Jyothy Sreedhar

നിദ്രകള്‍ അരോചകമാണ്

നിദ്രകള്‍ അരോചകമാണ്. അവയിലെ സ്വപ്നങ്ങളായി നീ വന്നില്ലെങ്കിലോ എന്നോര്‍ക്കും. നിന്നോടോപ്പമാകുന്ന നിമിഷങ്ങളില്‍ ഒന്നു കുറഞ്ഞാലും എനിക്ക് ദുഃഖമാണ്.

നിമിഷങ്ങളുടെ കണക്കുകൂട്ടലില്‍ വ്യാസം കുറിക്കാനാകാതെ ചിലത് അമ്പരക്കുന്നത് കാണാം. നീ കൂടെയുള്ള നിമിഷങ്ങള്‍ക്ക് ദിനങ്ങളുടെ, വര്‍ഷങ്ങളുടെ വ്യാപ്തിയുണ്ട് എന്നവയ്ക്കറിയാം. അവയെ നിമിഷങ്ങളായെണ്ണുക അസാദ്ധ്യമാണ്. പകല്‍ ആവേശമാണ്- നിന്‍റെ വാക്കുകള്‍, എന്‍റെ കുറുകല്‍. നിന്‍റെ ആജ്ഞകള്‍, എന്‍റെ പുഞ്ചിരികള്‍. നിന്‍റെ ചോദ്യങ്ങള്‍, എന്‍റെ നിശബ്ദത. പിന്നെ, പറയാതെ അറിയുന്ന പ്രണയം. വാതോരാതെ കുറിയ്ക്കുന്ന കവിതകള്‍. പറഞ്ഞിട്ടും തീരാതെ കഥകള്‍. ഇനിയും എത്രയോ! ഒരു ജന്മത്തെക്കാളേറെ പങ്കുവയ്ക്കാനുണ്ട്. അവസാന നിമിഷങ്ങളിലോര്‍ക്കാന്‍ ഓര്‍മ്മകളെ വാരിക്കൂട്ടേണ്ടതുണ്ട്. അവയെ നിധികളായ് സമാഹരിക്കേണ്ടതുണ്ട്. നിന്‍റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരികള്‍ എന്‍റെ ചുണ്ടിന്‍റെ അവസാന നനവായ്, എന്‍റെ ജീവന്‍റെ അവസാന തുടിപ്പായ്, എന്‍റെ അവസാനഭാവമായ് മാറ്റേണ്ടതുണ്ട്. നിദ്രകള്‍ അസൂയ നിറഞ്ഞ നുഴഞ്ഞുകയറ്റക്കാരാണ്. പ്രണയത്തിന്‍റെ രാത്രികളില്‍ അവ കയറിവരുമ്പോള്‍ സ്വപ്നങ്ങളേക്കാള്‍ ഭംഗിയുള്ള നീയെന്ന യാഥാര്‍ത്ഥ്യത്തെ ഗാഢമായ് പുണര്‍ന്ന്‍ ഞാന്‍ നില്‍ക്കാറുണ്ട്. എനിക്ക് സ്വപ്‌നങ്ങള്‍ വേണ്ട. മാറ്റുവാന്‍ ക്ഷീണവുമില്ല. ദേഹത്തില്‍ യുവത്വവും മനസ്സില്‍ ആവേശവുമാണ്. നിദ്രകള്‍ക്ക് ഇനിയുമെന്തു കാര്യം!