Jyothy Sreedhar

നോട്ട്ബുക്ക്‌- ജൂലൈ രണ്ട്

എന്റെ വാക്കുകള്‍ ചിലപ്പോള്‍ ഒരു ഭ്രാന്തോടെ ആണ് എന്നെ സമീപിക്കാറുള്ളത്. എന്റെ മനസ്സില്‍ എന്താണെന്നു അവയാണ് എനിക്ക് പറഞ്ഞു തരാറുള്ളത്. അതും ഞാന്‍ ഒരു കാണിയെ പോലെ ഇരിക്കുമ്പോള്‍ അത് ഒരു സിനിമ പോലെ എന്റെ മനസ്സ് എനിക്കായി പ്രദര്‍ശിപ്പിക്കും. ഊഹങ്ങളെയൊക്കെ വെല്ലുവിളിച്ച്‌, അവസാനം അമ്പരപ്പിക്കുന്ന ഒരു ക്ലൈമാക്സ്‌ എനിക്കത് തരും. അതോടെ, അത്ര നേരം അനുഭവിച്ച ഭാരം അവിടെ ഒരു കവിതയോ ലേഖനമോ ആയി രൂപാന്തരപ്പെട്ടിട്ടുണ്ടാവും. ഞാന്‍ അല്ല എഴുത്തുകാരി. എന്റെ മനസ്സാണ് എഴുതുന്നത്‌... എല്ലാം.... എന്നെപ്പോലും അതിശയിപ്പിച്ചുകൊണ്ട്... ഈ മുഖവുര ഈ ലേഖനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ മറന്നേക്കാം. പക്ഷെ, നിങ്ങള്‍ തിരിച്ചെത്തും... ഇവിടേയ്ക്ക് തന്നെ. ഞാന്‍ തുടങ്ങുന്നു... പതിവിനെക്കാളേറെ ഒരു നനവിന്‍റെ സ്പര്‍ശമുണ്ടായിരുന്നു 'നോട്ട്ബുക്ക്‌' എന്ന ചിത്രം ഞാന്‍ ഇപ്പോള്‍ കണ്ടപ്പോള്‍. ഏഷ്യാനെറ്റ് ചാനലില്‍ ആ സിനിമ ഇപ്പോള്‍ തീര്‍ന്നതും ലാപ്ടോപ് എടുത്ത് ഉള്ളിലെ അഗ്നിപര്‍വതത്തെ പ്രവഹിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഭ്രാന്ത് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നു. എന്തൊക്കെയോ ഉണ്ടുള്ളില്‍, പറയുവാനും, പറഞ്ഞാല്‍ തീരാത്തതും, പറയാന്‍ അറിയാത്തതും, പറഞ്ഞാല്‍ മനസ്സിലാവാത്തതും, അംഗമെ എന്തൊക്കെയോ... എങ്കിലും ഒരു ശ്രമം... എന്റെ മനസ്സിനുള്ള ഒരു ആശ്വാസം. അത്ര മാത്രം. മൂന്നു മണിക്കൂര്‍ മുന്‍പിലേക്ക് ഒരു ഫ്ലാഷ്ബാക്ക്... എന്തുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഇന്ന് തുടര്‍ച്ചയായി കാണുന്നത്? സാധാരണ ഈ ചിത്രം വരുമ്പോള്‍ കൂടി വന്നാല്‍ കുറച്ചു നേരം എന്നല്ലാതെ, അധിക നേരം ഇരിക്കാറില്ല ഞാന്‍. ഇഷ്ടമല്ലാത്തതുകൊണ്ടല്ല, വീണ്ടും വീണ്ടും എന്നെ പിടിച്ചിരുത്തുന്ന പ്രത്യേകിച്ച് ഒരു ഘടകവും അതില്‍ ഇത്ര നാളും ഞാന്‍ കണ്ടിട്ടില്ല എന്നതുകൊണ്ടാണ്... പക്ഷെ, മറ്റൊരു ചാനലില്‍ എന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ഐഡല്‍ നടക്കുമ്പോഴും പരസ്യമടക്കം ഞാന്‍ ഏഷ്യാനെറ്റില്‍ തന്നെയായിരുന്നു, എന്നെ തന്നെ അത് ഞെട്ടിച്ചു എന്ന് പറയണം. പല രംഗങ്ങളും കണ്ടു ഞാന്‍ ചിരിച്ചു, അവരോടൊപ്പം ഒരു കുട്ടിയായി സങ്കല്‍പ്പിച്ചു, അവരുടെ പ്രശ്നങ്ങളില്‍ വിഷമിച്ചു... അങ്ങനെ ആ സിനിമയുടെ ഒരു ഭാഗമായിരുന്നു ഞാന്‍ ഇന്ന്. അങ്ങനെ പോകുമ്പോള്‍, അവസാന രംഗങ്ങളില്‍ പതിവിലേറെ വികാരതീവ്രത എനിക്കനുഭവപ്പെട്ടു... അടുത്ത മുറിയില്‍ ഉറങ്ങുന്ന എന്റെ ഭര്‍ത്താവ് കാണില്ലെന്നുറപ്പില്‍ ഞാന്‍ കരഞ്ഞു... ഇതൊന്നും എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു അപ്പോഴും... സിനിമയുടെ അവസാന ഭാഗങ്ങളില്‍ ഒന്നില്‍ റോമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി സ്കൂളില്‍ എത്തുന്ന സുരേഷ് ഗോപി. അവിടെ എന്റെ മനസ്സ് ഒന്ന് തങ്ങി... മകള്‍ അവളുടെ സുഹൃത്തിന്റെ മരണത്തിന് കാരണമായി എന്ന ആരോപണത്താല്‍ അവളെ പുറത്താക്കുന്ന സ്കൂളില്‍ നിന്ന് അവളെ ഏറ്റുവാങ്ങാന്‍ വരുന്ന അച്ഛന്‍. പോലീസും പ്രിന്സിപലും മാറി മാറി അവളെക്കുറിച്ച് കുറ്റം പറയുമ്പോഴും, അവളുടെ കുറ്റവാസനയെ ഇനിയെങ്കിലും ശ്രദ്ധിക്കണം എന്ന് ഉപദേശിക്കുമ്പോഴും, കസേരയില്‍ നിന്ന് ചാടി ഇറങ്ങി മകളെ ചേര്‍ത്ത് പിടിച്ച് ആ അച്ഛന്‍ പറയുന്നത് "ഷീ ഈസ്‌ മൈ ഡോട്ടര്‍" എന്നാണ്. ആ സിനിമയുടെ ഏറ്റവും മൂല്യമാര്‍ന്ന രംഗങ്ങളില്‍ ഒന്ന്... കുറച്ച ചിന്തകള്‍ അവിടെ വട്ടമിട്ടു പറന്നു... ഇന്നും, എന്ത് കൊണ്ട് കുട്ടികള്‍ ഒരു പി ടി എ മീടിങ്ങിനെ ഭയക്കുന്നു? അവര്‍ കുറ്റം ചെയ്തിട്ടല്ല, പക്ഷെ കുറ്റാരോപണങ്ങളെയാണ് അവര്‍ ഭയക്കുന്നത്. ചില അധ്യാപകര്‍ കുട്ടികളുടെ അച്ഛനമ്മമാര്‍ വരുമ്പോള്‍ ഒരു മോറല്‍ സൈന്‍സ് ക്ലാസ്സ്‌ തുടങ്ങാന്‍ എന്ന പോലെ തയ്യാറായിരിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അവര്‍ക്കുള്ളിലുള്ള എല്ലാ തോന്നലുകളും വസ്തുതകളായി കുറച്ച്‌ അങ്ങിങ്ങായി നിറങ്ങള്‍ പിടിപ്പിച്ച് അവതരിപ്പിക്കും. മനസ്സില്‍ തോന്നിയ ഒരു കഥ സംവിധായകന്റെ അടുത്ത് പറഞ്ഞ് കയ്യടി കിട്ടിയ പോലെ അവര്‍ ശേഷം ഞെളിഞ്ഞിരിക്കും. പുറകു തിരിഞ്ഞു തല താഴ്ത്തി പോകുന്നത് ഒരു ജീവിതമാണ് എന്നോര്‍ക്കില്ല അവര്‍. അവര്‍ക്കത് പലതില്‍ വെറും ഒന്നാണ്... ഒരുപാട് നല്ല വൈരക്കല്ലുകള്‍ ഉള്ളപ്പോള്‍ ഇടയില്‍ ഭംഗിയില്ലാതെ കിടക്കുന്ന ഏതോ ഒരു കല്ല്‌. അത്തരം ഒരു കല്ലായിട്ടുണ്ട് പണ്ടൊരിക്കല്‍ എന്റെ അച്ഛന്‍. എന്റെ പത്താം ക്ലാസ്സില്‍ ഒരു സിസ്റ്റര്‍ എന്റെ അച്ഛനെ കാണണം എന്ന് പറഞ്ഞു. അത്തവണ എന്റെ മാര്‍ക്ക്‌ അല്പം മോശമായിരുന്നു എന്നത് സത്യം, പക്ഷെ പുറമേ ഞാന്‍ എന്റെ ഡാന്‍സിനും പാട്ടിനും വേണ്ടി ആ നാളുകളില്‍ ഏറ്റെടുത്ത ടെന്‍ഷന്‍ ആ പ്രായത്തില്‍ എനിക്ക് വളരെ കൂടുതല്‍ ആയിരുന്നു എന്നത് അവര്‍ക്ക് അറിയേണ്ടയിരുന്നു. എന്റെ അച്ഛന്‍ സ്കൂളില്‍ വന്നതും പോയതും ഞാന്‍ അറിഞ്ഞില്ല. അതെ സിസ്റ്റര്‍ എന്നെ വിളിച്ചു അച്ഛനോട് ഇതൊക്കെയാണ് പറഞ്ഞതെന്ന് രൂക്ഷമായി എന്നോട് പറഞ്ഞപ്പോള്‍, മനസ്സിന് ഒരു വലിയ ഭാരം ഉണ്ടായിരുന്നു. ക്ലാസിലെത്തിയതും ഞാന്‍ കരഞ്ഞു, ഞാന്‍ കുറ്റം ചെയ്തെന്ന ചിന്തയില്‍ അല്ല, മറിച്ച് ഞാന്‍ കാരണം അച്ഛന്‍ തല താഴ്ത്തെണ്ടി വന്ന ആ നിമിഷത്തെ ഓര്‍ത്ത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍, സ്വന്തമായ ശാന്തതയില്‍ അച്ഛന്‍ സോഫയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങോട്ട്‌ ചോദിയ്ക്കാന്‍ ഒരു മടി. ചായ കുടിക്കുമ്പോള്‍ ധൈര്യം സംഭരിച്ച് അച്ഛനോട് ഞാന്‍ കാര്യം ചോദിച്ചു. "ഒന്നുമില്ല, നിന്റെ പഠിത്തത്തില്‍ ഞങ്ങള്‍ ശ്രദ്ധിക്കണം, നീ അല്‍പ്പം പുറകോട്ടാണ്‌ എന്ന് സിസ്റ്റര്‍ പറഞ്ഞു" എന്ന് അച്ഛന്‍ പറഞ്ഞവസാനിക്കുമ്പോള്‍ അച്ഛന്റെ കണ്ണില്‍ ഒരു നിരാശ ഞാന്‍ കണ്ടു. ഒരു കുറ്റം പോലും അച്ഛന്‍ പറയുകയോ, വഴക്ക് പറയുകയോ, എന്തുകൊണ്ട് എന്നൊരു ചോദ്യം ചോദിക്കുകയോ ഒന്നും ഉണ്ടായില്ല. അച്ഛന്റെതായ നിരവികാരതയില്‍ അച്ഛന്‍ അത്ര മാത്രം പറഞ്ഞവസാനിപ്പിച്ചു. പക്ഷെ, എന്റെ സങ്കല്‍പ്പത്തില്‍ ഞാന്‍ കണ്ട എന്റെ അച്ഛന്റെ കുനിഞ്ഞ ശിരസ്സ്‌ മാത്രം മതിയായിരുന്നു, പിന്നീട് പല വട്ടം എന്നെ ഓര്‍ത്തു അഭിമാനിച്ച് തലപൊക്കി ഇരിക്കാനുള്ള സാഹചര്യം എന്റെ അച്ഛന് കൊടുത്ത് പ്രായശ്ചിത്തം ചെയ്യുവാന്‍... അതുകൊണ്ട് തന്നെ ഒരു അച്ഛന്റെയോ അമ്മയുടെയോ മുന്നില്‍ വച്ച് വെറും ഒരു ഈഗോ പ്രദര്‍ശനത്തിന്റെ പേരില്‍ കുട്ടിയെ വഴക്ക് പറയുന്ന അധ്യാപകര്‍ എന്റെ പുച്ഛം മാത്രം അര്‍ഹിക്കുന്നവര്‍ ആണ്. ആ ഒരു നേരം കഴിയുമ്പോള്‍ "ഞാന്‍ അത് പറഞ്ഞു, ഇത് പറഞ്ഞു" എന്ന് സ്റ്റാഫ്‌ റൂമില്‍ വന്ന് വീമ്പിളക്കും ഇവര്‍. മറ്റുള്ള അധ്യാപകര്‍ പരദൂഷണം കേള്‍ക്കാനുള്ള സ്വാഭാവിക ത്വരയില്‍ ചുറ്റും കൂടുകയും ചെയ്യും. കഷ്ടം തന്നെ! അധ്യാപകരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, ചില മാതാപിതാക്കളും അങ്ങനെയാണ്... "ടീച്ചറേ, ഇവള്‍ വീട്ടില്‍ ഞങ്ങള്‍ എന്ത് പറഞ്ഞാലും കേള്‍ക്കില്ല" എന്നും പറഞ്ഞാവും ചിലരുടെ വരവ് തന്നെ. സ്വന്തം കുട്ടിയാണെങ്കിലും അടച്ചാക്ഷേപിക്കുമ്പോള്‍, അതാരായാല്‍ തന്നെ അത് എങ്ങനെ കേള്‍ക്കാന്‍ സാധിക്കുന്നു എന്ന് ഞാന്‍ ആലോചിക്കും. അതിനിടയില്‍ സുരേഷ് ഗോപി റോമയെ ചേര്‍ത്ത് നിര്‍ത്തിയത് പോലെ, "ഷീ ഈസ്‌ മൈ ഡോട്ടര്‍" എന്ന് ആരെങ്കിലും തന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞിരുന്നെങ്കിലെന്ന് ആ കുട്ടി ഉള്ളില്‍ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ ഒന്നാവും അത് എന്നോര്‍ക്കുക, ആരായാലും! അതിനു പകരം, കുറ്റം കാണുമ്പോള്‍, "കൊച്ചു നിന്റെയല്ലേ" എന്ന് പറയുന്ന സംസ്കാരത്തിലേക്ക് ദയവായി തരം താഴാതിരിക്കുക. അപേക്ഷയാണ്. ഒരുപക്ഷെ അത്തരം ഒരു കാര്യം മനസ്സില്‍ കിടക്കുന്നത് കൊണ്ടാകും ആ സുരേഷ് ഗോപിയില്‍ എന്റെ അച്ഛനെ ഞാന്‍ കണ്ടത്. ചേര്‍ത്ത് പിടിച്ചില്ലെങ്കിലും അന്ന് അച്ഛന്‍ പറയാതെ പറഞ്ഞത്, അത് തന്നെയാണ്. "സിസ്റ്റര്‍ അങ്ങനെ പറഞ്ഞു, പക്ഷെ നീ എന്റെ മകളാണ്, നിന്നെ എനിക്കറിയാം, എനിക്ക് അപമാനം വരുത്തുന്ന ഒന്നും നിന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്ന് എനിക്കറിയാം" എന്നൊക്കെയാണ് അച്ഛന്‍ പറയാതെയും ഞാന്‍ വ്യക്തമായി കേട്ടത്. സിനിമയിലെ അച്ഛന്റെ കഥാപാത്രത്തിലൂടെ അത് അവതരിപ്പിക്കപ്പെടുകയായിരുന്നു. അവസാന രംഗത്തില്‍, മരിച്ചു പോയ കൂട്ടുകാരിയുടെ "പൂജാ" എന്നുള്ള വിളിയില്‍, പെട്ടെന്ന് ഒരു ഷോക്ക്‌ ഏറ്റ പോലെ... പൂര്‍ണ്ണ അറിവോടെയല്ല ഞാന്‍ പിന്നീട് എന്തിനോ വേണ്ടി തിരഞ്ഞത്. ആദ്യം ക്ലോക്ക് നോക്കിയത്, അതിലെ സമയം കണ്ട് പ്രത്യേകിച്ചൊന്നും തോന്നാതിരുന്നത്, പിന്നെ എന്തോ ഓര്‍ത്ത പോലെ, മൊബൈലിലെ കലണ്ടര്‍ നോക്കി ഇന്നത്തെ ഡേറ്റ് വായിച്ചത്... ജൂലൈ രണ്ട്. ഈശ്വരാ... നാളെ ജൂലൈ മൂന്ന്! എല്ലാം മനസ്സിലാവുന്നത് ഇപ്പോഴാണ്... എന്തുകൊണ്ട് ഞാന്‍ കരഞ്ഞു, എന്തിനു ഞാന്‍ ഈ സിനിമ പതിവില്ലാതെ കണ്ടു, എങ്ങനെ എന്റെ മനസ്സിനെ പിടികിട്ടാതെ ഞാന്‍ ഇത്ര നേരം ഇരുന്നു എന്നൊക്കെ... എന്റെ പൂജ, എന്റെ പ്രിയ, എന്റെ സരിത... അവര്‍ ഒരു കാറപകടത്തില്‍ ഒരുമിച്ചു മരിക്കുന്നത് ഒരു ജൂലൈ മൂന്നിനായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്... അന്നവസാനിച്ച ഒരു സൌഹൃദ യുഗം... അത് പറഞ്ഞുതരികയായിരുന്നു മനസ്സ്... ആ ദിനത്തിന്റെയത്ര ഭ്രാന്തമായി... അതെഴുതി തീര്‍ക്കുക എന്ന കര്‍ത്തവ്യം ഞാനും നിര്‍വഹിച്ചിരിക്കുന്നു. ഒരു തിരുത്ത് പോലുമില്ലാതെ, ഒരിക്കല്‍കൂടി വായിച്ചുനോക്കാതെ...