Jyothy Sreedhar

നിനക്കഹങ്കരിക്കാം!

നിനക്കഹങ്കരിക്കാം!
എന്‍റെ രാത്രികള്‍
നിന്നെക്കുറിച്ചാണെന്നതോര്‍ത്ത്;
എന്‍റെ പകലുകള്‍
നിന്നെക്കുറിച്ചാണെന്നതോര്‍ത്ത്.

നിനക്കഹങ്കരിക്കാം!
പരുഷപ്രതലമുള്ള നിന്‍റെ കൈകളില്‍
പതുപതുത്തയെന്‍റെ കൈകള്‍
നോവാതെയും ഒതുങ്ങിയെന്നതോര്‍ത്ത്. എന്നെ നീ സ്വന്തമാക്കിയെന്നതോര്‍ത്ത്. നിനക്കഹങ്കരിക്കാം! എന്‍റെ കാവ്യഹാരങ്ങളിലൊക്കെയും സുഗന്ധം നീയാണെന്നതോര്‍ത്ത്. നാണംകൊണ്ട് മുഖം ചുവക്കുമ്പോള്‍ എന്‍റെ കവിളിലെ പനിനീര്‍ദളവും നീയാണെന്നതോര്‍ത്ത്. നിനക്കഹങ്കരിക്കാം! എന്‍റെ ഹൃദയത്തെ ഒന്നായ് കുലുക്കി എന്‍റെ സ്ത്രൈണതയെ എനിക്കു സമര്‍പ്പിച്ച നിന്‍റെ പ്രണയധീരതയെയോര്‍ത്ത്. ആശ്വാസത്തിനായ് തേടുന്ന എന്‍റെ ശിരസ്സിനെ നിന്‍റെ കരുത്തുറ്റ നെഞ്ച് താങ്ങുന്നതോര്‍ത്ത്. നിനക്കഹങ്കരിക്കാം! മഞ്ഞുകാലത്തെ ചെറുവെയിലിലും വേനലിലെ ചെറുമഴയിലും പുഞ്ചിരിക്കുന്ന നിലാവിലും കുളിര്‍ക്കാറ്റുവീശുന്ന സന്ധ്യകളിലും നിനക്കായുള്ള കാത്തിരിപ്പിന്‍റെ പാത എന്‍റെ മിഴികള്‍ തെളിയ്ക്കുന്നതോര്‍ത്ത്. നിനക്കഹങ്കരിക്കാം! നിന്‍റെ സാന്നിദ്ധ്യമുള്ള കാഴ്ചകളത്രയും എന്‍റെ മിഴികളില്‍ തന്നെ തങ്ങുന്നതോര്‍ത്ത്. കൃഷ്ണമണിയ്ക്കും കണ്‍പോളയ്ക്കുമിടയില്‍ എന്നേരവും നീ തുടിയ്ക്കുന്നതോര്‍ത്ത്. എന്‍റെ ഏറ്റവും ദൃഡമായ പ്രതിജ്ഞ നിന്‍റെ നാമത്തിലാണെന്നതോര്‍ത്ത്‌. നിനക്കഹങ്കരിക്കാം! എന്‍റെ രാത്രികള്‍ നിന്നെക്കുറിച്ചാണെന്നതോര്‍ത്ത്; എന്‍റെ പകലുകള്‍ നിന്നെക്കുറിച്ചാണെന്നതോര്‍ത്ത്. നിനക്കഹങ്കരിക്കാം! ആ അഹങ്കാരവും എനിക്കഭിമാനമെന്നതോര്‍ത്ത്!