Jyothy Sreedhar

നീയില്ലാതെ, നീ വരുവോളം...

നീ പോകുമ്പോഴൊക്കെ,
വായു നിശ്ചലമാകണമെന്ന്
ഞാൻ കൊതിയ്ക്കാറുണ്ട്‌‌.
കാറ്റു വീശരുത്‌.
വായുവിൽ ചലനങ്ങളുണ്ടാകരുത്‌.
കാരണം, ആ വായുവിൽ
നിന്റെ രൂപമുണ്ടാക്കുകയും
അതിൽ തലചായ്ക്കുകയും
ഞാൻ ചെയ്യാറുണ്ട്,
നീ വരുവോളം‌.
അതിന്റെ അരികുകളെ,
ഉള്ളിലെ നിന്റെ ശ്വാസത്തെ,
നിന്റെ രൂപത്തെ,
നീയെന്ന അനുഭവത്തെ
നഷ്ടപ്പെടുക വയ്യ.

നീ പോകുമ്പോഴുള്ള വെട്ടം മതിയാകും,
പിന്നെ, നീ തിരികെയെത്തും വരെ.
അത്‌ രാത്രിയെങ്കിൽ, അങ്ങനെ.
നീയെന്ന എന്റെ ഏകദൃശ്യം മാഞ്ഞാൽ പിന്നെ, എനിക്ക്‌ കാഴ്ചകളുണ്ടാവുന്നില്ല.

വെളിയിലെ മുല്ലകൾ പൂക്കരുത്‌.
വായുവിലെ ഗന്ധം മാറരുത്‌.
നീ എനിയ്ക്കായ്‌‌ തന്ന റോസാപ്പൂവ്‌
വാടി കരിഞ്ഞതിന്റെ ഗന്ധമടക്കം
എനിയ്ക്ക്‌ സദാ ശ്വാസമാകണം.

ശബ്ദങ്ങളുയരരുത്‌.
നടന്നകലാൻ തുടങ്ങുമ്പോൾ
നിന്റെ ശബ്ദം നേർത്ത്‌, ഒടുക്കം,
ശബ്ദമില്ലായ്മയുടെ അരികോളം
തട്ടിനിൽക്കുന്നത്‌
എന്റെ കാതിൽ മുഴങ്ങണം,
നീ വരുവോളം.

നീ പോയാൽ പിന്നെ ശൂന്യതയാവണം‌.
കാഴ്ചയും ശബ്ദവുമില്ലാത്ത,
വായു തെല്ലുമനങ്ങാത്ത, ഒന്ന്.

ഒന്നുകൂടി പറയട്ടെ.
ഞാനിപ്പോൾ ശൂന്യതയിലാണ്‌.

ഈ ശൂന്യതയിലാണ്‌
ഒരിക്കൽ ഞാൻ നീയുമായി
പ്രണയത്തിലായത്‌.

ഇവിടെയാണ്‌, ഞാൻ നീയുമായുള്ള
പ്രണയം അന്ന് തിരിച്ചറിഞ്ഞത്‌‌‌.

ഇവിടെയാണ്‌,
ഞാൻ നീയുമായി
ഒന്നല്ല, ഒരായിരം വട്ടം
പ്രണയത്തിലാകുന്നതും.

ഇന്നും തെറ്റിയില്ല.