നീയാരെന്നയാള്‍ ചോദിച്ചതിനപ്പുറം ഞാനോര്‍ത്തത് നിന്നെക്കുറിച്ചാണ്. എന്റെ പ്രണയത്തോളം ലോലമായ, ഒരു തൂമഞ്ഞു പോലെ നീ... ആരെയോ ചേര്‍ത്തെന്ന പോലെ സ്വയ- മാശ്ലേഷിക്കാനെന്നെ തോന്നിപ്പിക്കു- ന്നൊരു കള്ളത്തണുപ്പ്. കുസൃതിയോടെ കണ്‍ചിമ്മാ- നാവുന്നൊരാദ്യ മഴത്തുള്ളി. പുതുമണ്ണിന്റെ ആദ്യ ഗന്ധം. അതിനെക്കുറിച്ചുള്ള കവിതകളിലെ അക്ഷരങ്ങളുടെ നവരസങ്ങള്‍. അതിലെ വികാരങ്ങളുടെ ഭാരം. പ്രഭാതത്തില്‍ അതെഴുതുമ്പോ- ളൂതിക്കുടിക്കുന്ന ചായയുടെ സ്വാദ് മുഴുവനുമുള്‍ക്കൊണ്ട, ഞാന്‍ നുണയുന്നോരാദ്യ തുള്ളി. ഇതിലെല്ലാം നീയുണ്ട്. ഇതിലെ എനിക്കു പ്രിയമാകുന്ന- യേക ഘടകം നീയെന്നത് സത്യം. എനിക്കു പ്രിയമായതെല്ലാം കൂട്ടിവച്ചാല്‍ അതില്‍ നിന്‍റെ, മഞ്ഞില്‍ മൂടിയ മുഖമാണ്. ഞാന്‍ 'ഞാനെ'ന്നു പറയുന്നതിലധികം എന്നില്‍ നിറയുന്നത് നീയാണ്. മഴയിലെ നേരിയ വെയില്‍ പോലെ, വെയിലിലെ ചെറുമഴ പോലെ, ഈ പ്രപഞ്ചത്തിലെനിയ്ക്കു സുഖമു- ള്ളൊരോരോ അണുവിലും നീ. അവ ചേര്‍ന്ന എന്റെ പ്രപഞ്ചം നീ.