എന്റെ പകലുകൾ
നിന്റെ കണ്ണിന്റെ വെള്ളയും
എന്റെ രാത്രികൾ
നിന്റെ കൃഷ്ണമണിയുടെ കറുപ്പുമാകുന്ന
കാലമാണിനിയെന്ന്
എനിക്ക് നിന്നോടുള്ള പ്രണയം
എന്നെ നോക്കി ആവർത്തിക്കുന്നു.
ആകാശത്തിന്റെ കരിമ്പടത്തിൽ
തുളകളുണ്ടാക്കി,
തെല്ലൊരസൂയയോടെ,
നക്ഷത്രങ്ങൾ എന്നെ ഒളിഞ്ഞുനോക്കുന്നത്
എനിക്കു കാണാം.
പിന്നെ, ഒരിടത്ത്,
ആ ‘കാല’ത്തിലേയ്ക്ക്
നേരം പുലരാൻ തുടങ്ങുന്നതിനെ
ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഈ ജന്മത്തിൽ,
നിന്നിലേയ്ക്കുള്ള സഞ്ചാരത്തിൽ
ഇനിയൊരൽപദൂരം ബാക്കി.
നിമിഷസൂചികളുടെ അണപ്പും
ഹൃദയമിടിപ്പിന്റെ ഝങ്കാരവുമാണ്
ഞാൻ കേൾക്കുന്നത്,
എന്നെ ആവേശഭരിതയാക്കുന്നത്.
പിന്നെ,
നമുക്ക് പരസ്പരം
നമ്മുടെ കാഴ്ചകളാകാം.