Jyothy Sreedhar

നിന്‍റെ വലതു കൈവെള്ളയില്‍

നിന്‍റെ വലതു കൈവെള്ളയില്‍
വ്യക്തമായി കുറിക്കപ്പെടുന്നത്
എന്‍റെ ഇന്നിന്‍റെ ജാതകമാണെടോ!

പോകുമ്പോള്‍, പുല്ലു പോലെ ഉയര്‍ത്തി
കൈവീശി യാത്ര പറയുമ്പോള്‍,
നീയെന്തോര്‍ക്കുന്നു!
അതിന്‍റെ ഒത്തനടുക്ക്,
ഒരു ഘോരസമുദ്രമുണ്ടാകുന്നതും
അത് എന്‍റെ പകലിന്‍റെ സൂര്യനെ വിഴുങ്ങി
ദിഗന്തങ്ങള്‍ മുഴങ്ങുമാറ് അലറുന്നതും,
പിന്നെ എന്‍റെ ചുറ്റും ഇരുട്ടാക്കുന്നതും
എന്‍റെ കാഴ്ച മാത്രമാണല്ലോ!
നീയെന്തറിയുന്നു!

അതിലെ നനവിനെ നീ തുടയ്ക്കരുത്.
അതില്‍ നമ്മുടെ പകലിന്‍റെ ആര്‍ദ്രതയുണ്ട്.
എന്‍റെ ഇടതുകയ്യിനെ മുറുക്കിയൊതുക്കി
നീയുണര്‍ത്തിയ എന്‍റെ സ്ത്രീത്വത്തിന്‍റെ,
നിന്‍റെ പൌരുഷത്തിന്‍റെ, തീരുമാനമുണ്ട്.
ഉള്ളിലൊതുങ്ങുമ്പോഴും, വിരലുകള്‍കൊണ്ട്
എത്രയോ വട്ടം ഞാന്‍ എഴുതിയ
എന്‍റെ തീവ്രപ്രണയത്തിന്‍റെ ആമുഖങ്ങളുണ്ട്.
എന്നെ വിട്ടു കളയരുതേയെന്ന്
നിന്‍റെ നാഡികള്‍ മാത്രമറിയുമാറൊതുക്കത്തില്‍
എന്‍റെ രക്തത്തുള്ളികള്‍ കേണുയാചിച്ച പാടുകളുണ്ട്.
എന്‍റെ ഹൃദയത്തില്‍ നിന്നുത്ഭവിച്ച്,
സിരകളിലൂടെ, വിരല്‍ത്തുമ്പുകളിലൂടെ,
അതിലേയ്ക്ക് പ്രവഹിച്ച എന്‍റെ കൊതികളുണ്ട്.
നിന്നെ വിട്ടു ഞാന്‍ അണയാന്‍ വിസമ്മതിച്ച
എന്‍റെ നിദ്രകളുടെ കഥയുണ്ട്,
നീ മാത്രം നിറഞ്ഞുവാണ
എന്‍റെ പകല്‍ക്കിനാവുകളും രാത്രിസ്വപ്നങ്ങളുമുണ്ട്.
ചിലപ്പോഴൊക്കെ പറയാതൊതുക്കുന്ന
എന്‍റെ പ്രണയശകലങ്ങളുടെ നാണമുണ്ട്.
പിന്നെ, പറഞ്ഞിട്ടും പറഞ്ഞിട്ടും വിട്ടുപോയി,
ഓര്‍ത്തെടുക്കാനെത്ര ശ്രമിച്ചാലും,
വര്‍ത്തമാനത്തിന്‍റെ മലവെള്ളപ്പാച്ചിലില്‍
പിന്നെയും മറന്നുപോകുന്ന ചില തോന്നലുകളുണ്ട്,
സ്വയം രചിക്കപ്പെടുന്ന ചില കാവ്യങ്ങളുണ്ട്.
പിന്നെയുമുണ്ടെന്തോക്കെയോ…
പേരറിയാത്ത, പേര് നല്‍കാനാവാത്ത,
എന്‍റെ ഒരാത്മഭാഗമടക്കം.

ആ കയ്യാണോ, സ്നേഹിതാ,
നീ ഉയര്‍ത്തുന്നത്?
അതും,
എന്നോട് യാത്ര ചൊല്ലുവാന്‍…?

എനിയ്ക്ക് പൊള്ളുന്നു.
നിന്‍റെ ഉള്ളംകൈയ്യിന്‍റെ ചെറുതാപം
ഓര്‍മയില്‍, വിരഹത്തില്‍, വര്‍ദ്ധിച്ചിരിക്കുന്നു.