Jyothy Sreedhar

നീയില്ലാതെയായത് മുതല്‍...

നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലെ
കാഴ്ചയില്‍ നിന്നെന്നിലേക്ക്
പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്.
ഇന്നു പെയ്യുന്ന മഴകള്‍
ഭൂതകാലത്തെയുണര്‍ത്തി,
എനിക്ക് സമര്‍പ്പിച്ച്,
അതിഗാഡനിദ്രയിലേക്ക്
സ്വയം പതിക്കുന്നു.
വര്‍ത്തമാനകാലം
എനിക്കന്യമാകുന്നു. കാലമേറെയായ് പിരിഞ്ഞിട്ട്, ഞാന്‍ നിന്നോട്, കവിതകളെന്നോട്. നിന്നെക്കുറിച്ചോര്‍ത്താല്‍, അന്തമില്ലാത്ത ചിന്തകള്‍, ശരവേഗത്തില്‍ പായുന്ന സമയം, ഞാന്‍ മറക്കുന്ന ചുറ്റുമുള്ള ലോകം- എനിക്ക് ഭയം തോന്നാറുണ്ട്. പക്ഷെ തലചായ്ക്കുവാന്‍ നിന്‍റെ നെഞ്ചിന്‍റെ അസാന്നിധ്യമുണ്ട്. നീ അവശേഷിപ്പിച്ച പഴകി മുഷിഞ്ഞ കടലാസില്‍ നീ അവശേഷിപ്പിച്ച വികാരപര്‍വ്വങ്ങളെക്കുറിച്ച് എന്‍റെ തീക്ഷ്ണനോട്ടങ്ങളില്‍ നിന്ന് കവിതകള്‍ പിറക്കുന്നു, അവ നിനക്കായ് കാക്കുന്നു. ശേഷം, വാര്‍ദ്ധക്യം ബാധിച്ചു നരച്ച കവിതകള്‍ കടലാസില്‍ ചത്തൊടുങ്ങുന്നു. കാലമേറെയായ് പിരിഞ്ഞിട്ട്- നിന്നോട്, കവിതകളോട്. കടലാസിന്നും ശൂന്യമാണ്. കവിതകള്‍ ഞാന്‍ എഴുതിയില്ല, നീ സ്നേഹിച്ച എന്‍റെ കയ്യക്ഷരത്തില്‍, വെള്ളക്കടലാസില്‍ പതിയുന്ന നീലമഷിയുടെ നിറക്കാഴ്ചകള്‍ ഉണ്ടായില്ല. ഇത് നിനക്കെന്നു ചൊല്ലി, വിരലടയാളങ്ങള്‍ പതിച്ച്, കവിതകള്‍ കയ്യില്‍ വച്ചു തരാന്‍ കൈനീട്ടിനില്‍ക്കുന്ന നീയുണ്ടായില്ല. അക്ഷരത്തെറ്റുകള്‍ക്ക് ചെവിയില്‍ പിടിച്ച് കുസൃതിയായ് ശാസിക്കുവാന്‍, ശേഷം ഒന്നിച്ച് പൊട്ടിച്ചിരിക്കുവാന്‍ അകലെ നിന്നൊരു ശ്വാസമായ് പോലും നീയെത്തിയില്ല. എനിക്കു നീയില്ലാതെയായത് മുതല്‍, എന്‍റെ കവിത്വത്തെ ഞാന്‍ ഉണര്‍ത്തിയില്ല.