Jyothy Sreedhar

നനവ്‌

എന്‍റെ കണ്‍കോണിലെ
ഒരിക്കലും ഉണങ്ങാത്ത
ഇത്തിരി നനവിലായിരുന്നു
നിന്നോടുള്ള എന്‍റെ പ്രണയം
തളംകെട്ടിയിരുന്നത്.

ആ നനവിലായിരുന്നു
എന്‍റെ ചെറുമഴകള്‍ക്കും
വര്‍ഷകാലങ്ങള്‍ക്കും തുടക്കം.
എന്‍റെ വികാരാധിക്യങ്ങള്‍ക്കും
കണ്ണീരുറവകള്‍ക്കും ഒടുക്കം.
ലോകത്തിലേയ്ക്കുള്ള എന്‍റെ ദൃഷ്ടി.

നിന്നെ കാഴ്ചകളായുള്‍ക്കൊണ്ട
കണ്‍കോണിലെ പ്രണയാര്‍ദ്രതയാണ്
നിന്നിലേക്കെത്തിയിട്ടും,
നീ വായിക്കാതിരുന്ന
എന്‍റെ സന്ദേശങ്ങള്‍.

ഇന്നലെയായിരുന്നു
നീ എന്നെ കണ്ടതും,
ഒരു ശൂന്യമായ കടലാസില്‍
ഞാന്‍ എന്തോ എഴുതാന്‍ ശ്രമിച്ചതും,
വര്‍ഷങ്ങള്‍ തിങ്ങിയ
കണ്‍കോണില്‍ നിന്നപ്പോള്‍
ഒരു തുള്ളി അടര്‍ന്നു വീണ്
കടലാസില്‍ പതിച്ചതും,
ഒന്നും എഴുതാനാവാതെ
ആ തുള്ളിയോടെ ചുരുട്ടി
ആ കടലാസു ഞാന്‍ തന്നതും,
അതിലെ തുള്ളിയില്‍
അമ്പരപ്പോടെ കയ്യോടിച്ച്
ആ നനവിനെ നീ സ്വന്തമാക്കിയതും.