Jyothy Sreedhar

നീയില്ലാത്തത്

നീയില്ലാത്തത് വേദനയാണ്.

എങ്കിലും, വിരഹകവിതകള്‍ എനിക്കു ശീലമില്ല.

എഴുതിയാല്‍, വിസര്‍ഗ്ഗങ്ങളില്ലാതെ, അക്ഷരവടിവുകളില്ലാതെ, അവ വിരൂപരാകും.

കാവ്യഭംഗിയില്ലാതെ തളര്‍ന്ന് അവ മരവിച്ച ഗദ്യങ്ങളാകും.

അരികിലിരിക്കുന്ന നിന്നെക്കുറിച്ച് കവിതകള്‍ സ്വയമെഴുതാറാണ് പതിവ്. ഞാന്‍ പകര്‍ത്തുകാരിയാണ്.

ചിലതെഴുതുമ്പോള്‍, മറ്റു ചിലത് കുത്തൊഴുക്കിലൊലിച്ച്, കൈമോശം വരാറുണ്ട്.

ചിലത് നിന്നോടൊത്തുള്ള നിമികളില്‍ ഞാനെഴുതാന്‍ മറക്കുന്നവ.

പക്ഷെ, വിരഹമെഴുതാന്‍ എനിക്കറിയില്ല. നീയില്ലാത്തത് വേദനയാണ്.

എന്‍റെ നിര്‍ജ്ജീവമായ ചിന്തകളില്‍ നിമിഷങ്ങളുടെ അസ്ഥികൂടങ്ങള്‍ അടിഞ്ഞുകൂടുന്നു.

മനസ്സില്‍ മുഴങ്ങുന്നത്, പണ്ടൊരിക്കല്‍ വായിച്ചയൊന്ന്: "ശൂന്യതയിലേക്ക് നിന്‍റെ സ്വപ്നങ്ങളെ ഒരു പട്ടം പോലെ വലിച്ചെറിയുക. തിരിച്ചു വരുന്നതെന്തെന്നു നിനക്കറിയില്ല. ഒരു പുതിയ ജീവിതം, പുതിയ സൗഹൃദം, പുതിയ പ്രണയം, പുതിയ രാജ്യം."

ആള്‍ക്കൂട്ടത്തിലെ ശൂന്യതയിലേക്കു ഞാനെന്‍റെ സ്വപ്‌നങ്ങളെ വലിച്ചെറിഞ്ഞുകൊള്ളട്ടെ.

തിരിച്ചുവരുന്നത് പുതിയ ജീവിതം, സൗഹൃദം, പ്രണയം, രാജ്യം- അതെല്ലാമാകുന്ന നീയാകട്ടെ.

അതില്ലയെങ്കില്‍, സ്വപ്‌നങ്ങള്‍ തിരിച്ചുവരേണ്ടതില്ല.