പിരിയുന്നെന്നു പറഞ്ഞോ പറയാതെയോ, നാമകലുന്നൊരു ദിനമുണ്ടാകുമോ, നാളെയുടെ ജാതകത്തില്‍?
ഉണ്ടെങ്കില്‍, നമുക്ക് വേഗത കുറയ്ക്കാം. ഈ ജന്മം ഇന്നിലെയ്ക്ക് ചുരുക്കാം.
നീയില്ലാതിരുന്ന ഇന്നലെകള്‍ എന്‍റെ ഓര്‍മ്മയിലില്ല. ഒരു തിരിച്ചുപോക്കുണ്ടെങ്കില്‍ ഇന്നലെകളിലെ എന്നെ ഞാന്‍ മറന്നിരിക്കുന്നുവെന്നത് എന്‍റെ അസ്തിത്വത്തിന്‍റെ വേദനയാകും. നീ എന്നില്‍ ആഴ്ന്നിറങ്ങി, ഞാനായ് എന്നോ ലയിച്ചിരിക്കുന്നു. നിന്നെ വലിച്ചെടുക്കുമ്പോള്‍, ഹൃദയമിടിപ്പുകള്‍ നിലയ്ക്കാതിരിക്കുക ബുദ്ധിമുട്ടാണ്.
പോകാതിരിക്കുക. ഇക്കാണുന്ന മഴയുടെ ഞാനറിയുന്നയാത്മാവ് നീയാകണം. അല്ലെങ്കില്‍, മഴയും എനിക്കപരിചിതമാകും. മഴയെ നിന്‍റെ നാമത്തില്‍ വിളിച്ച് ശീലമായിരിക്കുന്നു.
പോകാതിരിക്കുക. ഇന്ന് മനസ്സിലത്രയും, നാം പറത്തിയ അപ്പൂപ്പന്‍താടികള്‍; ചേര്‍ത്തണച്ച കൈകള്‍ ബാക്കിവച്ച നമ്മുടെ കയ്യിലെ ചുവപ്പ്; നമുക്കിടയില്‍ ഇണചേര്‍ന്ന ശ്വാസനിശ്വാസങ്ങള്‍; പങ്കുവച്ച് അര്‍ദ്ധമാകാത്ത പൂര്‍ണ്ണചുംബനങ്ങള്‍; നിര്‍ത്താതെ പിടയ്ക്കുന്ന എന്‍റെ ഇടംമിഴിത്തടം; എന്നില്‍ പാടുന്ന നിന്‍റെ ശബ്ദം; നിനക്കായ് മാത്രമെഴുതിയ, കുസൃതിയോടെ, നിനക്കായ് നീട്ടിയ, എന്‍റെ പ്രണയകാവ്യങ്ങള്‍; സ്വപ്നങ്ങളില്‍ നിറയുന്ന പ്രണയം; പിന്നെ അതില്‍ നിന്ന് മെല്ലെ വിളിച്ചുണര്‍ത്തുന്ന പ്രണയം. നിദ്രകളില്‍ പുണരുന്ന പ്രണയം.
പോകാതിരിക്കുക. എന്‍റെ ചിന്തകളില്‍ നീയുണ്ടാകണം. വേട്ടയാടാന്‍ ഞാന്‍ എന്തും സമര്‍പ്പിക്കാം, എന്‍റെ ദേഹീദേഹങ്ങളടക്കം, എന്‍റെ ദിനരാത്രങ്ങളടക്കം, എന്‍റെയോരോ നിമിഷമടക്കം. നീയെന്ന അസ്വസ്ഥത എനിക്കത്രമേല്‍ ഭ്രമമാണ്. അതില്ലാതെ വയ്യ!
ഓര്‍ക്കുമ്പോള്‍, വായുവില്‍ നിന്നെ ഞാന്‍ ചേര്‍ത്തണച്ചുപോകുന്നു, പിളരുന്ന വേദനയോടെ; കാലം പിരിയ്ക്കാത്തവണ്ണം.
പോകാതിരിക്കുക! നീയെന്നില്‍ അത്രയും ആഴത്തില്‍, ഞാനായ് ലയിച്ചിരിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഇന്നില്‍, വേഗം കുറച്ച്, നമുക്ക് ഒന്നായിരിക്കാം. ഭ്രാന്തമായ് പ്രണയിക്കാം. നിറഞ്ഞു പുഞ്ചിരിക്കാം. നാളെകളെ ഓര്‍ക്കാതിരിക്കാം. ഈ ജന്മത്തെ നീ കൂടെയുള്ള ഇന്നിലെയ്ക്ക്, ഈ നിമിഷത്തിലേയ്ക്ക്, ചുരുക്കാം.
അത്ര മതി, എനിക്കായുസ്സ്. അത്ര മതി, എനിക്കീജന്മവും.