചുവാങ്ങിയരോടെന്ന പോലെ, അസൂയ മാത്രം തോന്നുന്നു. എന്നെക്കാള്‍ അവര്‍ക്കു നീ പ്രിയമല്ലെങ്കിലും, നിന്നെ കാണുന്നതിലൂടെ, നിന്‍റെ ശബ്ദം കേള്‍ക്കുന്നതിലൂടെ, അവരെന്നെ ജയിക്കുന്നു. ആ ജനക്കൂട്ടത്തിലെ, നീയറിയാത്തവരോട് പോലും എനിയ്ക്കു പക തോന്നുന്നു. എന്നെ നിലയുറപ്പിക്കാത്ത, എന്നെ വേട്ടയാടുന്ന ഒരസ്വസ്ഥത എന്റെയുള്ളില്‍ അവര്‍ മൂലം ജനിയ്ക്കുന്നു. ഒരിക്കല്‍ വാശിയോടെ, നിന്നോട് ചേര്‍ന്നുനിന്ന്, നിന്‍റെ ശ്വാസത്തെ തൊട്ട്, നിന്‍റെ സ്പര്‍ശമനുഭവിച്ച് എനിക്ക് വീട്ടാന്‍, അവരറിയാത്ത എന്‍റെ പക, അവരോടുള്ള എന്‍റെ അസൂയ, ഞാന്‍ കാത്തുസൂക്ഷിക്കും. അതിലൂടെയാണ്, എന്റെയിന്നത്തെ ചവര്‍പ്പുകള്‍ നാളത്തെ അതിമധുരങ്ങളാകുന്നത്.