Jyothy Sreedhar

നുണകളുടെ രാജാവ്

നിന്നെ സ്നേഹിക്കുന്നില്ലെന്ന് ഞാന്‍ പറയാം. രാത്രികളില്‍ നിന്നെ ഓര്‍ക്കാതെയാണ് ഞാന്‍ ഉറങ്ങുന്നതെന്ന്, ഉണരുമ്പോള്‍ നീ ഒരു ചിന്തയല്ലെന്ന്, നിദ്രയും സ്വപ്നവും ഉണര്‍വ്വുമല്ലാത്ത രാത്രിയുടെ യാമങ്ങളുണ്ടെങ്കില്‍ അതില്‍ നീയില്ലെന്ന്, തമ്മില്‍ വാക്കുകളില്ലെങ്കില്‍ നിന്നെ ഓര്‍ക്കില്ലെന്ന്, നിന്‍റെ ദുഃഖങ്ങള്‍ എന്നെ അലട്ടില്ലെന്ന്, ശബ്ദം കേട്ടില്ലെങ്കില്‍ വിരഹമില്ലെന്ന്, നിന്‍റെ പേരില്‍ വായുവിനെ പുണരുന്നില്ലെന്ന്, നീ എന്‍റെ കവിളിലെ ചുവപ്പും എന്‍റെ കണ്ണിലെ ഈറനുമാകുന്നില്ലെന്ന്, നിന്നെ സ്നേഹിക്കുന്നില്ലെന്ന്, ഞാന്‍ പറയാം.

പകരം, എന്നോട് പ്രണയമില്ലെന്ന് പറഞ്ഞ് നിനക്കും കുശുമ്പ് കൂടാം, പല്ലും നഖവും കൊണ്ടെതിര്‍ത്ത് എന്നോട് മത്സരിക്കാം. പിന്നെ, നുണകളുടെ രാജാവും രാജ്ഞിയുമായിരിക്കാം; അപ്പോഴും, ഒരുമിച്ച്.