Jyothy Sreedhar

നക്ഷത്രക്കൂട്ട്‌

ആ നക്ഷത്രം നോക്കി നമുക്കിരിക്കാം, വെളുക്കുവോളം. നീ വരുന്നതിനു മുന്‍പ്, എന്‍റെ കളിത്തോഴിയായ് അവള്‍ കൂട്ടിരിക്കാറുണ്ട്. പ്രണയകുസൃതികള്‍ പറഞ്ഞ് എന്നെ ലജ്ജിപ്പിക്കാറുണ്ട്. സൂര്യനില്‍ നിന്ന് കട്ടെടുത്ത ഇത്തിരിവെളിച്ചം റാന്തലായ് വച്ച്, എന്‍റെ പ്രണയകവിതകളില്‍ നിന്ന് ഇരുട്ടിനെ വിലക്കാറുണ്ട്. ഇന്ന് നമുക്കവള്‍ക്കായ് കൂട്ടിരിക്കാം.

നിന്‍റെ കൈക്കുള്ളില്‍ എന്‍റെ കൈയൊതുങ്ങുന്നതും, നിന്‍റെ തോളില്‍ എന്‍റെ കവിള്‍ ചേരുന്നതും, ഇളംകാറ്റില്‍ പാറുന്ന എന്‍റെ അഴിഞ്ഞ മുടിയിഴകളെ നീ വിരലുകള്‍ കൊണ്ടൊതുക്കുന്നതും, എന്‍റെ നെറ്റിയില്‍, കവിളില്‍, എന്‍റെ അലസമായടഞ്ഞ കണ്‍പോളയില്‍, നിന്‍റെ ചുംബനം പതിക്കുന്നതും അവള്‍ നോക്കിയിരിക്കും. നീ വരുന്നതിനു മുന്‍പ്, അവളോടു ചൊല്ലിയ സ്വപ്നങ്ങളെ ദൃശ്യങ്ങളായ് കണ്ടവള്‍ ചിരിക്കും. ഇടയ്ക്ക് നാണം കൊണ്ട് ചുവക്കും, ലജ്ജ കൊണ്ട് മുഖം പൊത്തും. നോക്കില്ലെന്നു കളിപറഞ്ഞു കണ്ണുചിമ്മും.

അവളിലുള്ള ഇത്തിരിവെട്ടത്തിലാണ് എന്‍റെ സ്വപ്‌നങ്ങളാദ്യമായ് തിളങ്ങിയത്. എന്‍റെ ചിന്തകളെ കീഴടക്കാന്‍ ഒരു നാള്‍ നീ വരുമെന്ന് ഉറപ്പോടെ പറഞ്ഞതുമവളാണ്. നീ വരുമ്പോള്‍, മഴയില്ലെങ്കിലും, നിലാവില്ലെങ്കിലും, ഇടിമുഴക്കമില്ലെങ്കിലും, കണ്ണുചിമ്മി, ആരുമറിയാതെ, നിന്‍റെ വരവ് എന്നെയറിയിക്കുമെന്ന് ശാഠ്യം പിടിച്ചതവളാണ്. എന്‍റെ സ്വപ്നത്തിന്‍റെ റാന്തലായ് നീ വരുവോളം കൂട്ടിരുന്നതവളാണ്. കാത്തിരുന്നു നിരാശയിലാഴുമ്പോള്‍, നാളെ നീ വരുമെന്ന് പറഞ്ഞെന്നെ ഉറക്കിയതുമവളാണ്.

ആ നക്ഷത്രം നോക്കി നമുക്കിരിക്കാം, വെളുക്കുവോളം. അതിനു തന്ത്രികളുണ്ട്. എന്‍റെ പ്രണയഗാനങ്ങള്‍ മീട്ടിയ സ്വപ്നതന്ത്രികള്‍. കാതോര്‍ത്താല്‍, നിനക്കും കേള്‍ക്കാം. കുഞ്ഞുതാരത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ആര്‍ദ്രമായ കവിതകള്‍ പോലെ, എന്‍റെ സന്ദേശങ്ങളുമുണ്ട്- വെളുക്കുവോളം നിന്നെ മാത്രം കണ്ടും, കേട്ടും, പ്രണയിച്ചും, ആത്മാവോളമിറങ്ങിയെഴുതിയ എന്‍റെ തുറന്നെഴുത്തുകള്‍. എന്‍റെ കാവ്യങ്ങള്‍ ആ തന്ത്രികളില്‍ ലയിച്ചുവെന്നവളറിയിച്ചതാണ്. ആ ലയനം അവളുടെ ജീവസ്സാണെന്ന്‍ ഹൃദയം തൊട്ടവള്‍ പറഞ്ഞിരുന്നു.

ഈ പ്രപഞ്ചത്തില്‍ മറ്റെവിടെ ഞാന്‍ കാവ്യങ്ങളെഴുതും, സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കും, അവളിലല്ലാതെ? അവള്‍ മരിയ്ക്കുവോളം വാക്കും ശബ്ദവും ഭദ്രമാണ്. സൂര്യന്‍റെ ഇത്തിരിവെട്ടം എനിക്കായ് കവര്‍ന്നെടുത്ത് ഒരു ജ്വാലയായതിനെ അവളെന്നും കാക്കും, നാമൊരുമിച്ചിരിക്കുന്ന- യീ ദൃശ്യമടക്കം.

ഒരു ശ്വാസദൂരത്തൊന്നിച്ചിരുന്ന്‍ ആ നക്ഷത്രം നോക്കി നമുക്ക് പിന്നിടാം- രാത്രികള്‍, കാലങ്ങള്‍, ഈ ആയുസ്സും. ആ നക്ഷത്രം നോക്കി നമുക്കിരിക്കാം, വെളുക്കുവോളം, നാം മരിയ്ക്കുവോളം...