Jyothy Sreedhar

നിന്നെക്കുറിച്ച്...

നിന്നെക്കുറിച്ചോര്‍ക്കുമ്പോഴാണ് ലോകം ലളിതമെന്ന്‍ എനിക്ക് തോന്നാറ്. നിന്നെക്കുറിച്ചെനിക്കുള്ളയോര്‍മ്മകള്‍ അത്ര നൈര്‍മല്ല്യമുള്ളതാണ്. ഒരു മഴകാത്തു ഞാന്‍ നിന്നപ്പോള്‍, സുഖമുള്ള ഇരുളിലൂടെ ഒരു കുടയുമായി നീ വന്നത്... പിന്നെ മഴ പെയ്തപ്പോള്‍, കുട വേണ്ടവന് അത് കൊടുത്ത്, കുടയില്ലാതെ നമ്മള്‍ നനഞ്ഞത്... മഴയാണ് സുഖമെന്ന്‍ നീ പറഞ്ഞത്. നിന്റെ മൂളിപ്പാട്ടാണ് യഥാര്‍ത്ഥസംഗീത- മേന്നെനിയ്ക്ക്‌ തോന്നിയത്... എന്റെ വലത്തെ ചെറുവിരലില്‍ നിന്റെ ഇടത്തെ ചൂണ്ടുവിരല്‍ കൊളുത്തി പത്തടി നടന്നും ദൂരേയ്ക്ക് ചൂണ്ടിയും ഞാന്‍ കാണാത്ത ലോകങ്ങള്‍ നീ കാട്ടിയത്... അതിനുള്ളിലൊരാകാശവും കടലും ചെറുകിളികളും നീ സൃഷ്ടിച്ചത്... മാന്ത്രികമെന്ന പോല്‍, എന്റെ കൈ വിടാതെ എന്റെ അപരിചിതങ്ങളെ പരിചിതമാക്കിയത്... നിന്റെയെത്ര തിരക്കിലും, എന്റെ പരിഭവങ്ങളോട് നീ കൊഞ്ചുന്നത്... കൈ പൊള്ളിയെന്ന്‍ പറഞ്ഞൊരു കുട്ടിയെ പോലെ ഞാന്‍ ചിണുങ്ങുമ്പോള്‍ അത് കാര്യമെന്നപോലെടുത്ത് എന്നെ കൊഞ്ചിയാശ്വസിപ്പിക്കുന്നത്... എന്റെ കൊച്ചുദുഃഖങ്ങള്‍ പോലും നിന്റെതാക്കി, അതിനെയെന്റെ സന്തോഷമാക്കുന്നത്... നിന്റെ വാല്സല്യത്തിനായ് മാത്രം ഞാന്‍ പിണങ്ങുമ്പോള്‍ അതിരുകളും ദൂരവും കടന്നെത്തി, എതിരെ വന്നിരുന്നൊന്നും മിണ്ടാതെ, ഇമവെട്ടാതെ, എന്റെ കണ്ണിലേയ്ക്ക് നോക്കുന്നത്... ആ നോട്ടത്തില്‍, എന്റെ കൊച്ചുകള്ളത്തരമായ പിണക്കം ഞാനറിയാതെ മറക്കുമ്പോള്‍ നീ വാ പൊത്തുന്നത്... എനിക്കേറ്റവും പ്രിയമായ സന്തോഷം നീ പൊത്തിയ വായിലദൃശ്യമായ, ആ പൊട്ടിച്ചിരി കാണുന്നതാണ്. നിന്നെ ഓര്‍ക്കുമ്പോള്‍ തോന്നും, ലോകത്തില്‍ മറ്റുകാര്യങ്ങളൊന്നും ഇല്ലെന്ന്‍; നിന്റെയീ ഗാഡപ്രണയത്തിനപ്പുറം നമ്മുടെ അടുത്ത ജന്മം മാത്രമാണെന്ന്...