ഒരാഴ്ച മുന്‍പ് നടന്ന സംഭവം-
Facebook post: X: "എന്തുകൊണ്ടാണ് ഇന്നത്തെ സിനിമകളില്‍ അവിഹിതബന്ധങ്ങളും മോശം വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള തമാശകളും വളരെ കൂടുന്നതായി കാണപ്പെടുന്നത്?" (ശേഷം പോസ്റ്റില്‍ ആ ചിന്തയുടെ വിശദീകരണം, ഉദാഹരണങ്ങള്‍ സഹിതം- കോക്ക്ട്ടെയില്‍, മായമോഹിനി, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ട്.) Comments: A (Female) : നല്ല ചിന്ത. കൃത്യമായി പറഞ്ഞിരിക്കുന്നു. മായാമോഹിനി എന്ന സിനിമ കണ്ടത് ഒരു ഷോക്ക് ആയി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. പക്ഷെ കോക്ക്‌ടെയില്‍ ഒരു നല്ല ചിത്രം ആയിട്ടാണ് എനിക്ക് തോന്നുന്നത്. സമൂഹത്തില്‍ നാം കാണുന്നതൊക്കെ തന്നെയാണ് അതില്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് റിയലിസ്റ്റിക്ക് എന്ന വിഭാഗത്തില്‍ അതിനെ പെടുത്താന്‍ ആണ് എനിക്കിഷ്ടം. B (Male) : A പറഞ്ഞതുപോലെ, കോക്ക്ട്ടെയില്‍ വളരെ റിയലിസ്റ്റിക് ആണ്. എന്റെ വിഷമം, എന്തുകൊണ്ടാണ് സമൂഹം ഇങ്ങനെ മാറുന്നത് എന്നതാണ്. എല്ലാ ഇടത്തും കാമം ആണ്. അതില്‍ കൂടുതലും സ്ത്രീകള്‍. അതുകൊണ്ടാണ് നിങ്ങള്‍ പറയുന്നതുപോലെ, കോമഡി പ്രോഗ്രാമുകളില്‍ സ്ത്രീകളെ ഇത്ര അധപതിച്ച് കാണിക്കേണ്ടി വരുന്നത്. സത്യം അതായതുകൊണ്ട് തന്നെ. മുകളില്‍ എഴുതിയ ആളുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, എന്താണ് സ്ത്രീകള്‍ മാത്രം ഇങ്ങനെ എന്ന്. പുരുഷന്മാര്‍ വളരെ ശുദ്ധമായ മനസ്സിനുടമകള്‍ ആണ്. അവര്‍ ശുദ്ധമായിട്ടാണ് പ്രണയിക്കുന്നതും. അവരെ വഞ്ചിക്കുന്നത് സ്ത്രീകളാണ്. തിരിച്ചു നോക്കിയാല്‍ അധികം ഉദാഹരണങ്ങള്‍ കിട്ടിയെന്നു വരില്ല. (A ഒന്നും മിണ്ടുന്നില്ല) B: ഇന്ന് നല്ല സ്ത്രീകള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ മാത്രമേ ഉള്ളു. പതിവൃത എന്ന വാക്കിന് തന്നെ വിനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ആണ് വീടിന്റെയും സമൂഹത്തിന്റെയും വിളക്ക് എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ആ വിളക്ക് അണയുന്നതുകൊണ്ടാണ് ഇന്ന് സമൂഹം നശിക്കുന്നത്. പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് കഷ്ടപെടുന്നതും ത്യാഗങ്ങള്‍ സഹിക്കുന്നതും രാത്രി ഉറക്കമിളച്ചു ജോലി ചെയ്തു സമ്പാദിക്കുന്നതും. എന്നിട്ടും