Jyothy Sreedhar

നിശ്ശബ്ദതയുടെ രാജകുമാരി

നീ കാണില്ലെന്നോർത്ത്‌
കവിതകൾ കുറിച്ച്,‌
നിന്നോടത്‌ പറയാതെ
ഞാനൂറിച്ചിരിയ്ക്കാറുണ്ട്‌.
ഒരുമിച്ചിരുന്നതും
തോരാമഴ പോലെ
തമ്മിൽ മിണ്ടിയിരുന്നതും
സങ്കൽപങ്ങളിൽ
ഓർത്തെടുക്കാറുണ്ട്‌.
കൈകൾ ഒരിഞ്ചകലത്തിലെ
പ്രണയപ്പിടപ്പിൽ പലപ്പോഴും വിറച്ചത്‌
പിന്നെയും അനുഭവിയ്ക്കാറുണ്ട്‌.
എന്റെ മുടിയിഴകൾ പറന്നതിനെ
ഒളിഞ്ഞുനോക്കി ആസ്വദിച്ച
നിന്റെ കള്ളക്കൃഷ്ണമണികളെ ഓർത്ത്‌,
ഞാൻ പിന്നെയും പൊട്ടിച്ചിരിക്കാറുണ്ട്‌.

പക്ഷെ, നിന്റെ നിശ്ശബ്ദത
ചാരന്റെ ഒളിഹാസവുമായി നുഴഞ്ഞു വന്ന്
എന്നെ തോൽപിക്കുന്നു.
നമ്മുടെ നിശ്ശബ്ദതകൾ
തമ്മിൽ പുണരുന്നു. ചുംബിക്കുന്നു.
ചേർന്ന് മയങ്ങി,
സ്വപ്നങ്ങളെ പങ്കുവയ്ക്കുന്നു.
നമ്മെക്കാളധികം,
തമ്മിൽ ഇഴചേർന്ന്
എല്ലാം പറയുന്നു.
കൊഞ്ചുന്നു, ലാളിയ്ക്കുന്നു.
നമുക്കിടയിലെ ശൂന്യതയിൽ
കൊട്ടാരവും പൂങ്കാവനവും തീർത്ത്‌
ആദാമും ഹവ്വയുമായി
നമ്മുടെ നിശ്ശബ്ദതകൾ
ഒന്നായ്‌ ജീവിയ്ക്കുന്നു.

നിന്റെയാ നിശ്ശബ്ദതകളിൽ,
സ്വപ്നങ്ങളിൽ, ഓർമ്മപ്പെടുത്തലുകളിൽ
ഒരു പെരുങ്കള്ളിയായി പതിയിരിക്കുവാൻ
എന്ത്‌ രസമാണെന്നോ!

ദൂരെയിരുന്നാരോ
എന്നെ അത്രമേൽ സ്നേഹിക്കുന്നുവെന്ന്
ഓർക്കുവാൻ എനിക്കിഷ്ടമാണ്‌.
അന്നേരമൊക്കെ,
എന്നെ കവരാൻ വരുന്ന ഏകാന്തതയോട്‌
ഞാൻ ഗർവ്വോടെ ചൊല്ലാറുണ്ട്‌-
എന്നെ കവരരുത്‌;
ഞാൻ നിന്റെ നിശ്ശബ്ദതകളുടെ,
മൗനമായ ഒരു തീവ്രാനുരാഗത്തിന്റെ
രാജകുമാരിയെന്ന്.