ഞാന്‍ കാണുന്ന മേഘങ്ങള്‍ക്കും മുകളില്‍ സ്വര്‍ഗ്ഗം- അങ്ങനെ പറയപ്പെടുന്നു. അത് സീരിയലില്‍ കണ്ട ദൈവത്തിന്‍റെ സെലിബ്രിടി ബംഗ്ളാവ് പോലെ... എന്നോ... ഞാന്‍ അവിടെ ആയിരുന്നില്ലേ? ഓര്‍മയില്‍ വീഗാലാന്‍ഡിലെ (പേരറിയാത്ത) തെന്നിയോടുന്ന റൈഡ് പോലെ എന്തോ ഒന്നില്‍ എന്നെ ഇരുത്തി ഓടിയതാര്? (നീയാണ്... പക്ഷെ പറയുന്നില്ല.) അന്നേരം പിറവി എന്ന് ആരോ പറഞ്ഞതായോര്‍മ്മ! ഉയരത്തില്‍ നിന്ന് ഞാന്‍ തെന്നി വീണു. ('ആത്മ'ഹത്യ ചെയ്യില്ലെന്ന് പറഞ്ഞതില്‍ കോപിച്ച് നീ തള്ളിയിട്ടതെന്നറിയാം... പക്ഷെ പറയുന്നില്ല.) വെള്ളത്തിലേക്കെന്നു കരുതി ഞാന്‍ വീണത് നരകത്തിലേക്ക്! സ്കൂളില്‍ പഠിച്ചു- അതിന് ഭൂമിയെന്ന് പര്യായം. ലോകം എന്ന് നാനാര്‍ത്ഥം! വീണതും ഞാന്‍ പൊട്ടിക്കരഞ്ഞു. ചുറ്റും ചിരി, മുകളില്‍ പൊട്ടിച്ചിരി! (-അതും നീ! പറയുന്നില്ല!) ആ വീഴ്ചയില്‍ പറ്റിയ പരിക്ക് എന്‍റെ കൈയിന്റെയത്ര നീളത്തില്‍ ഇതാ. അതില്‍ ചീന്തപ്പെട്ട തൊലി സ്വര്‍ഗ്ഗ കവാടത്തില്‍ കിടപ്പുണ്ട്, ഒരു മൂര്‍ഖന്റെ പൊഴിഞ്ഞ പടം പോലെ. ഒരു വീഴ്ചയുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടം! തിരികെച്ചെന്ന് തിരയാന്‍ എളുപ്പമാണ്. സ്ഥലം ഞാന്‍ നോക്കിവച്ചിരുന്നു- ആദാമിന്‍റെ പിഴുതപ്പെട്ട ബുദ്ധിയുടെ അപ്പുറത്ത്, ഹവ്വ ചവച്ചിട്ട ആപ്പിള്‍ക്കുരുവിന്റെ ഉണങ്ങിയ ശവത്തിനിപ്പുറത്ത്. തൊട്ടരികില്‍ സാത്താന്‍റെ ഒരു രോമഭാഗവും കണ്ടു. അവിടെയാണ് എന്‍റെ 'പടം'. എന്‍റെ കയ്യിലെ പരിക്കിനു നടുവില്‍ പഴുപ്പ്. അരികില്‍ പൊറ്റ, പിന്നെയും അരികില്‍ ചോരക്കണം. അവിടവിടെ ചെളി. കൊള്ളാം! നല്ല മഴവില്ല്- സ്വര്‍ഗത്തിന്‍റെ മുദ്ര പോലെ! അപ്പോള്‍ അത് ഞാന്‍ വീണതു തന്നെ! അങ്ങനെയെങ്കില്‍, ദൈവം അറിയുവാന്‍ : ദൈവമേ, നീ കണ്ടതില്ലയോ, നിന്റെ സ്വര്‍ഗ്ഗത്തിലെ തുള! പിന്നെ തെന്നിവീഴാനുള്ള ചെളി! പരിശോധകരില്ലെന്നു നീ അഹങ്കരിക്കരുത്! ഒരു വീര'വര്‍മ്മ'യുടെ പണത്തിന്‍റെ ശവം മതി നടപടിയെടുക്കാന്‍! , അതു പതിവുണ്ട്! സൃഷ്ടിസ്ഥിതിസംഹാരത്തില്‍ നീ കൈവിട്ടത് ഒരു ബക്കറ്റ് ഗംഗയും ഒരു കല്പവൃക്ഷത്തിന്റെ ചൂലുമോ! തിരയുക. ഹാ! കഷ്ടം! ചുറ്റും നോക്കുക. മാലിന്യം സംസ്കരിക്കുക. തുടച്ചു വൃത്തിയാക്കുക, നീ നിന്റെ സ്വര്‍ഗ്ഗത്തെ! ആരുമിനി തെന്നിവീഴാതിരിക്കട്ടെ! പിറവിയെന്ന വ്യാജനാമത്തില്‍! തുളയിലൂടെ വെളിച്ചം കാണിച്ച് നീ ഒരു മൂരാച്ചിയെന്ന്‍ ഓര്‍മിപ്പിക്കാതിരിക്കുക. നിന്റെ ഹൃദയത്തിലെ ഒരു കല്ലെങ്കിലുമെടുത്ത് ആ തുളയടയ്ക്കുക! എന്ന്, വിനീത നിഷേധ. (ഒപ്പ്).