സ്ത്രീകള്‍ പുരുഷന്മാരെ വഞ്ചിച്ച് ഒന്നുമല്ലാതാക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ അതിനെ കുറിച്ച് ഒന്ന് ചിന്തിക്കാന്‍ പോലും കൂട്ടാക്കാത്തത്? സ്ത്രീകള്‍ തന്നെയാണ് ഉത്തരം പറയേണ്ടത്. (A മൌനം) അഞ്ചു മിനിടുകള്‍ക്ക് ശേഷം, A's gmail inbox: From B: Why don't you respond? I am waiting for your reply. I got this mail id from your blog. I had seen your posts before. I really like you. We share the same view in many things. So I wish to have chat in detail. Please accept my request. (A ഫേസ്ബുക്ക് മെസ്സേജ് തന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമാക്കിയത് കൊണ്ട്, ഇയാള്‍ക്ക് ജിമെയില്‍ ഐഡി കിട്ടുന്നതിനുള്ള ഒരേ ഒരു പോംവഴി അവളുടെ ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള ബ്ലോഗില്‍ കയറി അവിടെ നിന്ന് ജിമെയില്‍ ഐഡി എടുക്കുക എന്നതാണ്. കുറച്ചു കഷ്ടപെട്ടു എങ്കിലും ഐഡി ഒപ്പിച്ചു!)ഇതില്‍ ചിലര്‍ക്കെങ്കിലും ഒരു തെറ്റും തോന്നില്ല. പക്ഷെ, ഭാഗ്യവശാലോ നിര്ഭാഗ്യവശാലോ ഇതിലെ A ഞാന്‍ തന്നെയാണ്. ഇത്തരം ഒരു സംഭവം ഫെയ്സ്ബുക്കിലെ മിക്ക സ്ത്രീകളും നേരിട്ടിട്ടുള്ളതാണ് എന്ന് എനിക്ക് ഉറപ്പു പറയാന്‍ സാധിക്കും. ഇത് ഇവിടെ വച്ച് തീരില്ല എന്നത് മറുപുറം. പിന്നീട് ചാറ്റിലെ പഞ്ചാര റൂമിലേക്കാവും അടുത്ത ക്ഷണം. അയാള്‍ പബ്ലിക് ആയി എഴുതിയ കാര്യവും പ്രൈവറ്റ് ആയി ചെയ്യുന്ന കാര്യവും തമ്മില്‍ ഒന്ന് ബന്ധിപ്പിച്ചു നോക്കിയാല്‍ ഇന്ന് ഫേസ്ബുക്കില്‍ നാം കാണുന്ന ഒരു വര്‍ഗ്ഗത്തെ അയാളില്‍ കാണാന്‍ സാധിക്കും- പകല്മാന്യന്മാര്‍. പല ദിവസവും 'പകല്‍' ഉപദേശിച്ചുകൊല്ലും നമ്മളെ ഇത്തരക്കാര്‍. സംസ്കാരം സംസ്കാരം എന്ന് ഒരു ആയിരംവട്ടം ഇവരുടെ സന്ദേശങ്ങളില്‍ ആവര്‍ത്തിക്കും. എന്നിട്ട് ഇത്തരം 'ഇരുട്ടുവേലകള്‍' ചെയ്തുകൊണ്ടേ ഇരിക്കും. പണ്ടെന്നോ എന്റെ ബ്ലോഗിലെ ഒരു എഴുത്തില്‍ ഉദാത്തമായ പ്രണയം എന്ന സങ്കല്‍പത്തെകുറിച്ചും അതിനു വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ഒക്കെ എഴുതിയപ്പോള്‍ എനിക്ക് ഒളിഞ്ഞും തെളിഞ്ഞുമായി കുറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഒരു വിവാഹിത ഒരിക്കലും ചിന്തിക്കാന്‍ പാടില്ലത്രേ അങ്ങനെയൊക്കെ! എന്റെ ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് ഇവര്‍ പരിതപിക്കുക കൂടി ചെയ്യുന്നതും ഞാന്‍ കണ്ടു. എന്തുകൊണ്ടോ, ഇത്തരം പകല്മാന്യന്മാരെ എനിക്കേറെ കണ്ടുകണ്ട് പരിചയമുണ്ട്. അതുകൊണ്ട് അവര്‍ സൂര്യനെ പൊക്കി വരുമ്പോഴേ, നിലാവില്‍ ആ കോഴി എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാന്‍ പഠിച്ചു. ഇന്നലെ ഈ വിഷയം എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ്, ഒരു പുരുഷനായ അയാള്‍ തന്റെ മറ്റൊരു വേദന തുറന്നു പറഞ്ഞത്. വൈകിട്ടായാല്‍ ലെസ്ബിയന്‍സിന്‍റെ മെസ്സേജുകള്‍ ആണത്രേ! സത്യം പറഞ്ഞാല്‍, ഇതിനെ കുറിച്ച് മുന്‍പ് ഒരു സുഹൃത്ത് പതിയെ സൂചിപ്പിചിട്ടുണ്ടെങ്കിലും, അത് ഒരു പുതിയ ട്രെന്‍ഡ് ആയി നില്‍ക്കുന്നുണ്ട് എന്നുള്ള അറിവ് വളരെ ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. പല പുരുഷന്മാരും എന്നോട് ഇക്കാര്യത്തില്‍ യോജിക്കും. പലപ്പോഴും ചിലരെങ്കിലും ഇത്തരം കാര്യങ്ങളില്‍ വളരെ കര്‍ക്കശമായി ഫേയ്സ്ബുക്കില്‍ പ്രതികരിക്കും, കൂടുതല്‍ പേരും മിണ്ടാതിരിക്കും. മറ്റൊരാള്‍ എഴുതിയാല്‍ കൂടി വന്നാല്‍ ഒരു ലൈക് തരും- അതും അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍. ചിലപ്പോള്‍ അവര്‍ ഒരു മെസ്സേജ് അയക്കും അവര്‍ക്കുണ്ടായ അത്തരം അനുഭവങ്ങളെ കുറിച്ച്. ചിലര്‍ കെട്ടുകഥ എന്ന് പറഞ്ഞു വിമര്‍ശിക്കും. അവരോടെനിക്ക് സഹതാപമുണ്ട്. കാരണം, ഇതെല്ലാം നേരില്‍ അനുഭവിക്കുന്നത് വരെ ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. ഇത്തരം കര്‍ക്കശമായ പോസ്റ്റുകള്‍ ഞാന്‍ അഹങ്കാരി എന്നും ദേഷ്യക്കാരി എന്നുമൊക്കെ വിളിക്കപ്പെടുന്നതില്‍ വലിയൊരു കാരണമായി. അതിനു പുറകില്‍ എന്ത് സംഭവിച്ചു എന്നത് പലപ്പോഴും ആളുകള്‍ അറിയില്ല. ചിലര്‍ക്ക് (അതിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ആയവര്‍ക്ക്) അത് ശരിക്കു കൊള്ളും, അവര്‍ വന്നു പ്രശ്നമുണ്ടാക്കും. കഥയറിയാതെ ആട്ടം കാണുന്നവര്‍ നിരന്നു വരും. അവിടെ മുന്പെപ്പോഴോ ഇതുപോലെ കൊണ്ടിട്ടുള്ളവരും ഇവരുടെ ഒപ്പം ചേരും. ചിലപ്പോള്‍ രസം തോന്നും, ഇത്തരക്കാരുടെ കൊമാളിത്തരങ്ങളും ഫാന്‍സി ഡ്രെസ്സും ഒക്കെ കാണുമ്പോള്‍. ചിലപ്പോള്‍ ഫേസ്ബുക്ക് എന്ന ശക്തമായ ഒരു വേദിയോട് ഈ പ്രഹസനങ്ങളുടെ പേരില്‍ സഹതാപം തോന്നും. എന്റെ തന്നെ പ്രൊഫൈലില്‍ നടക്കുന്ന മറ്റൊരു തമാശ ഒരു പ്രൊഫൈല്‍/ കവര്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോഴാണ്. അത് പബ്ലിക് ആകുമ്പോള്‍ വരുന്നത് കുറഞ്ഞത് 200 ലൈക്കുകള്‍, എണ്ണമറ്റ കമ്മന്റുകള്‍, എത്രയോ ഷെയറുകള്‍. മറ്റു പല പെണ്ണുങ്ങളുടെ പ്രൊഫൈലിലും അത് ആയിരം കവിയും. ഞാന്‍ (അല്ലെങ്കില്‍ ഏതെന്കിലും ഒരു 'പെണ്ണ്') താടിയ്ക്കും കൈ കൊടുത്തു വെറുതെ ഇരുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി പ്രശസ്തമാകുമ്പോള്‍ ഞാന്‍ ചിലപ്പോഴെങ്കിലും വിചാരിക്കും ഞാന്‍ ഐശ്വര്യ റായ് ആണോ എന്ന്! പക്ഷെ പല സബ്സ്ക്രൈബെറുകളും നല്ല ബുദ്ധിപരമായ കമന്റുകള്‍ എന്റെ പല സ്റ്റേറ്റസുകള്‍ക്കും തരാറുള്ളത് വേറൊരു വശം. ചില പഞ്ചാര ഫോട്ടോനോക്കികളെ ഒഴിവാക്കാന്‍ ആണ് പലപ്പോഴും ദേഷ്യം തുമ്പത്തുള്ള നാവുമായി ഞാന്‍ ഫേസ്ബുക്കില്‍ നിറഞ്ഞാടുന്നത്, അല്ലെങ്കില്‍ കുറച്ച് കടുകട്ടി, നീളന്‍ അപ്പ്‌ടെറ്റുകള്‍ ഇടുന്നത്. ഇത്തരക്കാര്‍ക്ക് അതൊന്നും താങ്ങാന്‍ പറ്റില്ല. അവര്‍ക്ക് പെണ്ണ് കരി തേച്ച് നില്‍ക്കുന്ന ഫോട്ടോ ആയാലും മതി, ആഘോഷിക്കാന്‍. ഫേയ്സ്ബുക്കിന്റെ പുതിയ രീതിയില്‍ ഒരാള്‍ മറ്റൊരു പ്രൊഫൈലില്‍ കയറി എന്തെങ്കിലും എഴുതിയാല്‍ അത് ഒരു പൊതു'വാളില്‍' വരും എന്ന സമ്പ്രദായം ഉണ്ട്. പണ്ടൊക്കെ കോളേജില്‍ പോയിരുന്ന കാലഘട്ടത്തില്‍ ചില പൂവാലന്മാര്‍ എങ്ങോട്ട് പോയാലും പുറകെ വരുമായിരുന്നത് ഓര്‍ക്കും. അതുപോലെ, എന്റെ വാളില്‍ എന്നെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു (ലൈക്) കൊല്ലുന്നതിനു പുറമേ, ഞാന്‍ പോകുന്ന വാളുകളിലോക്കെ എന്നെ ഇഷ്ടപ്പെട്ടുകൊണ്ടേ ഇരിക്കും ചിലര്‍. മറ്റു ചിലര്‍ പക്ഷെ സത്യസന്ധമായി എഴുതുകയോ ലൈക് ചെയ്യുകയോ ചെയ്താല്‍ നമുക്കത് മനസ്സിലാവും, എന്തുകൊണ്ട്, എന്തിന്റെ പേരില്‍ എന്ന്. നിര്‍ഭാഗ്യവശാല്‍, ആദ്യത്തേതാണ് ഭൂരിപക്ഷം. ഫേയ്സ്ബുക്കിന്റെ പതനം എന്ന് ചിലര്‍ എങ്കിലും എഴുതാറുള്ളത് ഇങ്ങനെ ചില കാരണങ്ങള്‍ കൊണ്ടാണ്. പക്ഷെ ഞാന്‍ ഇതിനെ ഫേയ്സ്ബുക്കില്‍ മാത്രമായി ഒതുക്കില്ല. ഇത് മനുഷ്യന്റെ പതനമാണ്, നാം ജീവിക്കുന്ന സമൂഹത്തിന്റെയും. അതിന്റെ ഒരു ചെറിയ പ്രതിഫലനം ആണ് സോഷ്യല്‍ സൈറ്റുകളില്‍ നാം കാണുന്നത്. ഇന്ന് എണ്ണയില്‍ വറുത്തുകോരിയ ചത്ത കോഴികളേക്കാളധികം ജീവനുള്ള ഓടിനടക്കുന്ന കോഴികളാണ്. ഫേയ്സ്ബുക്കില്‍ നല്ല നിലാവുണ്ട് താനും! ;)