Jyothy Sreedhar

നീ കാതോര്‍ക്കുമെങ്കില്‍

മഴയില്‍ നിന്നെ കാണുന്നുവെന്നും, നിന്നിലേക്കെത്തുന്നതാണ് ഓരോ മഴയെന്നും, മുഖത്ത് വീണ നനവിനെ തുടച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ചോദ്യങ്ങളില്ലാതെ നീയത് കേട്ടു; മഴയെ തന്നെ ആര്‍ദ്രമായി നോക്കിനിന്നു.

ഓരോ മഴയിലും പ്രണയം നിറയുന്നുവെന്നും, അത് തുളുമ്പി കവിതകളാകുന്നുവെന്നും, ആ പ്രണയം മഴയിലൂടെ, കവിതയിലൂടെ, നിന്നോട് മാത്രമാണെന്നും നിന്നെ നോക്കി, ഞാന്‍ പറയാതിരുന്നപ്പോള്‍, ആ നിശബ്ദതയും ശ്രവിച്ച്, പുതിയ കവിതയില്ലേ എന്നു നീ തിരക്കി.

പ്രണയം ഗാഡമായി, നിഗൂഡമായി എന്‍റെ നെഞ്ചിലെ ഒരു സ്ഥിരനോവായി ഞാന്‍ അറിയാതെ ഒടുവില്‍ പരിണമിക്കുന്നത് എന്‍റെ ഓരോ വാക്കിലും നീ കണ്ടു. എന്തിനെന്നു പറയാതെ എന്നെ ആശ്വസിപ്പിച്ചു.

നിന്നെ നോക്കുന്ന എന്‍റെ കണ്ണുകള്‍ നിറഞ്ഞു തിളങ്ങുന്നുവെന്നും, കണ്‍കോണുകളില്‍ ഞാനടക്കിവച്ച ഭയം പതിയിരിക്കുന്നുവെന്നും, പക്ഷെ സ്വപ്‌നങ്ങള്‍, ആശകള്‍, അവയെ നനച്ച്, പിന്നെ വകച്ചു മാറ്റുന്ന ഒരു വേനല്‍മഴയായി വന്ന്, നിന്‍റെ മുഖമതില്‍ പെയ്തിറക്കിയെന്നും, ആരോടെന്നില്ലാതെ ഞാന്‍ പുലമ്പുമ്പോള്‍, എന്തേ നീ പറയുന്നില്ല, എന്‍റെ പ്രണയത്തിന് ഭാരം കൂടുന്നുവെന്നും, അത് എന്നോട് ചേര്‍ന്ന് നിന്ന് നീ പങ്കുവയ്ക്കാമെന്നും?

അല്ലെങ്കില്‍, എന്തേ നീ പറയുന്നില്ല, എന്‍റെ പ്രണയത്തെ എന്നിലേയ്ക്കു മടക്കി, ലോലമാക്കി, എന്നില്‍ തന്നെയത് സ്വയമൊതുക്കാന്‍?

എങ്കിലും, ഈ മഴയും തോരുന്നത് വരെ നീയതു തന്നെ കേള്‍ക്കും... നിന്നെ എനിക്കിഷ്ടമാണ്, ഒരുപാട്... പിന്നെ ഒരുപാട്... പിന്നെയും ഒരുപാട്...

അടുത്ത മഴയ്ക്കായി നീ കാതോര്‍ക്കുമെങ്കില്‍, എന്‍റെ പ്രണയം, കവിത, എന്‍റെയുള്ളില്‍ നീ, വീണ്ടും പെയ്യുകയേയുള്ളൂ.

അവ കലരാതെ, ഒരു തുള്ളി പോലും എന്നെ, നിന്നെ, സ്പര്‍ശിക്കുകയില്ല.