Jyothy Sreedhar

നീയെന്ന ഭ്രാന്ത്!

ചിലപ്പോള്‍ ഇങ്ങനെയാണ്. പറയാന്‍ ഏറെയുണ്ടാകും. ഇന്ന് പറയണമെന്നോര്‍ക്കും- നിന്നെ പ്രണയിക്കുന്നുവെന്നും, അതെത്രത്തോളമെന്നും തുടങ്ങി, ഇന്നോളമെത്തിയ പ്രണയകഥ. അതില്‍, ഓരോ നിമിയിലും നിന്‍റെ നിറസാന്നിദ്ധ്യത്തിന്‍റെ ദൃശ്യമായ കയ്യൊപ്പുകള്‍. പ്രണയം കൊളുത്തിയ ലജ്ജയില്‍ പക്ഷെ സ്ത്രീത്വവും കലര്‍ന്ന്, ഞാന്‍ ശബ്ദിക്കാതിരിക്കും. എന്‍റെ വാചാലഭാഷണങ്ങള്‍ പ്രണയത്തെ നിശബ്ദമാക്കാന്‍ ഞാന്‍ പ്രയോഗിച്ച തന്ത്രമാണ്. നിന്നെ ചിന്തിക്കാന്‍ വിടാതെ, ശബ്ദകൂമ്പാരങ്ങള്‍ക്കിടയില്‍ ക്രൂരമായ്‌ ഞാന്‍ തളച്ചിടും. ഒടുക്കം, നീ പോകുമ്പോള്‍, നിന്‍റെ ചിത്രം നോക്കി സ്വയം പഴിക്കും, പിറുപിറുക്കും. മൌനത്തെ പിഴിഞ്ഞെടുത്ത്, നിന്‍റെ ചിത്രത്തോട്, നാമത്തോട്, നിന്‍റെ പതിഞ്ഞ ശബ്ദത്തോട് പറയാത്തതെല്ലാം പങ്കുവയ്ക്കും. എന്‍റെ ഭ്രാന്തിനെയോര്‍ത്ത് ചിലപ്പോള്‍ പൊട്ടിച്ചിരിക്കും, ചിലപ്പോള്‍ സ്വയം പുച്ഛിക്കും, സുഖം തന്നു നോവുന്ന നെഞ്ചില്‍ സ്നേഹത്തോടെ മേല്ലെയിടിക്കും. നിന്നെ ഞാന്‍ തീവ്രമായ്, ആഴത്തില്‍, ഉള്‍ക്കൊള്ളുന്നതിന് സ്വയം പുഞ്ചിരിയേകും. ഉണര്‍വ്വിനും ഉറക്കത്തിനുമിടയിലെ അര്‍ദ്ധനിമിയില്‍ നിന്നെയോര്‍ക്കും. നിന്‍റെ കൈകളെ സ്വപ്നംകാണും. ദിനവേഗങ്ങള്‍ക്കിടയില്‍ നീ എന്‍റെ ചിന്തകളാകും, ആശ്വാസമാകും. ശൂന്യതയില്‍ നീ എന്‍റെ വായുവാകും. കാഴ്ചകള്‍ക്കും എനിക്കുമിടയില്‍ നിന്‍റെ പുഞ്ചിരി ദൂരമാകും. നീയെന്ന ഭൂമികയില്‍ ഈ ലോകം എനിക്കന്യമാകും. കുമ്പസാരം പോലെ, നിന്‍റെ മുന്നില്‍ തലകുനിച്ച്, മനസ്സ് പുറത്തെടുത്തുവച്ച് നീ സ്വയം വായിക്കുകയെന്ന് പറയുവാന്‍ തോന്നാറുണ്ട്. നിന്‍റെ ശബ്ദത്തില്‍ തട്ടിവീണ്‌ എന്‍റെ വാക്കുകള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍, സ്ത്രീത്വം ഒരു ബാദ്ധ്യതയായി എനിക്ക് തോന്നാറുണ്ട്. പറയാന്‍ തുടങ്ങുമ്പോള്‍, പറയേണ്ടെന്നുപദേശിച്ച്, എന്നെ ഉള്‍വലിയ്ക്കുന്ന ബാധ്യത. പക്ഷെ, നിനക്ക് വായിച്ചുകൂടെ, എന്‍റെ കണ്ണുകള്‍ വിഴുങ്ങി യെന്നും ജ്വലിപ്പിക്കുന്ന എന്‍റെ, നീയെന്ന ഭ്രാന്തിനെ...? എന്‍റെ ഉയരുന്ന വാചാലതയില്‍, അതിന്‍റെ, നിശബ്ദതയെന്ന ഹൃത്തിനെ...? അതിനുള്ളിലടങ്ങിയ നീയെന്ന ശബ്ദത്തെ...?