Jyothy Sreedhar

നീയാണെന്റെ കഥ!

കൺപീലികൾ നിറഞ്ഞ
കൺപോളകളെ വകഞ്ഞ്‌,
നിന്റെ കൃഷ്ണമണികൾ
ആദ്യമായ്‌ എന്നെ ഉൾക്കൊണ്ട
ഒരു ദിനമുണ്ടായിരുന്നു.

എന്റെ പ്രതിബിംബം അതിൽ
ആദ്യമായ്‌ പതിഞ്ഞപ്പോഴാണ്
എന്റെ ജീവിതത്തിൽ
മുഖവുരകൾ വഴിമാറി
കഥ നീയെന്ന് ഞാനറിഞ്ഞത്‌‌‌.

പിന്നെ, നിന്നെ ആശ്ചര്യത്തോടെ
ഞാൻ നോക്കുമ്പോൾ
നിന്റെ കവിളുകളിൽ
മൃദുവായ്‌ പതിഞ്ഞ പുഞ്ചിരിയുടെ
സൂര്യകിരണങ്ങളെ
പ്രതിഫലിപ്പിക്കുകയാണ്‌
ഇന്ന്, എന്റെ ദിനങ്ങളൊക്കെ.

നീയാണെന്റെ കഥയെന്ന്
ഞാനോർക്കുമ്പോഴൊക്കെ
എന്റെ രാത്രികളും പകലുകളും
തമ്മിൽ പുണർന്ന്, ചുരുണ്ടുകൂടി,
അവരുടെ നിദ്രയുടെ അബോധത്തിൽ
നമ്മളെന്ന യാഥാർത്ഥ്യത്തെ
സ്വപ്നം കാണുവാനും തുടങ്ങി.

നിന്റെ പേരു ചൊല്ലി ഞാൻ വിളിച്ച,
നിന്റെ മുഖത്തിന്റെ നിഴൽ ചുമക്കുന്ന,
ഈ തലയിണയിൽ മുഖമമർത്താതെ,
അതിന്റെ അടിത്തട്ടെത്തുവോളം
ആഴത്തിൽ ഉമ്മവയ്ക്കാതെ,
ഉറങ്ങിയിട്ടില്ല ഞാൻ പിന്നെ,
ഇന്നോളം…