Jyothy Sreedhar

നീയെന്നെ പ്രണയിക്കാതിരുന്നാല്‍...

നീയെന്നെ പ്രണയിക്കാതിരുന്നാല്‍ അതു മരിക്കുമെന്ന നിന്‍റെ ചിന്ത തെറ്റ്. അതിന്‍റെ വ്യാസം, തീവ്രത നീയറിയുന്നില്ല. നീയെന്നെ പ്രണയിക്കാതിരുന്നാല്‍ എന്‍റെ പ്രണയമിനിയും തീവ്രമാകും. നിനക്കായ് കൂടി പ്രണയിച്ച്, അതിന്‍റെ ജ്വാലകള്‍ കനത്ത്, എന്നെ വൈദേഹിയെപ്പോല്‍ അതുള്‍ക്കൊള്ളും; എന്നെ പരിശുധയാക്കും. നീയെന്നെ പ്രണയിക്കാതിരുന്നാല്‍ പിന്നെ ബന്ധനവും നിബന്ധനകളുമില്ല. ലോകവും സമൂഹവുമില്ല. ശരിതെറ്റുകളില്ല.

നീയെന്നെ പ്രണയിക്കാതിരുന്നാല്‍, അതിനോളം ശരി മറ്റൊന്നുണ്ടാകില്ല. അതിന്‍റെ കുസൃതികള്‍, സംഭാഷണങ്ങള്‍ ഞാന്‍ സ്വന്തമായ് എടുത്തുകൊള്ളാം. എന്‍റെ ആത്മാവിലെ അഗ്നിയായ് അതിനെ കാത്ത്, നിന്നെ എന്നിലേക്കെത്തിച്ച കാലങ്ങള്‍ക്ക് നന്ദിചൊല്ലും. എന്‍റെ ചിരകാലബന്ധുവായ്, ആത്മഭാഗമായ്, നിന്‍റെ അസാന്നിധ്യം പോലും സാന്നിധ്യമാക്കും. മറ്റുള്ളതെല്ലാം അപ്രസക്തമായൊടുങ്ങുമ്പോള്‍ എന്‍റെ പ്രണയം അത്രമേല്‍ തീവ്രമാകും. നീയെന്നെ പ്രണയിക്കാതിരുന്നാലും നിന്നോളം ഞാന്‍ പ്രണയിക്കുന്ന മറ്റൊന്നുണ്ടാകില്ല. അതിനായ് നീയെനിക്കനുവാദം തരേണ്ടതുണ്ട്. എന്നെ നീ പ്രണയിക്കാതിരിക്കുക. ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു നീ മറക്കുക. നിരാശകളും ദുഃഖങ്ങളുമില്ലാതെ, ബന്ധബന്ധനങ്ങളില്ലാതെ, ഞാന്‍ അനന്തതയോളം പറക്കാം, ആഴങ്ങളോളമിറങ്ങാം. നിന്നെയോര്‍ത്തുറങ്ങി, നിന്നെയോര്‍ത്തുണര്‍ന്ന്‍ എന്‍റെ പ്രണയമെന്നും ജ്വലിച്ചുകൊള്ളും. അതിനായി നീ എന്നെ അനുവദിക്കുക. എന്നെ പ്രണയിക്കാതിരിക്കുക!