നാളെ, എന്‍റെ കവിത്വം നരയ്ക്കുമ്പോള്‍ അതിനുള്ളില്‍ നിനക്കായി തിളച്ച കവിതകളെ നീ വായിക്കണം. എന്‍റെ ചിന്താസ്തമയം വരെയുള്ളത്. തലതിരിഞ്ഞവളെന്നു വിളിക്കപ്പെടുന്നതിനാല്‍ എന്‍റെ കവിതകളെ നീ പിന്നിലേക്ക് വായിക്കണം. എന്‍റെ (സാദ്ധ്യതയുള്ള) പക്വതകള്‍ മുതല്‍ തുടങ്ങി എന്‍റെ ചടുലമായ അപക്വതകള്‍ വരെ, പിന്നിലേയ്ക്ക്. വാര്‍ദ്ധക്യത്തില്‍ നിന്ന് മധ്യവയസ്സിലേക്ക് താളുകള്‍ മറിയ്ക്കുമ്പോള്‍, ഒരു സായാഹ്നത്തില്‍ ഒറ്റയ്ക്കിരുന്ന് പുറകിലെ കരിഞ്ഞ മരത്തിലേയ്ക്ക് ചാഞ്ഞ സ്ത്രീയെ നീ കാണും. അകലേയ്ക്ക് നീണ്ട അവളുടെ കുഴിഞ്ഞ കണ്ണുകളില്‍, തൂങ്ങിയതെങ്കിലും കൂര്‍പ്പിച്ച കാതുകളില്‍, അവള്‍ക്ക് സമൂഹത്തോടുള്ള ഭയം നിനക്കു വ്യക്തമാകും. അവളെ പാഴ്ജന്മം എന്ന് വിളിക്കരുത്. ആ വാക്ക് അവള്‍ക്കു പരിചിതമെങ്കിലും നിന്‍റെ ശബ്ദത്തില്‍ അവള്‍ക്കത് നോവും. പിന്നിലേയ്ക്കുള്ള താളുകളില്‍, നിന്‍റെ പ്രണയമേറ്റ് പൂര്‍ണ്ണചന്ദ്രനെപോലെ പുഞ്ചിരിച്ച് അതിന്‍റെ പ്രതിബിംബം നിളയില്‍ കണ്ട കഥകളുണ്ടാകും. വസന്തത്തിലെ ഓരോ പൂവും വര്‍ഷത്തിലെ ഓരോ തുള്ളിയും അവളുടെ കവിതകള്‍ക്ക് അഴക് ചാര്‍ത്തിയിരിക്കും. കുപ്പിവളകള്‍ കിലുങ്ങും പോലെ അവളുടെ പൊട്ടിച്ചിരികളുണ്ടാകും. കാരണം, അവിടെ നിന്നോടുള്ള പ്രണയം അവളില്‍ പൂത്തുലഞ്ഞിരുന്നു. പരുഷമായ പുറംചട്ടയ്ക്കു പിന്നില്‍ നിന്ന് തെല്ലു ലജ്ജയോടെ നിന്‍റെ മുഖം നോക്കിയ അവളുടെ സ്ത്രീത്വത്തിന്‍റെ നൈര്‍മ്മല്യമുണ്ടാകും. മഞ്ഞുകാലത്തില്‍ നിന്‍റെ ചുടുസ്പര്‍ശം കൊതിച്ചുമയങ്ങിയ അവളുടെ പ്രണയാര്‍ദ്രതയുണ്ടാകും. നിന്‍റെ പ്രണയം ഒരു കരവലയം തീര്‍ത്ത് അവളെ അനുഗമിച്ചതായി അവള്‍ എഴുതിയിരിക്കും, പലവട്ടം. നിനക്ക് അഹങ്കരിക്കാന്‍ അവളുടെ പ്രണയത്തിലെ ആ പൂര്‍ണ്ണത മതിയാകും. നിന്നെക്കുറിച്ച് അവള്‍ കണ്ട സ്വപ്നങ്ങള്‍ അവളുടെ അപക്വതകളെ വിളിച്ചോതിയേക്കാം. അവളോട് ക്ഷമിക്കുക; അവള്‍ നിസ്സാരയാണ്. നീയടക്കമുള്ള ദൌര്‍ബല്യങ്ങളോട് കൂടിയവള്‍. അവഗണനയെ ഭയക്കുന്നവള്‍. അതിനെ താണ്ടാന്‍ ത്രാണിയില്ലാത്തവള്‍. വരും കാലത്തില്‍ നീയില്ലെങ്കിലെന്നോര്‍ത്ത് സദാനേരവും ആശങ്കപ്പെടുന്നവള്‍. വെറും പെണ്ണ്‍. അപ്പോഴും ദുര്‍ബലയെന്നു വിളിച്ച് അവളെ പരിഹസിക്കരുത്. പകരം, അവളുടെ ആത്മാവിനെ അവള്‍ കുടിയിരുത്തിയ ആ കവിതാതാളുകളെ നെഞ്ചില്‍ കമഴ്ത്തി വച്ച്, അതിനു പരിചിതമായ നിന്‍റെ നെഞ്ചിലെ ചൂട് പകര്‍ന്ന് ആ കവിതകളെ നീയുണര്‍ത്തുക. അവള്‍ക്ക് പുനര്‍ജ്ജന്മമേകുക.